ശാസ്ത്ര ജ്ഞാനവും തത്വചിന്തയും തുളുമ്പുന്ന കവിതകൾ – “സൂര്യജന്മം” കവിതാസമാഹാരം (ആസ്വാദനം)

നാട്ടിൽ വച്ചേ നാടക കൃത്തും നാടക പ്രവർത്തകനുമായിരുന്ന ശ്രീ ജയൻ വർഗീസ് അമേരിക്കയിൽ എത്തിയശേഷം ശ്രദ്ധേയങ്ങളായ ലേഖനങ്ങളും, കവിതകളും, നർമ്മ കഥകളും ഇവിടുത്തെ മലയാള മാധ്യമങ്ങളിൽഎഴുതിക്കൊണ്ടാണ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നത്. ഇപ്പോൾ നൂറു കവിതകളുടെ സമാഹാരമായ “ സൂര്യജന്മം “ ഗ്രീൻ ബുക്സ് പുറത്തിറക്കിയതിലൂടെ ആ സാന്നിധ്യം കുറേക്കൂടി ശക്തമായിരിക്കുകയാണ്.

ഗദ്യത്തിൽ എന്ന പോലെ തന്നെ പദ്യത്തിലും യാഥാർഥ്യങ്ങൾ ചികഞ്ഞു ചികഞ്ഞ് അനുവാചകനെബോധവൽക്കരിക്കുന്നതിൽ ഈ കവി വിജയം കൈവരിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരന് പോലും മനസ്സിലാവുന്നവിധത്തിൽ പല ശാസ്ത്രീയ വിഷയങ്ങളും ഹൃദയസ്പൃക്കായി വിശകലനം ചെയ്യാനുള്ള സാമർഥ്യം പലകവിതകളിലുമായി ചിതറിക്കിടക്കുന്നത് ശ്രദ്ധാപൂർവം ഈ കവിതകൾ വായിക്കുന്നവർക്ക് മനസ്സിലാക്കാൻസാധിക്കുന്നതാണ്.

അതേ സമയം തന്നെ ക്ഷണികമായ ഈ ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിക്കാൻ പായുന്നവരെ കവിതെര്യപ്പെടുത്തുന്നത് ഇങ്ങനെ :

“പിടയുമീ നെഞ്ചിൻ കൂട്ടിലെ കിളിയുടെ
ചിറകടിയുയരുമ്പോൾ,
ഒരു ചിതക്കുള്ളിലെ യൊരു പിടി ചാരമാ –
യവസാനിക്കുമ്പോൾ,

ജന്മമേ, സൂര്യജന്മമേ,
നീയെന്തിനെന്നെ പുണർന്നൂ.…,
പുണർന്നൂ ? “

വളരെ സാരവത്തും, ചിന്തോദ്യോതകവുമായ ഈ ചോദ്യം അനുവാചകരുടെ തരള ഹൃദയങ്ങളിലേക്ക് തൊടുത്തുവിടുകയാണ് ഈ കവിതയിലൂടെ.

“എവിടെയാണിരുളിൻ കരിമ്പടക്കെട്ടിന്റെ –
യിടയിലെ ദീപ്തമാം കീറ് ? “

എന്നന്വേഷിക്കുന്ന കവിയിൽ ഒരു ശുഭാപ്തി വിശ്വാസിയെ നാം കാണുന്നുവെങ്കിലും,

“പുളിയിലക്കര മുണ്ടിൽ ഞൊറി വച്ച് നീലാകാശക –
പ്പടവിങ്കൽ ചന്ദ്രലേഖ വിലസുന്നതും,
അവളുടെ ചിരിയിൽ നിന്നടരുന്ന നറും മുത്തു –
മലരുകളാകാശത്തിൽ ചിതറുന്നതും,

ഇനിയെന്ന് കാണും വീണ്ടും, മടങ്ങട്ടെ സമയത്തിൻ
രഥ ചക്ര ‘ രവ ‘ മേറെ യരികിലെത്തി ! “

എന്നൊരു സങ്കോചം വിട പറയാനൊരുങ്ങി നിൽക്കും പോലെ കവിയെ മഥിക്കുന്നതായി ഭാവനയിലൂടെവായനക്കാരനെയും ചേർത്തുപിടിച്ചു ചിന്തിപ്പിക്കുകയാണ്.

