മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിക്കു സൗത്ത് വെസ്റ്റ് സോൺ റീജിയനിൽ ഉജ്വല സമാപനം

ടെക്‌സാസ് (കൊപ്പേൽ): ഭാരത സഭയുടെ ഏറ്റവും വലിയ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്റെ (Little Flower Mission League) പ്ലാറ്റിനം ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ചു ചിക്കാഗോ സീറോ മലബാർ രൂപതയുടെ സൗത്ത് വെസ്റ്റ് സോൺ സംഘടിപ്പിച്ച ആഘോഷങ്ങക്കു ഉജ്വല സമാപനം. കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സമാപന സമ്മേളനം നടന്നത്.

ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, മിഷൻ ലീഗ് പ്രസിഡന്റ് ആന്റണി സജേഷ് എന്നിവർ ചേർന്ന് ചെറുപുഷ്പ മിഷൻ ലീഗ് പതാക ഉയത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ഫാ. മെൽവിൻ പോൾ (ഹൂസ്റ്റൺ), ഫാ പോൾ കൊടകരക്കാരൻ (ഒക്ലഹോമ) എന്നിവരുടെ കാർമികത്വത്തിൽ കൃതജ്ഞാതാ ദിവ്യബലി നടന്നു.

തുടർന്ന്, കൊപ്പേൽ സെന്റ്. അൽഫോൻസാ, ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ, ഓസ്റ്റിൻ സെന്റ് അൽഫോൻസാ, ഒക്ലഹോമ ഹോളിഫാമിലി എന്നീ ഇടവകകളിൽ നിന്നുള്ള മിഷൻ ലീഗ് പതാകകളും ജൂബിലി ബാനറുമേന്തി നാനൂറോളം കുഞ്ഞു മിഷനറിമാരും, വൈദികരും, സന്യസ്തരും, വിശ്വാസികളും പങ്കെടുത്ത പ്രൗഢോജ്വലമായ പ്രേഷിത റാലി നടന്നു.

കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇടവക വികാരിമാരും മതബോധനഅധ്യാപകരും മിഷൻ ലീഗ് ഭാരവാഹികളും ചേർന്ന് തിരിതെളിച്ചു ജൂബിലി സമാപന ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. സെമിനാറുകൾ , കലാപരിപാടികൾ, ടെലി ഫിലിം,സിമ്പോസിയം എന്നിങ്ങനെ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് സമാപന നഗരിയായ കൊപ്പേൽ സെന്റ് അൽഫോൻസാ സാക്ഷിയായി.

ഫാ. ജേക്കബ് ക്രിസ്റ്റി, ഫാ. മെൽവിൻ, മിഷൻ ലീഗ് സൗത്ത് വെസ്റ്റ് കോർഡിനേറ്റർ ശിൽപ്പാ ജോഷി എന്നിവർ ആശംസകളർപ്പിച്ചു. ആന്റണി സജേഷ് സ്വാഗതവും കൊപ്പേൽ ശാഖാ വൈ. പ്രസിഡന്റ് നേഹ ജോഷി നന്ദി പ്രകാശനവും നിർവഹിച്ചു. ഡോണാ ആൻ (മിഷലീഗ് കൊപ്പേൽ ശാഖാ ട്രഷറർ ) പരിപാടികളുടെ എംസിയായിരുന്നു.

സൗത്ത് വെസ്റ്റ് സോൺ എക്സിക്യൂട്ടീവ് റെപ്രസെന്ററ്റീവ് ആൻ ടോമി, മിഷൻ ലീഗ് സെന്റ്. അൽഫോൻസാ അനിമേറ്റർ റോസ്മേരി ആലപ്പാട്ട്, സിസിഡി കോർഡിനേറ്റർ ഷിജോ ജോസഫ് തുടങ്ങിയവർ ജൂബിലി സമാപനഘോഷങ്ങൾക്കു നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News