‘തുഞ്ചൻ കളരി’യിലെ ‘ഗാന്ധാരി വിലാപം’

ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ, ഡിപ്പാർട്മെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസുമായി യോജിച്ചുകൊണ്ട്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) സംഘടിപ്പിച്ച 12-മത് പ്രാദേശിക സാഹിത്യ സമ്മേളനത്തിന്റെ ഉൽഘാടന വേദിയിൽ ആണ് ‘ഗാന്ധാരി വിലാപം’ മോഹിനിയാട്ടം അരങ്ങേറിയത്. ശ്രീമതി ദിവ്യ വാര്യർ (ദിവ്യം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, ഓസ്റ്റിൻ) ആണ് ഗാന്ധാരിയെ രംഗത്ത് അവതരിപ്പിച്ചത്. ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാൽ വിരചിതമായ മഹാഭാരതം കിളിപ്പാട്ടിലെ സ്ത്രീ പർവ്വത്തിൽനിന്നാണ് ഗാന്ധാരി വിലാപം എന്ന ഭാഗം. ‘തുഞ്ചൻ കളരി’ എന്ന നാമകരണത്തിൽ തിരശ്ശീലയുയർന്ന ലാനയുടെ സാഹിത്യ സമ്മേളനത്തിന് ഉചിതമായതായിരുന്നു എഴുത്തച്ഛന്റെ തന്നെ ഗാന്ധാരീവിലാപം എന്ന കഥാഭാഗം.

കഥാതന്തു ഇങ്ങനെ:- ശിവഭക്തയായ ഗാന്ധാരി സന്ധ്യാസമയ പൂജക്ക് ശേഷം തന്റെ തോഴികളോട് ദുര്യോധനൻ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് തിരികെയെത്തിയോ എന്ന് അന്വേഷിക്കുന്നു. മകൻ ഇതുവരെ എത്തിയിട്ടില്ല എന്നറിയുന്ന ആ അമ്മ വ്യാകുലപ്പെടുകയാണ്. തുടർന്ന്, തന്നെ യുദ്ധരംഗത്തേക്ക് ആനയിക്കാനായി അവർ തന്റെ തോഴികളോട് ആവശ്യപ്പെടുന്നു. യുദ്ധഭൂമിയിലെത്തിയ ഗാന്ധാരി ദുര്യോധനന്റെ ദയനീയാന്ത്യം അറിയുകയും, അവസാനമായി മകനെ ഒന്നുകാണുവാനായി ആ അമ്മ തന്റെ കണ്ണിന്റെ കെട്ടുകൾ അഴിക്കുന്നു. കുരുക്ഷേത്രഭൂമിയിലെ ദുരന്ത ദൃശ്യങ്ങൾ കണ്ടുകൊണ്ട് കൃഷ്ണനോട് വിലപിക്കുകയാണ് ഗാന്ധാരി. മരിച്ചുകിടക്കുന്ന സ്വന്തം മരുമകന്റെ ശരീരം കണ്ടിട്ടുപോലും നിർവികാരനായി നിൽക്കുന്ന കൃഷ്ണന്റെ മുഖം കണ്ടപ്പോൾ അവരുടെ രോഷം ഇരട്ടിക്കുകയാണ്. അതിനുശേഷം ആ അമ്മ കാണുന്നത് തുടയ്ക്ക് പ്രഹരമേറ്റ് ചേതനയറ്റു കിടക്കുന്ന തന്റെ മൂത്തമകൻ ദുര്യോധനനെയാണ്. അതോടെ യുദ്ധത്തിന്റെ പൂർണമായ ഉത്തരവാദിത്വം ഗാന്ധാരി മാധവനുനേരെ എറിയുകയാണ്. യുദ്ധത്തിന്റെ കാരണക്കാരൻ കൃഷ്ണൻ തന്നെ എന്ന് വിധിച്ചുകൊണ്ട് താനനുഭവിച്ച അതേ ദുഃഖം കൃഷ്ണന്റെ കുലത്തിലെ സ്ത്രീകൾക്കും ഉണ്ടാകട്ടെ എന്ന് ഗാന്ധാരി ശപിക്കുന്നതോടെ കഥ അവസാനിക്കുകയാണ്.

