ചടുലമായ കൃത്യനിര്‍‌വ്വഹണം രണ്ടാമൂഴത്തിലും ജഡ്ജി കെ.പി. ജോര്‍ജിനെ വിജയകിരീടമണിയിച്ചു

ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറി വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച് വിജയക്കൊടി പാറിക്കുന്ന മലയാളികള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, അമേരിക്കന്‍ രാഷ്ട്രീയ ഗോദായിലിറങ്ങി പയറ്റിത്തെളിയുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്, ഒന്നല്ല രണ്ടല്ല പല പ്രാവശ്യവും.

അത്തരത്തില്‍ പയറ്റിത്തെളിഞ്ഞ് വിജയക്കൊടി പാറിച്ച വ്യക്തിത്വങ്ങളിലൊരാളാണ് ടെക്സാസ് ഫോര്‍ട്ട്ബെന്റ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ.പി. ജോര്‍ജ്. പ്രൈമറിയിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് കെ. പി. ജോർജ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് ചരിത്രത്തിന്റെ തുടർച്ചയായി.

ആദ്യ തിരഞ്ഞെടുപ്പിൽ അസാധ്യമെന്ന് കരുതിയ വിജയം മറ്റു പലര്‍ക്കുമുള്ള മറുപടിയായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന മികവും മലയാളികൾ ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പം അണിനിരന്നുവെന്നതുമാണ് തുടർച്ചയായി രണ്ടാം പ്രാവശ്യവും വിജയിച്ചതിന്റെ രഹസ്യം.

ജനകീയനായ കെ. പി. ജോർജ് പൊതുകാര്യനിർവഹണ രംഗത്തെ അതിവിദഗ്ധനാണ്. കെ. പി. ജോർജിന്റെ തുടർച്ചയായ വിജയം ഇന്ത്യൻ സമൂഹത്തിന്റെ ശക്തിയും കരുത്തും വീണ്ടും വിളിച്ചോതും. മലയാളി ആഗോള സമൂഹത്തിനിടയിൽ തന്നെ ശ്രദ്ധയനായി മാറുന്നതും ഇത്തരം വ്യക്തികളിലൂടെയാണ്. ഫോർട്ട് ബെൻഡ് ഐഎസ്ഡി സ്കൂൾ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുള്ള ജോർജ് സാമ്പത്തിക, സേവന, വ്യവസായ രംഗത്തെ പ്രഗൽഭനാണ്. പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോട് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം സ്വപ്രയത്നം കൊണ്ടാണ് ഈ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.

മൂന്നു പതിറ്റാണ്ടു മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ജോര്‍ജ് നടന്നു കയറിയത് ജനങ്ങളുടെ മനസ്സിലേക്കായിരുന്നു. ഫോർട്ട് ബെൻഡ് കൗണ്ടിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നത് കെ. പി. ജോർജിലൂടെയാണ്. കൗണ്ടിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ളതുകൊണ്ട് ഭരണനിർവഹണത്തിൽ വ്യക്തമായ പദ്ധതികൾ അദ്ദേഹത്തിനുണ്ടായിരുന്നു. ജനകീയമായി ദീർഘവീക്ഷണത്തോടെ അദ്ദേഹം ചുവടുകൾ നീക്കി. പരാതികൾക്കും പരിഭവങ്ങൾക്കും ഇടനൽകാതെ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പാടവം കൈയ്യടി നേടി. അതുകൊണ്ടുതന്നെ ആ പ്രവർത്തനങ്ങളൊക്കെയും പരാതിരഹിതമായി.