‘ എഡ്വേർഡ് ‘ എന്ന കവിതയിൽ,
“ ഒട്ടും പിഴക്കാത്ത യുന്നങ്ങൾ എഡ്വേർഡിൻ
കൈപ്പുണ്യമെങ്ങും പുകഴ്ത്തി.
എത്രയോ കാലമായ് കൊന്നു മുന്നേറുന്നു
ശത്രുവിൻ നെഞ്ചിൽ തന്നുന്നം ! “

അങ്ങിനെ ഉന്നത്തിൽ വിശാരദനായ സൈനികൻ എഡ്വേർഡ് ഒരിക്കലും നിനച്ചിരിക്കാതെ സംഭവിച്ചത് ഇങ്ങനെ:

“ കണ്ടു നിന്നെഡ്വേർഡ്‌ തൻ മകൻ ചോരയിൽ
മുങ്ങിയ ചെമ്പനീർപ്പൂവായ്,
സാറ്റലൈറ്റ് സ്‌ക്രീനിൽ താൻ ദർശിച്ച സ്ലാവിയൻ
ഓമൽക്കുടങ്ങളിൽ ഒന്നായ് !
ഒന്നവൻ മന്തിപ്പൂ തന്നോട് ഖിന്നമാം
ചുണ്ടിലെ മന്ദസ്മിതത്താൽ :
‘ പപ്പയെപ്പോലെ വിദഗ്ധനാണക്ക്രമി –
ക്കൊട്ടും പിഴച്ചില്ല യുന്നം ‘ “

താൻ നിമിത്തം മറ്റനേകം കുടുംബങ്ങൾ നിരാലംബമായത് പോലെ വിധി വൈപരീത്യത്താൽ പുത്രദുഃഖംഏറ്റുവാങ്ങി വിലപിക്കേണ്ടി വരുന്ന ധീര സൈനികന്റെ ദുരന്തക്കാഴ്ച വികാര വിവശതയോടെയല്ലാതെ ഏതൊരുസഹൃദയനും ഉൾക്കൊള്ളാനാവുമെന്ന് തോന്നുന്നില്ല. ‘ കർമ്മ ഫലമാണ് ജീവിതം ‘ എന്ന ഭാരതീയ ദർശനവും, ‘ കൊടുക്കുന്നത് കിട്ടുന്നു ‘ എന്ന ക്രൈസ്തവ ദർശനവും കവിയിലൂടെ ഇവിടെ പ്രസരിക്കുന്നത് കാണാം.

എത്രയോ രചനകളെ ‘ വാരഫലം ‘ എന്ന തന്റെ പംക്തി പരമ്പരയിലൂടെ ‘ ചവറ്റുകുട്ടയിൽ തള്ളേണ്ടത് ’ എന്ന്വിധിച്ചിട്ടുള്ള സാക്ഷാൽ എം. കൃഷ്ണൻ നായരാൽ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള ഒരു കവിതയാണ് ’ യാത്രാമൊഴി ‘ ഇരുപതാം നൂറ്റാണ്ടിന് വിട പറഞ്ഞു കൊണ്ടെഴുതിയ ഈ കവിതയെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം മലയാളംപത്രത്തിൽ എഴുതിയത് : “ ചങ്ങമ്പുഴക്ക് ശേഷം താൻ വായിച്ച ഭാവ സാന്ദ്രമായ കവിതയാണ് ശ്രീ ജയൻ വര്ഗീസ്രചിച്ച യാത്രാമൊഴി “ എന്നായിരുന്നു. ഈ വാക്കുകൾ ശ്രീ ജയന്റെ നേട്ടങ്ങളുടെ തൊപ്പിയെ വർണ്ണാഭമാക്കുന്നമറ്റൊരു പൊൻതൂവൽ തന്നെ – സംശയമേയില്ല.

