ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി

ഒക്കലഹോമ: ഒമ്പതുമാസം പ്രായമുള്ള സ്വന്തം പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്സില്‍ 2002 ല്‍ വധശിക്ഷക്കു വിധിച്ച പിതാവ് ബെഞ്ചമിന്‍ കോളിന്റെ വധശിക്ഷ(ഒക്ടോബര്‍ 19) ഇന്ന് ഒക്കലഹോമയില്‍ നടപ്പാക്കി. വീഡിയോ ഗെയിം കളിക്കുന്നത് തടസ്സപ്പെടുത്തിയതിനാണ് കുഞ്ഞിനെ നട്ടെല്ലു തകര്‍ത്തു ക്രൂരമായി കൊലപ്പെടുത്തിയത്.

രാവിലെ മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു 10.11ന് ബോധരഹിതനായ പ്രതി 10.22ന് മരിച്ചതായി ഒക്കലഹോമ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ചീഫ് ഓഫ് ഓപ്പറേഷന്‍ ജസ്റ്റിന്‍ ഹാരിസ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

മകളെ കൊല്ലുമ്പോള്‍ 57 വയസ്സുള്‌ള പ്രതി മാനസിക രോഗത്തിനടിമയായിരുന്നുവെന്ന വാദം തള്ളിയാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ട് പതിറ്റാണ്ടു നീണ്ടു നിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി വധശിക്ഷ നടപ്പാക്കുന്നതിനുള്ള വിധി പുറപ്പെടുവിച്ചു.

സാധാരണ നല്‍കുന്ന അവസാന ഭക്ഷണം വേണ്ടെന്ന് പറഞ്ഞ പ്രതി ആത്മീയ പുരോഹിതരുടെ സാന്നിധ്യവും നിഷേധിച്ചു.

ആദ്യ ക്രിസ്തുമസ് പോലും ആഘോഷിക്കുവാന്‍ അവസരം നല്‍കാതെ ക്രൂരമായി കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ആന്റി ഡോണ ഡാനിയേല്‍ പറഞ്ഞു.

2024 വരെ വധശിക്ഷ നടപ്പാക്കേണ്ട 25 പ്രതികളില്‍ രണ്ടാമത്തെ വധശിക്ഷയാണ് ഇന്ന് നടപ്പായത്. വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം ആളുകത്തുമ്പോഴും, വധശിക്ഷ നിര്‍ബാധം തുടരുകയാണ്.

Print Friendly, PDF & Email

Leave a Comment

More News