ദീപപ്പൊലിമയിൽ നിറഞ്ഞ് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രം ദീപാവലി ആഘോഷിച്ചു

ചിക്കാഗോ: അന്ധകാരത്തില്‍ നിന്നു പ്രകാശത്തിന്റെ സുതാര്യതയിലേക്കു മാനവരാശിയെ കൈപിടിച്ചാനയിക്കുന്ന മഹോത്സവമായ ദീപാവലി രാവിൽ, ചിരാതുകളില്‍ ദീപങ്ങൾ തെളിച്ചും, പടക്കങ്ങൾ പൊട്ടിച്ചും, മധുരം വിതരണം ചെയ്തും, ദാണ്ടിയ നൃത്തമാടിയും അതിവിപുലമായി ഈ വർഷത്തെ ദീപാവലി ഉത്സവം വന്‍ ഭക്തജന പങ്കാളിത്തത്തോടെ ഗീതാമണ്ഡലം തറവാട്ടില്‍ ആഘോഷിച്ചു. പ്രധാന പുരോഹിതൻ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പ് സ്വാമിയുടെ നേതൃത്വത്തിൽ, ശ്രീ മഹാഗണപതി പൂജയോടെ ആരംഭിച്ച ദീപാവലി ആഘോഷങ്ങൾക്ക് ശേഷം കാലപുരുഷനായ ശ്രീ മഹാവിഷ്ണുവിനും, സർവ്വ ഐശ്വര്യദായകിയായ ശ്രീ മഹാലക്ഷ്മിക്കും ദീപാവലി വിശേഷാൽ പൂജകളും, കുട്ടികളും മുതിർന്നവരും ചേർന്ന് ശ്രീ ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ഭജനയും നടത്തി.

തുടർന്ന് നിലവിളക്കിലെ ദീപത്തില്‍ നിന്നും പകര്‍ന്ന അഗ്‌നിനാളങ്ങള്‍ കൊണ്ട് ഗീതാമണ്ഡലം കുടുംബത്തിലെ അമ്മമാരും, സഹോദരിമാരും, കുട്ടികളും നൂറിലേറെ ചിരാതുകളിൽ നന്മയുടെ, ഐശ്വര്യത്തിന്റെ, ജ്ഞാനത്തിന്റെ ദീപങ്ങൾ തെളിച്ചു. തുടർന്ന് ശ്രീമതി മണി ചന്ദ്രൻ സംഘടിപ്പിച്ച ദാണ്ടിയാ നൃത്തവും വളരെ ആസ്വാദ്യകരമായിരുന്നു. പ്രതേക ദീപാവലി വിഭവങ്ങളാല്‍ സമൃദ്ധമായ സദ്യക്ക് ശേഷം രാത്രി വൈകുവോളം കുട്ടികളും മുതിര്‍ന്നവരും ഡാണ്ടിയ നൃത്തത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പൂത്തിരിയും, കമ്പിത്തിരിയും, മത്താപ്പും, ചക്രവും, കളര്‍ കാന്‍ഡിലും കത്തിച്ച് ഈ വര്‍ഷത്തെ ദീപാവലി ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു അനുഭവമായി തീര്‍ത്തു. ഭാരതം എന്നും ജ്ഞാന സൂര്യനെ ആരാധിച്ചിരുന്ന രാഷ്ട്രമാണ് അജ്ഞാനത്തിനെ ഇരുട്ടായും അറിവിനെ പ്രകാശമായും കരുതിയ സംസ്കാരമാണ് ഭാരതത്തിന്റേത് .

അനേകം ദീപനാളങ്ങൾ തെളിഞ്ഞു ചേർന്ന് ഒരു പ്രകാശധാരയായി മാറുന്ന ദീപോത്സവത്തിന് സാംസ്കാരികമായി വളരെയധികം പ്രാധാന്യം കൽപ്പിക്കപ്പെടുന്നത് അതുകൊണ്ട് കൂടിയാണ് എന്ന് തദവസരത്തിൽ ചിക്കാഗോ ഗീതാമണ്ഡലം പ്രസിഡണ്ട് ശ്രീ ജയചന്ദ്രനും. ഐതിഹാസികപരമായും ആത്മീയപരമായും പലകഥകളും ദീപാവലിയെക്കുറിച്ച് പ്രചാരത്തിലുണ്ട്. എന്നാല്‍ എല്ലാ ഐതിഹ്യങ്ങളിലേയും പൊരുള്‍ ഒരേ തത്വമാണെന്നതാണ് യാഥാര്‍ത്ഥ്യം. തിന്മയ്ക്കുമേല്‍ നന്മയുടെ പ്രകാശം പരക്കുന്നുവെന്ന തത്വം. ആ പ്രകാശത്തെ ദീപങ്ങളുടെ ഉത്സവമായ ദീപാവലിയായി നമ്മളെല്ലാം ആഘോഷിക്കുന്നത് എന്ന് ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പ് സ്വാമിയും, ഓരോ ഭാരതീയൻറെയും നിത്യജീവിതത്തോട് വളരെ അധികം താദാത്മ്യപ്പെട്ടിരിക്കുന്ന ദീപാവലി, ഒരേ സമയം മാധുര്യത്തിൻറെയും, പ്രകാശത്തിന്റെയും, കൂട്ടായ്മയുടെയും സ്മരണ നമ്മിൽ ഉണർത്തുന്നത്തതിനാലാണ് ഇന്ന് ലോകം മുഴുവൻ ആഘോഷിക്കപ്പെടുന്നത് എന്ന് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ പ്രജീഷ് അഭിപ്രായപ്പെട്ടു.

തുടർന്ന് ഗീതാമണ്ഡലം ജനറൽ സെക്രട്ടറി ശ്രീ ബൈജു മേനോൻ 2022 ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കും, പൂജകൾക്ക് നേതൃത്വം നല്കിയ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിലും, മുൻ കാലങ്ങളെക്കാൾ മികവാർന്ന നിലയിൽ ദീപാവലി ആഘോഷങ്ങൾ വൻ വിജയമാക്കാൻ പരിശ്രമിച്ച എല്ലാ പ്രവർത്തകര്ക്കും നന്ദി പ്രകാശിപ്പിച്ചു.

Leave a Comment

More News