വിട ചൊല്ലാൻ വെമ്പി നിൽക്കുന്ന ഇരുപതാം ശതകത്തിനോട് കവി കേഴുകയാണ് :

“ മന്വന്തരങ്ങൾ വിരിയും യുഗങ്ങളിൽ
ജന്മാന്തരങ്ങൾ പൊഴിയും,
എന്നുമീ തീരത്ത് കാതോർത്തിരിക്കും
നിൻ ചിലമ്പിൻ മന്ദ്ര നാദം ! “

ലക്ഷോപലക്ഷം മനുഷ്യരെ കുരുതി കൊടുത്ത കൊറോണാ വൈറസിന് മുന്നിൽ നിസ്സഹായരാവുന്നമനുഷ്യപ്പരിഷകളെ നോക്കി വിലപിച്ചു കൊണ്ട് രക്ഷപ്പെടാനുള്ള ലക്ഷ്യവും, മാർഗ്ഗവും ചൂണ്ടുന്ന കവിതയാണ് ‘ അവതാരം. ‘

“ അതിരുകളില്ലാത്ത ലോകത്ത് നെറ്റിയിൽ
പതിയുന്ന ചാപ്പകൾ മാറ്റി,
കുട ചൂടി നിൽക്കുമീയാകാശക്കുടിലിന്റെ –
യടിയിലായ് മനുഷ്യന്റെ വർഗ്ഗം,
അപരന്റെ വേദനക്കൊരു നുള്ള് സാന്ത്വന –
മറിയുന്ന മനസ്സുമായ് നിൽക്കും,
മനുഷ്യനെ – പച്ചയാം മനുഷ്യനെകാണുവാ –
നുഴറുന്ന ദൈവീക നീതി,
ഒരു കൊച്ചു വൈറസ്സായ് അവതരിച്ചീടുന്നു,
തല്ലുവാനല്ല, തലോടാൻ ! “

എന്തൊരു സുന്ദര ഭാസുര ഭാവന എന്നല്ലാതെ എന്ത് പറയാൻ !

‘ മതിലുകൾ ‘ എന്ന കവിതയിൽ അനധികൃതമായി അന്യന്റെ മുതൽ കയ്യാളുന്ന ദുരാഗ്രഹികളോട് കനത്തആക്ഷേപ ഹാസ്യത്തിന്റെ മുൾ മുനകളോടെ കവി ചോദിക്കുന്നുണ്ട് :

“നിനക്കു വേണ്ടത് വിളയും പുല്ലിന്നകത്ത് പുളകപ്പൂവായി
എടുത്തു തിന്നുക, യപരന്നുള്ളത് കടിച്ചു മാറ്റാൻ നീയാര് ? “

ഈ ചോദ്യം ഏവരേയും ഒരു പോലെ ബാധിക്കുന്നുവെന്നത് ശരിയല്ലേ വായനക്കാരാ, നിനക്കെടുക്കാംനിനക്കവകാശപ്പെട്ടത്.

അപരന്റേത് അവനു വേണ്ടി വിട്ടേക്കുക എന്ന ലോകാരംഭം മുതലുള്ള നീതി ബോധമല്ലേ ഇവിടെ ശക്തമായി കവിആവർത്തിക്കുന്നത് ?

സൂര്യജന്മത്തിലെ പല കവിതകളും മലയാളത്തിലെ സുപ്രസിദ്ധമായ ചില ഗാനങ്ങളെ ഓർമ്മിപ്പിക്കുന്നതായിതോന്നി. യാത്രാമൊഴി, ( അഭിനന്ദനം എന്ന സിനിമാപ്പാട്ട് ) മോഹങ്ങൾ, ഗൃഹാതുരക്കിളി ചിലയ്ക്കുന്നു, തിരുവോണം, യൂദാ, വീണ്ടും ഗൃഹാതുരം, അവൾ, അങ്ങിനെ പോകുന്നു ആ പട്ടിക.

ശാസ്ത്ര വിജ്ഞാനം കവിഞ്ഞൊഴുകുന്ന കവിത വേണമെങ്കിൽ വായിക്കൂ

വിഷമ വൃത്തം, ശാസ്ത്രം പ്രതിക്കൂട്ടിൽ എന്നീ കവിതകൾ.

കണ്ണ് തുറന്നിരുന്നാൽപ്പോരാ, കാണണം എന്ന സാരോപദേശം കവിയോതുന്നത് ഇങ്ങനെ :

“ എങ്ങിനെ കാണാതിരിക്കും ഞാൻ മണ്ണിന്റെ
വർണ്ണ പരാഗങ്ങളെ !
എങ്ങിനെ കേൾക്കാതിരിക്കും ഞാൻ വിണ്ണിന്റെ
സ്വർണ്ണ മരാളങ്ങളെ !”

