വളര്‍ത്തു നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയില്‍

മെംഫിസ് (ടെന്നസി): വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെടുകയും മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ബുധനാഴ്ച ടെന്നസി നോര്‍ത്ത് മെംഫിസിലായിരുന്നു സംഭവം. അകാരണമായി പ്രകോപിതരായ നായ്ക്കളുടെ ആക്രമണം രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടേയും അഞ്ചു മാസം പ്രായമുള്ള ആണ്‍കുട്ടിയുടേയും ജീവന്‍ അപഹരിച്ചതെന്ന് ഷെല്‍ബി കൗണ്ടി ഷറീഫ് ഓഫിസ് അറിയിച്ചു.

ശരീരമാസകലം കീറി മുറിക്കപ്പെട്ട കുട്ടികള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായും, നായ്ക്കളുടെ ആക്രമണത്തില്‍ രക്തം വാര്‍ന്ന് ശരീരം മുഴുവന്‍ ഗുരുതരമായി പരുക്കേറ്റ മാതാവിനെ മെംഫിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു പിറ്റ്ബുള്‍ നായ്ക്കളാണ് കുട്ടികളെ ആക്രമിച്ചതെന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് മാതാവിനു കടിയേറ്റതെന്നും പൊലീസ് പറഞ്ഞു. നായ്ക്കളെ പിന്നീട് അനിമല്‍ കണ്‍ട്രോള്‍ കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ചു അന്വേഷിക്കുകയാണെന്നും കേസെടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷറീഫ് ഓഫീസ് അറിയിച്ചു. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ എപ്പോളാണ് പ്രകോപിതരാകുക എന്നു പറയാനാകില്ലെന്നും കുട്ടികളെ തനിച്ചു വിടുന്നവര്‍ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നല്‍കി.

 

Print Friendly, PDF & Email

Leave a Comment

More News