ജഡ്ജിയെ അസഭ്യം പറഞ്ഞ സംഭവത്തിൽ ചലച്ചിത്ര നിർമ്മാതാവ് ബൈജു കൊട്ടാരക്കര പൊതുവേദിയിൽ മാപ്പ് പറയണമെന്ന് ഹൈക്കോടതി

കൊച്ചി: 2017ലെ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ വാർത്താചാനൽ ചർച്ചയ്ക്കിടെ അധിക്ഷേപിച്ച് പരാമർശം നടത്തിയതിന് കോടതിയലക്ഷ്യക്കേസ് നേരിടുന്ന ചലച്ചിത്ര സംവിധായകൻ ബൈജു കൊട്ടാരക്കരയോട് പൊതുവേദിയില്‍ മാപ്പ് പറയണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച വാക്കാൽ നിർദേശിച്ചു. “ഏത് ക്ഷമാപണവും പരസ്യമായി പറയണം. അത്രയും നഷ്ടമാണ് നിങ്ങൾ വരുത്തി വെച്ചത്,” കോടതി പറഞ്ഞു.

കോടതിയിൽ ഹാജരായ ബൈജു കൊട്ടാരക്കരയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഇതുപോലുള്ള ചർച്ചകൾ അവസാനിപ്പിക്കണം, എന്തിനാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്, പൊതുവിശ്വാസത്താൽ നിലനിൽക്കുന്ന ഏക സ്ഥാപനമാണ് ജുഡീഷ്യൽ സ്ഥാപനമെന്ന് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് മുഹമ്മദ് നിയാസ് സിപിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം, സ്ഥാപനത്തിലുള്ള പൊതുവിശ്വാസം നശിപ്പിക്കാൻ ശ്രമിക്കരുതെന്നും ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

കേസ് പരിഗണിച്ചപ്പോൾ ബൈജു കൊട്ടാരക്കരക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ചോദിച്ചു, “നിങ്ങളുടെ പരാമർശങ്ങളിലൂടെ നിങ്ങൾ കോടതിയലക്ഷ്യമാണ് നടത്തിയതെന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ടോ?”

മെയ് 3 ന് അന്നത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് മുമ്പാകെ ജനനീതി- ചാരിറ്റബിൾ സൊസൈറ്റി സമർപ്പിച്ച പരാതിയിലെ ഉള്ളടക്കം ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് അഭിഭാഷകൻ മറുപടി നൽകി.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജഡ്ജിയെ അധിക്ഷേപിച്ച സംഭവത്തില്‍ ബൈജു കൊട്ടാരക്കരക്കെതിരെ ഹൈക്കോടതി നേരത്തെ സ്വമേധയ കോടതിയലക്ഷ്യ കേസെടുത്തിരുന്നു.

ജനശ്രദ്ധ നേടാന്‍ ഇത്തരം കാര്യങ്ങളല്ല വിളിച്ചു പറയേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. എന്നാല്‍ പരസ്യമായി മാപ്പ്‌ പറയണമെന്ന്‌ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ചാനലിലൂടെ തന്നെ മാപ്പ്‌ പറയാമെന്നാണ്‌ ബൈജു കൊട്ടാരക്കര അറിയിച്ചിട്ടുള്ളത്‌. വിശദമായ സത്യവാങ്മൂലം നല്‍കാനും നിര്‍ദേശമുണ്ട്‌.

കേസ്‌ നവംബര്‍ 15ന്‌ വീണ്ടും പരിഗണിക്കും. കേസില്‍ കഴിഞ്ഞ തവണ ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ നേരിട്ട്‌ ഹാജരായി മാപ്പപേക്ഷിച്ചിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാന്‍ ഉദേശിച്ചിരുന്നില്ല. ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയല്ല പരാമര്‍ശം നടത്തിയതെന്ന്‌ ബൈജു കോടതിയില്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News