മോർബി പാലം തകർച്ച: രക്ഷാപ്രവർത്തകരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

മോർബി : ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗുജറാത്തിലെ മോർബിയിൽ പാലം തകർന്ന സ്ഥലം സന്ദർശിച്ചു.

മോർബിയിൽ ദുരന്തമുണ്ടായപ്പോൾ, രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവരെ പ്രധാനമന്ത്രി നേരിട്ടു കണ്ടു. മച്ചു നദിയിൽ തിരച്ചിൽ നടത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം മോർബിയിലെ സിവിൽ ആശുപത്രിയിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദർശിച്ചു. ഞായറാഴ്ച മോർബി ടൗണിലെ കേബിൾ തൂക്കുപാലം തകര്‍ന്നു വീണ് നൂറിലധികം ആളുകൾ പരിക്കേറ്റ് ചികിത്സയിലാണ്. സ്ത്രീകളും കുട്ടികളുമടക്കം 135 പേർ കൊല്ലപ്പെട്ടു.

മോർബിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ തിങ്കളാഴ്ച ഗാന്ധിനഗറിലെ രാജ്ഭവനിൽ ഉന്നതതല യോഗം ചേർന്നു.

മോർബിയിലുണ്ടായ ദാരുണമായ സംഭവം മുതൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു. ദുരിതബാധിതർക്ക് ലഭ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ, സംസ്ഥാന ചീഫ് സെക്രട്ടറി ഹർഷ് സാംഘവി, പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) എന്നിവരും, സംസ്ഥാന ആഭ്യന്തര വകുപ്പിലെ പ്രതിനിധികളും, ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.

രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഒരു കാലതാമസവും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാലം തകർച്ചയെക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മോർബി പാലം തകർന്നതുമായി ബന്ധപ്പെട്ട് പാലം പുനർനിർമിച്ച ഒറെവ കമ്പനിയിലെ ജീവനക്കാർ, ടിക്കറ്റ് വിൽപ്പനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News