ഭാര്യയും കാമുകനും ചേര്‍ന്ന് ഹോര്‍ലിക്സില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചു; പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരം: ഷാരോൺ കൊലപാതക കേസിൽ പാറശ്ശാല പോലീസിനെതിരെ വിമർശനം ഉയരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി മറ്റൊരാളും രംഗത്തെത്തി. തനിക്ക് ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താൻ ശ്രമിച്ച
ഭാര്യയ്ക്കും കാമുകനുമെതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് പാറശാല സ്വദേശി സുധീര്‍ ആരോപിക്കുന്നത്.

ആറുമാസം മുമ്പ് നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തില്ലെന്നാണ് കെഎസ്ആർടിസി ഡ്രൈവറായ സുധീർ പറയുന്നത്. കാമുകനൊപ്പം ഹോർലിക്‌സിൽ വിഷം കലർത്തി തന്നെ കൊലപ്പെടുത്താൻ ഭാര്യ ശ്രമിച്ചുവെന്നാണ് ഇയാളുടെ പരാതി.

2018 ജൂലൈ മാസത്തിലാണ് ഭാര്യയും അവളുടെ ആണ്‍സുഹൃത്തും ചേര്‍ന്ന് ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി നല്‍കിയത്. ഭാര്യ തമിഴ്‌നാട്ടിലെ ശിവകാശി സ്വദേശിനിയാണ്. ഇടയ്ക്കിടെ തലവേദന വരുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എന്നും സുധീര്‍ പറഞ്ഞു.

പിന്നീട് ഒരിക്കല്‍ വീട്ടില്‍ നിന്ന് ഹോര്‍ളിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പാറശാല ആശുപത്രിയിലെത്തിച്ച സുധീറിനെ പിന്നീട് നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

ഇവിടെ നിന്നും മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ സുധീര്‍ ആരോഗ്യം പതിയെ വീണ്ടെടുക്കുകയായിരുന്നു എന്നാണ് പറയുന്നത്. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ നിന്നും സിറിഞ്ചും അലുമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്.

ഭാര്യയുടെ ആണ്‍ സുഹൃത്ത് വിഷം തമിഴ്നാട്ടില്‍ നിന്ന് കൊറിയറായി അയച്ച് നല്‍കിയതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുധീര്‍ പറയുന്നു. ഭാര്യ വീട്ടില്‍ നിന്ന് പോയ ശേഷം ഇവരുടെ വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെയാണ് കവറില്‍ പൊതിഞ്ഞനിലയില്‍ വിഷം കണ്ടെത്തിയത്.

അലൂമിനിയം ഫോസ്ഫൈഡ് കഴിച്ചതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാണെന്നും സുധീർ ആരോപിക്കുന്നു. എന്നാൽ, തന്റെ പരാതിയോ തന്റെ കൈവശമുള്ള തെളിവുകളോ പരിശോധിക്കാൻ പോലും പോലീസ് തയ്യാറായില്ലെന്നും സുധീർ ആരോപിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News