ശലഭവീട്ടിൽ ജന്മദിനം ആഘോഷിക്കാം; പ്രത്യേക പാക്കേജ് അവതരിപ്പിച്ച് അൽ നൂർ ഐലൻഡ്

ഷാര്‍ജ: കുട്ടികളുടെ ജന്മദിനം ആഘോഷിക്കാൻ വേറിട്ടൊരു വേദി അന്വേഷിക്കുകയാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ ഒരിക്കലും വിട്ടുപോകരുതാത്ത ഒരിടമാണ് ഷാർജയിലെ അൽ നൂർ ദ്വീപ്. പ്രകൃതിയോടിണങ്ങി നിൽക്കുന്ന കാഴ്ചകളും ശലഭവീടും നിരവധി വിനോദങ്ങളുമെല്ലാമായി കുട്ടികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്നൊരു ജന്മദിനാഘോഷമാണ് ഈ വിനോദകേന്ദ്രത്തിൽ കാത്തിരിക്കുന്നത്.

ശലഭവീടിനകത്തുള്ള ആഘോഷമാണ് പ്രത്യേകം തയാറാക്കിയ ജന്മദിന പാക്കേജിന്റെ പ്രധാന ആകർഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിച്ച ചിത്രശലഭങ്ങളോടൊപ്പം കുട്ടികൾക്ക് കളിക്കാം. പല വർണങ്ങളിൽ പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും അവർക്കായൊരുക്കിയ വീടും അവയെക്കുറിച്ചുള്ള അറിവുകളുമെല്ലാം ശലഭവീട്ടിൽ കുട്ടികളെ കാത്തിരിക്കുന്നു. പരിശീലകരുടെ കീഴിലുള്ള പ്രത്യേക ടൂറും ഇവിടെയൊരുക്കിയിട്ടുണ്ട്.

കുട്ടികളെ കുഞ്ഞുചിത്രശലഭങ്ങളാക്കുന്ന ‘ബട്ടർഫ്ലൈ ട്രാൻസ്ഫോർമേഷനാണ്’ മറ്റൊരു വിശേഷം. ശലഭവീട്ടിലെ പരിശീലകരുടെ സഹായത്തോടെ വർണച്ചിറകുകളും മുഖംമൂടിയും നിറങ്ങളും തലപ്പാവുമെല്ലാമണിഞ്ഞ് അൽ നൂർ ദ്വീപിലൂടെ അവർക്ക് ചിത്രശലഭങ്ങളായി നടക്കാം. ഓരോരുത്തർക്കും അവരുടെ സ്വന്തം ചിത്രശലഭങ്ങളെ നിർമിക്കാനുള്ള അവസരവുമുണ്ട്. ‘ബിൽഡ് എ ബട്ടർ ഫ്ലൈ’ എന്ന ഈ പ്രവൃത്തിപരിചയ സെഷനിൽ കുട്ടികൾക്ക് അവരുടെ കരകൗശലകഴിവുകൾ പരീക്ഷിക്കാനാവും. ഇതോടൊപ്പം തന്നെ കപ് കേക്ക് ഡെക്കറേഷൻ സെഷനുമുണ്ട്.

അതിഥികളുടെ ഇഷ്ടത്തിനനുസരിച്ചുള്ള കേക്കുകളും സമ്മാനങ്ങളുമെല്ലാം നേരത്തേ തന്നെ ഒരുക്കിവയ്ക്കാനുള്ള സൗകര്യവും ജന്മദിന പാക്കേജിന്റെ ഭാ​ഗമാണ്.

ശലഭവീട്ടിലെ ആഘോഷത്തിനും വിനോദപരിപാടികൾക്കുമൊപ്പം മനോഹരമായ ദ്വീപ് കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരവും അതിഥികളെ കാത്തിരിക്കുന്നു. പ്രകൃതിയോട് ഇഴചേർന്ന് നിൽക്കുന്ന കാഴ്ചകളും കലാസൃഷ്ടികളും നീണ്ടുകിടക്കുന്ന മരത്തടികൾ പാകിയ നടപ്പാതയും വാസ്തുവിദ്യയിലെ വിസ്മയങ്ങളുമെല്ലാം ചേർന്ന് വന്നെത്തുന്ന സഞ്ചാരിയുടെ മനസ് നിറയ്ക്കാൻ പാകത്തിലുള്ള നിരവധി വിശേഷങ്ങൾ ഖാലിദ് തടാകത്തിലെ ഈ പച്ചത്തുരുത്തിലുണ്ട്.

എല്ലാ പ്രായത്തിലുള്ളവർക്കും അനുയോജ്യമായ അനുഭവങ്ങളൊരുക്കുന്ന അൽ നൂർ ദ്വീപിന്റെ വിസ്തൃതി 45470 ചതുരശ്ര മീറ്ററാണ്. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തിലുള്ള ഈ വിനോദകേന്ദ്രത്തിന് ജർമൻ ഡിസൈൻ പുരസ്കാരമടക്കം നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആഴ്ചദിവസങ്ങളിൽ150 ദിർഹം (ഒരു കുട്ടിക്ക്), വീക്കെൻഡുകളിൽ 180 ദിർഹം എന്നിങ്ങനെയാണ് ജന്മദിനപാക്കേജിന്റെ നിരക്കുകൾ. കൂടുതൽ വിവരങ്ങൾക്ക് 06 506 7000, 0569929983 എന്നീ നമ്പറുകളിളോ info@alnoorisland.ae ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Print Friendly, PDF & Email

Leave a Comment

More News