ഒരു പ്രണയാതുര പൈങ്കിളിക്കവിത ആസ്വദിക്കണമെന്നുണ്ടെങ്കിൽ വായിക്കൂ : ‘ പ്രിയേ, പ്രണയിനീ ‘ ‘ അവൾ ‘ എന്നീ കവിതകൾ. തത്വ ചിന്തയുടെ സരള ലളിത ഭാവങ്ങൾ ‘ ഫീനിക്സ്’ എന്ന കവിതയിലൂടെ ആസ്വദിക്കാം.

‘ എറിയുക, കല്ലെറിയുക ‘ എന്ന കവിതയിൽ

“ കീശ വീർക്കാനാശ വച്ച മീശക്കാരൻ സാറന്മാരെ “

എന്ന വരികൾ വായിച്ചപ്പോൾ ഓർമ്മ വന്നത് എന്റെ കുട്ടിക്കാലത്തു കേട്ട ‘ ശ ‘ കൊണ്ടുള്ള പ്രാസഭരിത വാക്ധോരണിയാണ് ; അതിങ്ങനെ :

“ ആശാന്റെ മോൻ കേശവന് ദോശ തിന്നാൻ ആശയുണ്ടെങ്കിൽ ആശാന്റെ മേശ തുറന്ന് കാശെടുത്ത് ദോശവാങ്ങി തിന്ന് ആശ തീർക്കെടാ കേശവാ “ എന്നായിരുന്നു അത്.

‘ നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ ‘ എന്ന് നിർദ്ദേശിച്ച യേശു ദേവനെ ഉൾക്കൊണ്ടു കൊണ്ടാണോ എന്ന്അറിയില്ലാ, നമ്മുടെ കവി താഴെ പറയുന്നവരെ കല്ലെറിയാൻ ആഹ്വാനിക്കുന്നു :

“കപട വേഷക്കാട്ടിലാട്ടിൻ തോലണിഞ്ഞ കാപാലികരെ,
കടല് വരുമ്പോൾ കടിപിടി കൂട്ടും ഭരണക്കളിയാശാന്മാരെ,
മുലയുടെ തൂക്കക്കവിത കുറിച്ചത് മൂളി നടക്കും കപിയാളന്മാരെ,

അടിപൊളിക്ക് വളം വച്ച് അടിമത്തം വിറ്റഴിക്കുന്ന അന്താരാഷ്‌ട്ര മാഫിയകളെ, ആർക്കും വേണ്ടാത്തത്വിറ്റഴിക്കാൻ കലയെ കച്ചവടമാക്കുന്ന ചാനൽ തരികിട മാടമ്പികളെ,

ആരുടേയും ആസനം താങ്ങി അനായാസം അടിമടി നിറക്കുന്ന സിനിമാ/ സീരിയൽ ചരക്കുകളെ, അഭിമാനംപണയം വച്ചും അണിഞ്ഞാനന്ദിക്കാൻ ആഹ്വാനിക്കുന്ന അപ്പർ സൂപ്പർ മെഗാ സ്റ്റാറുകളെ, വിറ്റഴിക്കാൻ വിലപേശുമ്പോൾ സത്യ/ ധർമ്മങ്ങൾ തൊഴിച്ചകറ്റുന്ന മത്തായി പത്രങ്ങളെ, അധർമ്മത്തിന്റെ അവതാരമാണ്അടിപൊളിയെന്നറിയാത്ത സമകാലികരെ ….അങ്ങനെ നീളുകയാണ് ആ നിര

‘ മാനിഷാദ ‘ എന്ന കവിതയിലാകട്ടെ യഥാ ഉവാച :

“ മാനിഷാദ പാടി വരാനാകാതെ മാമുനിമാർ

നീതി ശാസ്ത്ര ചിതൽപ്പുറ്റിൽ തപസ്സിരിപ്പൂ, “

എന്ന് പ്രതിഷേധിക്കുമ്പോളും തുടർന്നുള്ള സാര സാന്ത്വന വചനങ്ങളിൽ :

“ കാലമുണക്കാത്ത മുറിവുകളുണ്ടോ,
കണ്ണീരിലലിയാത്ത കദനമുണ്ടോ ?
മനസിലൊതുങ്ങാത്ത വിഷയമുണ്ടോ,

മറവിയിലലിയാത്ത വിരഹമുണ്ടോ ? “ എന്നീ സാരവത്തായ ചോദ്യാവലിയിലൂടെ ഒത്തിരി യാഥാർഥ്യങ്ങളിലേക്ക്വിരൽ ചൂണ്ടുന്നു, സ്വയം ആശ്വസിക്കുന്നു.

