മേയറുടേതെന്ന പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം നഗര സഭ

തിരുവനന്തപുരം: മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭയുടെ മുന്നറിയിപ്പ്. കരാര്‍ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയെന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി നഗരസഭ രംഗത്തെത്തിയിരിക്കുന്നത്.

നഗരസഭയുടെ വിശദീകരണം:

“തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ മേയറുടെ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ല. ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവും നിലവിലില്ല.മേയര്‍ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്.വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്. ഇത്തരത്തില്‍ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു.ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവര്‍ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നത്. മാത്രവുമല്ല ഇങ്ങിനൊരു ആക്ഷേപം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു”

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും അറിയിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഈ മാസം ഒന്നിനാണ് മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ വിവാദ കത്ത് അയച്ചത്. ‘സഖാവേ’ എന്ന അഭിസംബോധനയില്‍ തുടങ്ങുന്ന കത്തില്‍ ഒഴിവുകളുടെ വിശദാംശം നൽകിയ ശേഷം ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. എങ്ങനെ അപേക്ഷിക്കണം, അവസാന തീയതി എന്നിവയും വിവാദ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News