സാമൂഹ്യസേവനത്തിന്റെ പേരില്‍ കോടികൾ സമാഹരിച്ച റാണ അയ്യൂബ് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി: ഇ.ഡി.

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിവാദ മാധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഗാസിയാബാദ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പൊതുജനങ്ങളെ കബളിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് റാണ അയ്യൂബ് പണപ്പിരിവ് നടത്തിയതെന്നാണ് ഇഡി പറയുന്നത്. 2021-ൽ ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഏജൻസി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്.

‘കെറ്റോ’ പ്ലാറ്റ്‌ഫോം വഴി ചാരിറ്റിയുടെ പേരിൽ ഫണ്ട് സ്വരൂപിക്കാൻ റാണ അയ്യൂബ് പ്രചാരണം നടത്തിയെന്നും അതിലൂടെ സാധാരണക്കാരെ വഞ്ചിച്ചെന്നുമാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, റാണ മൂന്ന് തരം ഫണ്ട് സമാഹരണം നടത്തിയിരുന്നു. 2020 ഏപ്രിൽ-മെയ് മാസങ്ങളിൽ കർഷകർക്കും ചേരി നിവാസികൾക്കുമുള്ള ഫണ്ട്, 2020 ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ അസം, ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, 2021 മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ കൊവിഡ് ബാധിതർക്കുള്ള ഫണ്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മൂന്ന് ഓപ്പറേഷനുകളിലൂടെ റാണ അയ്യൂബിന് 2.69 കോടി രൂപ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 80.49 ലക്ഷം രൂപ വിദേശ കറൻസിയാണ്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) ലംഘിച്ചുവെന്നാരോപിച്ച് ആദായനികുതി വകുപ്പ് തനിക്കെതിരെ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് റാണാ അയ്യൂബ് വിദേശ ഗ്രാന്റ് തിരികെ നൽകിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്ന് ശേഖരിച്ച പണം അയ്യൂബിന്റെ പിതാവിന്റെയും സഹോദരിയുടെയും അക്കൗണ്ടിലേക്ക് വന്നതായും പിന്നീട് അത് തന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായും ഇഡി പറയുന്നു. തുടർന്ന് ഫണ്ട് ഉപയോഗിച്ച് 50 ലക്ഷം രൂപയുടെ എഫ്ഡി ഉണ്ടാക്കി പുതിയ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ കൂടി അയച്ചു.

2.5 കോടിയിൽ 29 ലക്ഷം രൂപ മാത്രമാണ് റാണാ അയ്യൂബ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ കൂടുതൽ ചെലവ് കാണിക്കാൻ വ്യാജ ബില്ലുകളും സമർപ്പിച്ചതായും ഇഡി പറയുന്നു. ജനങ്ങളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് റാണാ അയ്യൂബ് പണപ്പിരിവ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അന്വേഷണ ഏജൻസി പറയുന്നു. അതേസമയം, പണം കുറ്റമറ്റതായി കാണിക്കാൻ ശ്രമിച്ചതായും ഏജൻസി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News