കാറില്‍ ചാരിനിന്ന ആറു വയസ്സുകാരനെ ചവിട്ടിയ യുവാവിനെ റിമാന്‍ഡ് ചെയ്തു

കണ്ണൂര്‍: തലശ്ശേരിയിൽ കാറിന്റെ സൈഡിൽ ചാരി നിന്നതിന്റെ പേരില്‍ ആറു വയസ്സുകാരനെ ചവിട്ടിയ സംഭവത്തിൽ കുറ്റം ചുമത്തപ്പെട്ട മുഹമ്മദ് ഷാനിദിനെ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഷാനിദിന്റെ കാർ നോ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടി മാറിയില്ലായിരുന്നെങ്കിൽ ചവിട്ട് വയറിനേറ്റ് മരണം വരെ സംഭവിക്കുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാറിൽ ചാരി നിന്നതാണ് ഷാനിദിനെ പ്രകോപിപ്പിച്ചതെന്നും അതാണ് ചവിട്ടാൻ കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ചവിട്ടേറ്റ കുട്ടി കരയുന്നത് കണ്ടതോടെയാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നത്.

തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ജനങ്ങള്‍ക്ക് മനസ്സിലായത്. അതേസമയം, പോലീസെത്തി അർദ്ധരാത്രിയോടെ ഷാനിദിനെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പുലർച്ചയോടെ വിട്ടയക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്.

പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. ഇന്ന് രാവിലെയോടെയാണ് കുട്ടിയെ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. കാറിന്റെ അരികിൽ ചാരി നിന്ന കുട്ടിയെ ഷാനിദ് പാഞ്ഞെത്തി പുറകിൽ ആഞ്ഞ് ചവിട്ടുകയായിരുന്നു. ചവിട്ട് കിട്ടിയത് എന്തിനെന്ന് അറിയാതെ പകച്ചു നിൽക്കുന്ന കുട്ടിയെയും ദൃശ്യങ്ങളിൽ കാണാം. കുട്ടിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

Print Friendly, PDF & Email

Leave a Comment

More News