മുള്ളിനെ പുറത്തെടുക്കാൻ മുള്ളു തന്നെ വേണം എന്ന വാദവുമായി ചിലയിടങ്ങളിൽ കവി പ്രത്യക്ഷപ്പെടുന്നുണ്ട്. എങ്കിലും ബലം പിടുത്തങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ് എന്ന മൃദു മന്ത്രണങ്ങളും ഒപ്പമുണ്ട്.

വിസ്താര ഭയത്താലും പത്രാധിപ രോഷം മറി കടക്കാനും വായനക്കാർക്ക് മുഷിപ്പ് സൃഷ്ടിക്കാതിരിക്കാനുമായിഓരോരോ കവിതകളായി എടുത്ത്‌ ആസ്വാദനക്കുറിപ്പുകൾ എഴുതുവാനുള്ള സാഹസത്തിന് മുതിരുന്നില്ല. കവിതകളെല്ലാം അപാരം, അനുപമം എന്നൊക്കെ പറഞ്ഞുള്ള മുഖസ്തുതിക്കും ഒരുക്കമല്ല.

ഒരുന്നൂറ് കവിതകളുള്ള ഈ സമാഹാരത്തിൽ സമൂഹത്തിൽ നടമാടുന്ന അനീതികൾക്കെതിരെയുള്ളരോഷമുണ്ട്, അർഹിക്കുന്ന ഇടങ്ങളിൽ സഹതാപമുണ്ട്, ആശ്ചര്യമുണ്ട്, ദയനീയതയുണ്ട്, നിസ്സഹായതയുണ്ട്, അമ്പരപ്പുണ്ട്, ആക്ഷേപമുണ്ട്, ഹാസ്യമുണ്ട്, ശാസ്ത്രാവബോധമുണ്ട്, സാഹിത്യഅവഗാഹമുണ്ട്, അനുകമ്പയുണ്ട്,സങ്കടമുണ്ട്, സർവോപരി മനുഷ്യത്വമുണ്ട്. എങ്കിൽ നവരസങ്ങളിൽ ഏതാണ് ഇല്ലാത്തത് എന്ന്ചോദിച്ചാൽ ഒരു പക്ഷെ നമുക്ക് ഉത്തരമുണ്ടാവില്ല എന്നതാണ് സത്യം.

ഒരു തനി കേരളീയനായും, ഭാരതീയനായും, അതിലുപരി വിശ്വ പൗരനായും ഈ കൃതിയിലെ അക്ഷരങ്ങളിലൂടെകവി തന്നെത്തന്നെ വെളിപ്പെടുത്തുന്നു.

ചിലയിടങ്ങളിൽ അശ്ലീലച്ചുവയുണ്ടോ എന്ന് തോന്നിയേക്കാം. അങ്ങിനെ ചോദിച്ചാൽ എന്താണ് അശ്ലീലം എന്നകവിയുടെ മറു ചോദ്യത്തിന് നമ്മൾ ഉത്തരം പറയേണ്ടി വന്നേക്കാം.

ജീവിതം വൈപരീത്യങ്ങൾ നിറഞ്ഞ ഒരു മരീചികയാണ്. വരണ്ടുണങ്ങിയ പാറക്കെട്ടുകളിലും ഹരിതാഭമായപുൽനാമ്പുകൾ കിളിർത്തു വളർന്നു പടരുന്നത് നാം കാണുന്നു. അത്തരത്തിലുള്ള ഒരു പുത്തൻ പ്രസരിപ്പാണ്ജീർണ്ണിച്ച കൊണ്ടിരിക്കുന്ന സാമൂഹ്യ വ്യവസ്ഥിതികളോട് മല്ലടിക്കുന്ന ജയൻ വർഗീസ് കവിതകളിൽ തുടിച്ചും, ത്രസിച്ചും നമ്മിൽ വിപ്ലവാവേശം പകരുന്നത്. ആർക്കും തടഞ്ഞു നിർത്താനാവാത്ത ഒരു വെള്ളച്ചാട്ടമായി അത്പ്രവഹിക്കുമ്പോൾ അനിവാര്യമായി സംഭവിക്കുന്ന ആശയ വിസ്ഫോടനങ്ങളുടെ ബാക്കി പത്രങ്ങളിൽ ഒന്ന്മാത്രമാണ് ‘ സൂര്യജന്മം.’