നടനം, പ്രത്യേകിച്ചും മോഹിനിയാട്ടം എടുത്തുപറയുമ്പോൾ ഭാവാഭിനയം പരമപ്രധാനമാണെന്നത് ആസ്വാദകർ എന്ന നിലയിൽ എടുത്തുപറയണമെന്ന് തോന്നുന്നു. തന്റെ മുൻപിൽ ഇരിക്കുന്ന സദസ്യർക്ക് താനവതരിപ്പിക്കുന്ന കഥാതന്തു അനുഭവമാക്കിനൽകുക എന്നിടത്താണ് നർത്തകിയുടെ/നർത്തകന്റെ വിജയം എന്നത് ആസ്വാദകരുടെ ഭാഗത്തുനിന്നുനോക്കുമ്പോൾ എടുത്തുപറയേണ്ടത് എന്ന് സൂചിപ്പിക്കട്ടെ. കയ്യെത്തുന്നിടത്ത് മനസ്സും മനസ്സെത്തുന്നിടത്ത് കണ്ണും എത്തുന്ന നാട്യശാസ്ത്ര സിദ്ധാന്തത്തിന്റെ കമനീയാവതരണമായിരുന്നു ലാനയുടെ വേദിയിൽ ‘ഗാന്ധാരി വിലാപം’. കറുത്ത തുണികൊണ്ട് മൂടിയ നീതിദേവതയുടെ ഒരു പ്രതീകം നമുക്ക് പരിചിതമാണ്. അന്ധനായ ഭർത്താവിനോട് നീതിപൂർവമാകാൻ സ്വന്തം കണ്ണുകളുടെ കാഴ്ചമറച്ചുകൊണ്ട് ജീവിച്ച ഗാന്ധാരി എന്ന അമ്മ, കുരുക്ഷേത്ര ഭൂമിയിൽ തന്റെ മക്കളുടെയും മറ്റും ചേതനയറ്റ ശരീരത്തിനുമുന്നിൽ എത്തുമ്പോഴാണ് കണ്ണുമൂടിയ കറുത്ത തുണി അഴിച്ചു മാറ്റുന്നത്. നേരെ ദുരന്ത ഭൂമിയിലേക്ക് കണ്ണുചിമ്മിത്തുറക്കുന്ന ഗാന്ധാരിയുടെ ദൃഷ്ടികൾ തീവ്രമായി മാറിയ ആ നിമിഷങ്ങൾ വികാരപരമായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ഏകദേശം 18-20 മിനിറ്റോളം അരങ്ങത്ത് കണ്ടത് ഗാന്ധാരിയെത്തന്നെ ആയിരുന്നു എന്ന് ഡോ. ഡേവിസ്, ഡോ. ജയകുമാർ IAS, അനിൽ ശ്രീനിവാസൻ, ഗീത രാജൻ, എം. എൻ. നമ്പുതിരി, എം.പി. ഷീല, തുടങ്ങി പ്രശസ്തരായ സാഹിത്യകാർ ഉൾപ്പെട്ട സദസ്യർ അഭിപ്രായം പറയുകയുണ്ടായത് ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. നിരാശയും ദുഖവും പ്രതികാരവും തുടങ്ങി ശാപവചസ്സുകളിലേക്കെത്തുന്ന ഓരോ ഭാവങ്ങളും ഘട്ടംഘട്ടമായി മാറിമറിഞ്ഞ പ്രതികാര ദാഹിയായ ഒരു അമ്മയിലേക്കുള്ള പരിവർത്തനം അനിതരസാധാരണമായി അരങ്ങത്ത് അവതരിപ്പിക്കുന്നതിന് ശ്രീമതി ദിവ്യ വാര്യർക്ക് സാധിച്ചു.

റിപ്പോര്‍ട്ട്: സാമുവൽ യോഹന്നാൻ, ഡോ. ദർശന മനയത്ത് ശശി

Print Friendly, PDF & Email

Leave a Comment

More News