താമരശ്ശേരി സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി

കോഴിക്കോട്: താമരശ്ശേരി സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി കൊടിയത്തൂർ സ്വദേശി അലി ഉബൈറാനെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കരിപ്പൂർ സ്വർണക്കടത്ത് ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ് അലി ഉബൈറാൻ. കരിപ്പൂർ കേസിൽ പ്രതികളായ ഇയാളുടെ സഹോദരങ്ങളായ ഷബീബ് റഹ്മാൻ (26), കൊടിയത്തൂർ എള്ളേങ്ങൽ സ്വദേശി മുഹമ്മദ് നാസ് (22) എന്നിവരെ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

ദുബായിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ്‌ അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്‌. സംഘം വിട്ടയച്ചതോടെ നാട്ടില്‍ എത്തിയ മുഹമ്മദ്‌ അഷ്റഫിനെ പൊലീസ്‌ വൈദ്യപരിശോധനയ്ക്ക്‌ വിധേയനാക്കി വിശദമായ മൊഴി രേഖപ്പെടുത്തി. ഒക്ടോബര്‍ 22ന്‌ രാത്രി താമരശ്ശേരി വെഴുപ്പൂരില്‍ രണ്ട്‌ കാറുകളിലായി എത്തിയ ആറ്‌ പേര്‍ ചേര്‍ന്നാണ്‌ തട്ടിക്കൊണ്ടുപോയതെന്നും ആറ്റിങ്ങലിനടത്ത്‌ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ച്‌ ക്രൂരമായി മര്‍ദിച്ചെന്നും അഷ്റഫ്‌ മൊഴി നല്‍കി.

കൈയില്‍ ഉണ്ടായിരുന്ന 17,000 രൂപ, എടിഎം കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌ എന്നിവയും സംഘം തട്ടിയെടുത്തു. തടവിലാക്കിയിരുന്ന വീട്ടില്‍ നിന്ന്‌ ചൊവ്വാഴ്ച (ഒക്ടോബര്‍ 25) രാവിലെ കണ്ണും കെട്ടി ഹെല്‍മറ്റ്‌ ധരിപ്പിച്ച്‌ പോക്കറ്റ്‌ റോഡില്‍ ഇറക്കിവിടുകയായിരുന്നു. ഇവിടെ നിന്ന്‌ ഓട്ടോ വിളിച്ച്‌ കല്ലമ്പലത്ത്‌ എത്തിയാണ്‌ നാട്ടിലേക്കുള്ള ബസില്‍ കയറിയത്‌.

ദുബായിലുള്ള മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യാസഹോദരൻ അലി ഉബൈറാനും മലപ്പുറം കാവനൂർ സ്വദേശി അബ്ദുസലാമും തമ്മിലുള്ള സ്വർണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.

കേസിൽ ഇനി ഏഴു പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. താമരശ്ശേരി ഡിവൈഎസ്പി ടികെ അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

Print Friendly, PDF & Email

Leave a Comment

More News