എല്ലാം കണ്ടിട്ടും കാണാതിരിക്കുവാനും, എല്ലാം കേട്ടിട്ടും കേൾക്കാതിരിക്കവാനും, ആവാതെ രോഗ ഗ്രസ്തമായഇന്നത്തെ സാമൂഹ്യാവസ്ഥയോടുള്ള ഒരൊറ്റയാൻ പോരാട്ടമാണ് സൂര്യജന്മത്തിലെ കവിതകൾ.

അരുതായ്മകളുടെ അടിച്ചേറുകൾ അടിഞ്ഞു കൂടി നിറഞ്ഞു കിടക്കുന്ന സാമൂഹ്യാവസ്ഥയുടെ ചളിക്കുളങ്ങളിൽനിന്ന് അതി വിശുദ്ധിയോടെ വിടർന്നു വിലസുന്ന നെയ്യാമ്പൽപ്പൂവുകൾ പോലെ, നന്മയുടെ നാളെപ്പൂവുകൾവിടർന്നു വിലസുന്ന പുത്തൻ സൂര്യോദയങ്ങൾ – അതാവട്ടെ കവിയോടൊപ്പം നമ്മുടെയും സ്വപ്‌നങ്ങൾ.

പ്രപഞ്ച ജീവ വ്യവസ്ഥയിൽ ജനനവും, മരണവും അനിവാര്യങ്ങളായ ആത്മ ബോധ്യങ്ങൾ ആണെന്നിരിക്കെ, മരണാക്രാന്തിയിൽ വീർപ്പു മുട്ടിയുള്ള വിലാപമല്ലാ, മരണത്തെയും ജീവിതത്തോട് ചേർത്തു പിടിച്ചുള്ളയാത്രയാണ് അഭികാമ്യമെന്ന ആഹ്വാനമാണ് സൂര്യജന്മത്തിലെ കവിതകളിൽ നിറയുന്നത്.

ശീർഷക കവിതയിൽ :

“ മനസ്സിന്റെ പ്രാവുകൾ ചിറകടിക്കുമ്പോൾ,
മരണത്തിൻ മണിപ്പക്ഷി പാടുമ്പോൾ,
ജന്മമേ, സൂര്യജന്മമേ, നീയെന്തിനെന്നെ പുണർന്നൂ “

എന്നാവർത്തിച്ചു ചോദിക്കുന്നയിടത്ത് ജീവിതം ക്ഷണികമായ ഒരു പ്രഹേളികയാണെന്ന് അറിഞ്ഞു വയ്ക്കുകയും, അവസാനിക്കാത്ത മോഹങ്ങളുടെ ആത്മ ബലത്തിലാണ് അത് നില നിൽക്കുന്നതെന്ന് അനുഭവിക്കുകയുംചെയ്തു കൊണ്ട് ജീവിത യാഥാർഥ്യങ്ങളുടെ നേരെ പിടിക്കുന്ന ഒരു കണ്ണാടിയായി സ്വയം വർത്തിക്കുകയല്ലേ ഈകവി ? ഒപ്പം ആശ്വാസ വചനങ്ങളുമായും !

“ പ്രപഞ്ച മാനസ്സ രംഗ വിതാനം “ എന്ന ഈ ഭൂസരസ്സിൽ
“ആയിരം മോഹവുമായി വിടരുമോ –
രാമ്പൽപ്പൂ മോട്ട് ഞാൻ നിന്റെ മുന്നിൽ ! “

എന്ന് സ്വയം താണ് പരിചയപ്പെടുത്തുന്ന കവി ഭാവനക്ക് മുന്നിൽ അംഗുലീ ബദ്ധനായ ഈ ആസ്വാദകന്റെ ആത്മപ്രണാമം !

Print Friendly, PDF & Email

Leave a Comment

More News