മാല മോഷ്ടിച്ചെന്ന് സംശയിച്ച് നാട്ടുകാർ ഓടിച്ച യുവാവ് ട്രാൻസ്ഫോമറിൽ കയറി; ഏറെ പരിശ്രമത്തിനൊടുവിൽ താഴെ ഇറക്കി

കാസര്‍ഗോഡ്: യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാര്‍ ഓടിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് രക്ഷപ്പെടാന്‍ ട്രാന്‍സ്ഫോര്‍മറില്‍ കയറിയത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. വൈദ്യുതി ലൈനിലൂടെ നടന്ന ഇയാളെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് താഴെയിറക്കി. ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം കല്യാണ്‍ റോഡിലാണ് നാട്ടുകാരേയും പോലീസിനേയും ഫയർഫോഴ്‌സിനേയും വട്ടം കറക്കിയ സംഭവം നടന്നത്.

പൈരടുക്കം റോഡില്‍ നിരവധി വീടുകളിൽ കയറിയ യുവാവ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാർ ഓടിച്ചപ്പോഴാണ് ഇയാള്‍ പ്രാണരക്ഷാര്‍ഥം ഓടിയത്‌. പിന്നാലെ നാട്ടുകാരും ഓടിയതോടെ ഇയാള്‍ ട്രാന്‍സ്ഫോര്‍മറിലേക്ക്‌ വലിഞ്ഞുകയറുകയായിരുന്നു. യുവാവ്‌ ട്രാന്‍സ്ഫോര്‍മറിലേക്ക്‌ ഓടിക്കയറിയതിനു പിന്നാലെ നാട്ടുകാര്‍ കെഎസ്‌ഇബിയില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന്‌ ഉദ്യോഗസ്ഥര്‍ ഇവിടേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. അതുകൊണ്ടുതന്നെ വലിയ അപകടം ഒഴിവാക്കാനും യുവാവിന്റെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ട്രാന്‍സ്ഫോര്‍മറിലെ ഇലക്ട്രിക്‌ ലൈനിലൂടെ ഓടി നടക്കുകയായിരുന്നു. ഒടുവില്‍ ഫയര്‍ഫോഴ്സും പൊലീസുമെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ്‌ യുവാവിനെ താഴെയിറക്കിയത്‌.

മുമ്പ്‌ ചന്ദേരയിലും സമാന സംഭവത്തില്‍ യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. തുടര്‍ന്ന്‌ യുവാവിന്‌ മാനസികാസ്വസ്ഥതയുണ്ഞെന്ന്‌ മനസ്സിലാക്കി മാവുങ്കലിലെ സ്നേഹാലയത്തിലേക്ക്‌ മാറ്റുകയായിരുന്നു. എന്നാല്‍ അവിടെ നിന്നും പുറത്തുകടക്കുകയായിരുന്നു. മാലപൊട്ടിച്ചെന്ന്‌ പരാതി ലഭിക്കാത്തതിനാല്‍ കേസ്‌ എടുത്തിട്ടില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു. അതേസമയം യുവാവിനെ തിരികെ സ്നേഹാലയത്തിലെത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News