വിഘ്‌നേഷ് – നയന്‍‌താര ദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു

സം‌വിധായകന്‍ വിഘ്നേഷ് ശിവനും നടി നയൻതാരയ്ക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ സന്തോഷം വിഘ്നേഷ് ശിവനാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. രണ്ടും ആണ്‍കുട്ടികളാണ്.

വാടക ഗർഭധാരണത്തിലൂടെയാണ് താരങ്ങൾക്ക് കുട്ടികൾ പിറന്നതെന്നാണ് റിപ്പോർട്ട്. “ഞാനും നയനും അമ്മയും അച്ഛനും ആയി… ഞങ്ങൾക്ക് രണ്ട് ആൺകുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കപ്പെട്ടു,” എന്നാണ് വിഘ്നേഷ് കുറിച്ചത്. ഉയിർ, ഉലകം എന്നാണ് കുട്ടികളെ വിഘ്നേഷ് ശിവൻ വിശേഷിപ്പിച്ചിരിക്കുന്നത്.

“നങ്ങളുടെ എല്ലാ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും എല്ലാ നല്ല ഘടകങ്ങളും ചേർന്ന് രണ്ട് അനുഗ്രഹീത ശിശുക്കളുടെ രൂപത്തിൽ ഞങ്ങളിലേക്ക് എത്തിയിരിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾ ആഗ്രഹിക്കുന്നു… ഞങ്ങളുടെ ഉയിരും ഉലകവും….. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു… ദൈവം വലിയവനാണ്….” വിഘ്നേഷ് ശിവൻ കുറിച്ചു. നിരവധി പേര്‍ താര ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

നയൻതാരയ്ക്കും വിഘ്‌നേഷിനും കുഞ്ഞ് ജനിക്കുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നയൻതാര പുതിയ ചിത്രങ്ങളിൽ കരാറൊപ്പിട്ടില്ല എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജൂണിലാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.

സാധാരണയായി ബോളിവുഡിലാണ് താരങ്ങൾ വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്.

നടി പ്രീതി സിന്റ അടുത്തിടെ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. നടി പ്രിയങ്ക ചോപ്രയും വാടക ഗർഭധാരണത്തിലൂടെ മകൾക്ക് ജന്മം നൽകി. ദക്ഷിണേന്ത്യൻ സിനിമയിൽ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളുണ്ടായ ആദ്യ സെലിബ്രിറ്റികളാണ് നയൻസും വിഘ്നേഷും.

നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമോ വീഡിയോ അടുത്തിടെ നെറ്റ്ഫ്ലിക്സ് പങ്കുവെച്ചിരുന്നു. ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. പ്രൊമോയിൽ നയൻതാര പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുന്നതും കാണാം.

ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ ഒമ്പതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വെച്ചായിരുന്നു നയൻതാര-വിഘ്നേഷ് വിവാഹം. വിവാഹ വീഡിയോയായി മാത്രമല്ല ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്.

നയൻതാരയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും വിഘ്നേഷുമൊത്തുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്നുണ്ട്. വീഡിയോ ഉടൻ പുറത്തിറങ്ങാനിരിക്കെയാണ് ഇരുവരുടേയും ജീവിതം ആഘോഷമാക്കാൻ പുതിയ രണ്ട് അതിഥികൾ കൂടി വന്നിരിക്കുന്നത്. വിവാഹശേഷവും നയൻതാരയും വിഘ്നേഷ് ശിവനും സിനിമയിൽ സജീവമാണ്.

കാത്ത് വാക്ക്ലെ രണ്ട് കാതൽ ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത വിഘ്നേഷ് ശിവൻ സിനിമ. ചിത്രത്തിൽ നയൻതാരയും സാമന്തയുമായിരുന്നു നായികമാർ. വിജയ് സേതുപതിയാണ് നായകവേഷം ചെയ്തത്. മലയാളത്തിൽ നിന്നും തമിഴിലേക്ക് പോയി തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി മാറിയ നയൻതാരയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമ ​ഗോഡ്ഫാദറാണ്.

ചിരഞ്ജീവിയാണ് ചിത്രത്തിലെ നായകൻ. ബോളിവുഡ് താരം സൽമാൻ ഖാനും ചിത്രത്തിന്റെ ഭാഗമാണ്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായിരുന്നു ഗോഡ്ഫാദർ. പൃഥ്വിരാജാണ് ലൂസിഫർ സംവിധാനം ചെയ്തത്.

Print Friendly, PDF & Email

Leave a Comment

More News