മധ്യപ്രദേശില്‍ ദളിത് ദമ്പതികളും മകനും വെടിയേറ്റ് മരിച്ചു; കൊലയാളി ഒളിവിൽ

ദമോഹ് (എംപി): മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ചൊവ്വാഴ്ച രാവിലെ തർക്കത്തിന്റെ പേരിൽ ഒരു ദളിത് കുടുംബത്തിലെ മൂന്ന് പേരെ ആറ് പേർ ചേന്ന് വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്. മരിച്ചവരിൽ അഹിർവാർ കുടുംബത്തിലെ അച്ഛനും അമ്മയും മൂത്ത മകനും ഉൾപ്പെടുന്നു.

ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള ദേഹത് പോലീസ് സ്റ്റേഷൻ പരിധിയിലെ ദേവ്‌റാൻ ഗ്രാമത്തിൽ രാവിലെ 6:30 ഓടെ നടന്ന സംഭവത്തിൽ ദമ്പതികളുടെ മറ്റ് രണ്ട് ആൺമക്കൾക്ക് പരിക്കേറ്റതായി പോലീസ് സൂപ്രണ്ട് ഡിആർ ടെനിവാർ പറഞ്ഞു. കുറ്റകൃത്യം നടത്തിയെന്ന് സംശയിക്കുന്ന, ഒളിവില്‍ പോയ ആറ് പേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ തർക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് കൂടുതല്‍ വിശദീകരിക്കാതെ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ ഗ്രാമത്തിൽ നിന്നുള്ള പ്രതികളെന്നു സംശയിക്കുന്നവര്‍ 60 കാരനായ ദളിതനെയും 58 വയസ്സുള്ള ഭാര്യയെയും 32 കാരനായ മകനെയും വെടിവച്ചു കൊന്നു. 28ഉം 30ഉം വയസ്സുള്ള അദ്ദേഹത്തിന്റെ മറ്റ് രണ്ട് ആൺമക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊലപാതകം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) മറ്റ് വകുപ്പുകളും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒളിവിൽ പോയവര്‍ക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News