അമേരിക്കൻ സമൂഹത്തെ പിടിച്ചു കുലുക്കിയ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ജനകീയമായ മുന്നേറ്റം കാഴ്ചവച്ചു. വാക്സിനേഷൻ നിരക്കിൽ കൗണ്ടി സംസ്ഥാനത്ത് തന്നെ ഒന്നാമതെത്തിയത് ജോർജിന്റെ ഈ ആസൂത്രണ മികവുകൊണ്ടു മാത്രമാണ്. കോവിഡ് പരിശോധന, രോഗികളുടെ ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകി. പ്രതിസന്ധിലായ സാധാരണക്കാർക്കായി സാമ്പത്തിക സഹായങ്ങളും ഇളവുകളും നൽകി. ഇതിനെ തുടർന്ന് പുത്തൻ തൊഴിൽ അവസരങ്ങളും ഒരുക്കി. ദുരന്തമുഖങ്ങളിൽ ജോർജിന്റെ സംഘാടനവും ഏകോപനവും തികഞ്ഞ പക്വതയോടെയായിരുന്നു. കൊടുങ്കാറ്റ് നാശം വിതച്ച നാളുകളിൽ സഹായ കേന്ദ്രങ്ങൾ തുറന്നു. അടിയന്തര അറിയിപ്പുകൾ ടെക്സ്റ്റ് മെസേജിലൂടെ അറിയിക്കാനുള്ള സംവിധാനവും ഒരുക്കി. വെള്ളപ്പൊക്ക നിയന്ത്രണത്തിനായി അമേരിക്കൻ ആർമിയുമായി ചേർന്ന് തയാറാക്കിയ 25 ഇന പരിപാടി ഫലം കണ്ടു.

ഗതാഗത സൗകര്യം മികച്ചതാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകി. പൊതുഗതാഗത രംഗത്ത് വിപ്ലവാത്മകമായ പരിഷ്കാരങ്ങൾ നടപ്പാക്കി. ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കിയത് ജോർജിന്റെ കാലത്താണ്.

വിദ്യാഭ്യാസ നയം, വെള്ളപ്പൊക്ക ലഘൂകരണ നിയന്ത്രണ പദ്ധതികൾ, ഫ്ലഡ് നെറ്റ്‌വർക്ക് ക്യാമറ പദ്ധതി, ശിശുസംരക്ഷണ പദ്ധതികൾ, കായികവും മാനസികവുമായ ഉണർവിനു കരുത്തു പകരുന്ന പദ്ധതികൾ തുടങ്ങിയവ ജനശ്രദ്ധ നേടി. കുട്ടികൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന നൽകി. പുതിയ പാർക്കുകൾ, മൈതാനങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങിയവ ആരംഭിച്ചു. മാനസികോല്ലാസത്തിന് പ്രത്യേക പരിഗണന നൽകി. യുവശാക്തീകരണത്തിന്റെ ഭാഗമായി നടത്തി യൂത്ത് ലീഡർഷിപ്പ് കൗൺസിൽ പദ്ധതി, യൂത്ത് ജോബ് പദ്ധതി എന്നിവയിലൂടെ മൂന്നു വർഷത്തിനുള്ളിൽ ഇരുനൂറ്റി അൻപതിലേറെ ചെറുപ്പക്കാർക്ക് കൗണ്ടിയിലെ 17 ഡിപ്പാർട്ട്മെന്റുകളിലായി തൊഴിൽ അവസരങ്ങൾ ഒരുക്കി.

2019–22 കാലഘട്ടിൽ സാമ്പത്തിക വികസനത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ടെക്സസിലെ രണ്ടാം സ്ഥാനത്തെത്തി. അതിവേഗ വികസനത്തിൽ ടെക്സസിലെ രണ്ടാമത്തെ കൗണ്ടിയും അമേരിക്കയിലെ പതിമൂന്നാം സ്ഥാനത്തെ കൗണ്ടിയായും ഫോർട് ബെൻഡ് ഉയർന്നു.

കൗണ്ടി ഗവൺമെന്റിന്റെ മീറ്റിംഗുകളെല്ലാം ലൈവ് സ്ട്രീം ചെയ്തത് സുതാര്യതയുടെ ഭാഗമായി ആയിരുന്നു. സംസ്ഥാനത്ത് തന്നെ കൗണ്ടിയുടെ പ്രവർത്തനങ്ങൾ ചർച്ചാ വിഷയമായത് ജോർജിന്റെ പാടവം കൊണ്ടു മാത്രമാണ്.

ഫോർട്ബെൻഡ് സ്കൂൾ അദ്ധ്യാപികയായ ഷീബയാണ് ഭാര്യ. രോഹിത്, ഹെലൻമേരി, സ്നഹ എന്നിവരാണ് മക്കൾ.

Print Friendly, PDF & Email

Leave a Comment

More News