വടക്കഞ്ചേരി ബസ്സപകടം: നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉടൻ റദ്ദാക്കി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി

എറണാകുളം: നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും ഫിറ്റ്‌നസ് റദ്ദാക്കാനും ഡ്രൈവറുടെ ലൈസൻസ് ഉടൻ സസ്‌പെൻഡ് ചെയ്യാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ണ്ണായക ഇടക്കാല ഉത്തരവ്.

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന അനധികൃത ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ, ഗ്രാഫിക്സ്, കൂട്ടിച്ചേർക്കലുകൾ എന്നിവയുള്ള വാഹനങ്ങൾ കണ്ടുകെട്ടണം. പിടികൂടിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കാനും ഡ്രൈവറുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യാനുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

നിയമലംഘനം നടത്തിയ വാഹനങ്ങൾ വിനോദയാത്രയ്ക്കായി ഉപയോഗിച്ചാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേലധികാരികൾക്കെതിരെയും നടപടി എടുക്കണം. ടൂർ ഇൻചാർജുമാരായ അധ്യാപകരടക്കം നടപടി നേരിടേണ്ടി വരും. കൂടാതെ ഇത്തരം കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ നടപടി എടുക്കാനും ജസ്‌റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു.

എം.ഇ എസ് കോളജിൽ നിന്നും ടൂറിനു പോയ ബസ് പിടിച്ചെടുത്ത സംഭവത്തിൽ സ്വീകരിച്ച നടപടികളിന്‍മേല്‍ റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി നിർദേശം നൽകി. വടക്കഞ്ചേരി അപകടം സംബന്ധിച്ച റിപ്പോർട്ടുകൾ മോട്ടോർ വാഹന വകുപ്പും പൊലീസും കോടതിയിൽ സമർപ്പിച്ചിരുന്നു.

ആലത്തൂർ ഡി.വൈ.എസ്.പി കോടതിയിൽ നേരിട്ട് ഹാജരായി. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ ലംഘിച്ച് വാഹനങ്ങൾ പൊതുനിരത്തിൽ ഇറങ്ങരുതെന്ന് കർശന നിർദേശം നൽകി. കേസ് ഒക്ടോബർ 14ന് വീണ്ടും പരിഗണിക്കും.

Print Friendly, PDF & Email

Leave a Comment

More News