സേവന പ്രവര്‍ത്തനങ്ങളിൽ സുതാര്യതയും ലക്ഷ്യബോധവുമായി മന്ത്ര

അമേരിക്കയിൽ ആകെ ഏകദേശം 1 .5 ദശലക്ഷം എന്‍.ജി.ഒകൾ അഥവാ നോൺ പ്രോഫിറ്റ് സംഘടനകൾ പ്രവർത്തിക്കുന്നു എന്ന് കരുതപ്പെടുന്നു എന്നിരുന്നാലും ഭൂരിഭാഗം എന്‍.ജി.ഒകളും സാമൂഹികക്ഷേമ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല.മലയാളി സംഘടനകളിലേക്കു വന്നാൽ ആ സംഖ്യ പിന്നെയും ചുരുങ്ങും .

എന്നാൽ നോർത്ത് അമേരിക്കയിൽ ഹൈന്ദവ ദർശനം ഉയർത്തിപ്പിടിക്കുന്ന മലയാളി സംഘടനകളിൽ കാര്യമാത്ര പ്രസക്തമായ നീക്കങ്ങൾ ഈ മേഖലയിൽ കുറവാണ്. അതിനൊരു മാറ്റമായതു മന്ത്ര ഈ രംഗത്ത് തുടർച്ചയായി കൊണ്ട് വരാൻ ശ്രമിക്കുന്ന പദ്ധതികൾ ആണ്. സേവാഭാരതിക്കൊപ്പം കൈകോർത്തു കൊണ്ട് മന്ത്ര മാതൃ സദനം എന്ന നിരാലംബരായ വൃദ്ധ സദനത്തിന്റെ നിർമാണ പ്രവർത്തനത്തിൽ പങ്കാളിയായി ആരംഭിച്ച പ്രവർത്തനങ്ങൾ, ഫ്ലോറിഡയിൽ അടുത്ത കാലത്തു നാശം വിതച്ച ഇയാൻ സഹായ നിധിയിൽ വരെ എത്തി നിൽക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി മംഗല്യ നിധിയും മന്ത്ര പ്രഖ്യാപിച്ചു. സാമൂഹ്യമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ മംഗല്യം തടസ്സപ്പെടാൻ ഇടയാകരുത് എന്ന സദുദ്ദേശത്തിൽ, കഴിയാവുന്നിടത്തോളം സഹായം എത്തിക്കാൻ രൂപീകരിക്കുന്ന സഹായനിധിയാണിത്. കൂടാതെ, കഴിഞ്ഞ ഓണക്കാലത്തു “ഏവർക്കും ഓണക്കോടി” എന്ന സന്ദേശവുമായി കേരളത്തിലുള്ള നിർധന കുടുംബങ്ങൾക്കു ഓണക്കോടി വിതരണം ചെയ്തു. സേവനം അവർ അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് മന്ത്രയുടെ പ്രവർത്തനം.

മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മുന്തിയ പരിഗണന നൽകി വരുംവർഷങ്ങളിൽ കുറച്ചു കൂടി ബൃഹത്തായ നിരവധി സേവാ പദ്ധതികൾ മന്ത്ര ലക്ഷ്യം വയ്ക്കുന്നു. ഇതിനായി മന്ത്രയുടെ വിവിധ ഭരണ സമിതികൾ കൃത്യമായ പ്ലാനിങ് നടത്തിവരുന്നു. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നിര്‍വഹിക്കപ്പെടണമെങ്കില്‍ ലക്ഷ്യനിര്‍ണയം (Goal Setting), പദ്ധതിരൂപീകരണം (Project Planning), വിഭവ സമാഹരണം (Resource Mobilization), നിരീക്ഷണവും അവലോകനവും (Assessment and Evaluation), പരിശീലനം (Training), മാര്‍ഗനിര്‍ദേശം (Guidance), ഗവേഷണം (Research), പൊതു സമ്പര്‍ക്കം (Public Relation), ലിഖിതപ്പെടുത്തല്‍ (Documentation) തുടങ്ങിയവ വളരെ അനിവാര്യമാണ്.

സേവന മേഖലയിലെ മുഴുവന്‍ വിഭവങ്ങളെയും ഏകീകൃത ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് ഉപയോഗപ്പെടുത്താന്‍ സന്നദ്ധ സംഘടനകള്‍ക്ക് സാധിക്കേണ്ടതുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നാം ശേഖരിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്ന വിഭവങ്ങള്‍ ഏറ്റവും ഉചിതമായ രീതിയില്‍ ചെലവഴിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. കേവലം സേവനത്തിനു വേണ്ടി സേവനം എന്ന മനഃസ്ഥിതി മാറ്റി സമൂഹത്തിലെ ആവശ്യങ്ങള്‍ മനസ്സിലാക്കി മുന്‍ഗണനാ ക്രമം തയാറാക്കി ഏറ്റവും അര്‍ഹരായവരെ സാമൂഹികമായി ഉയര്‍ത്തികൊണ്ട് വരിക എന്നതാണ് സന്നദ്ധ സംഘടനകള്‍ നിര്‍വഹിക്കേണ്ട സുപ്രധാന ദൗത്യം. അതിന്റെ കൃത്യമായ അന്തിമ രൂപരേഖ 2023 ലെ കൺവെൻഷനോട് കൂടി സാധ്യമാക്കി മുന്നോട്ട് പോകാനാണ് മന്ത്രയുടെ ഉദ്ദേശം.

സാമ്പത്തിക സുസ്ഥിരതയുള്ള വ്യക്തികളും പൊതുസമ്മതി നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നവരും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി സ്വയംസേവന പ്രസ്ഥാനങ്ങളായി അവതരിക്കുന്ന കാലമാണിത്. ബിസിനസ് ഗ്രൂപ്പുകളും ഫാമിലികളും സ്വന്തം നിലക്ക് ചാരിറ്റബ്ള്‍ സംവിധാനങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ഓരോ സംവിധാനവും അവരുടെ ദൗത്യം നിര്‍വഹിക്കുന്നുവെന്ന് നമുക്ക് സമാധാനിക്കാം. എന്നാല്‍ ഇത്തരം വ്യക്തി കേന്ദ്രീകൃത സംവിധാനങ്ങളുടെ ദീര്‍ഘകാല ലക്ഷ്യമില്ലായ്മയും ഭാവിയും റിസള്‍ട്ടും സാമൂഹിക സേവന മേഖലക്ക് സുസ്ഥിരത നല്‍കുന്നതല്ല.വ്യക്തി കേന്ദ്രീകൃതമായി മാത്രം പ്രവർത്തിക്കുന്ന അമേരിക്കയിലെ പല മലയാളി ഹൈന്ദവ സാമുദായിക സംഘടനകളുടെയും സ്ഥിതി വ്യത്യസ്‌തമല്ല. അതിനു സ്ഥായിയായ മാറ്റം കൊണ്ട് വരാനുള്ള മന്ത്രയുടെ ശ്രമങ്ങൾ ലക്ഷ്യത്തിലേക്കു എത്തി ചേരട്ടെ എന്ന് പ്രത്യാശിക്കാം.

Print Friendly, PDF & Email

Leave a Comment

More News