മുറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനെ പോലീസ് രക്ഷപ്പെടുത്തി

പത്തനംതിട്ട: പന്തളത്ത് മുറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് വയസുകാരനെ പോലീസ് രക്ഷപ്പെടുത്തി. വിഷ്ണു-സുധി ദമ്പതികളുടെ മകൻ വൈഷ്ണവ് (3) ആണ് മുറിക്കുള്ളിൽ കുടുങ്ങിയത്. പന്തളം പോലീസ് സ്റ്റേഷന് സമീപമുള്ള എഫ് ഫ്ലാറ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

ഫ്ലാറ്റിൻറെ മൂന്നാം നിലയിലെ മുറിയിലാണ് കുടുംബം താമസിക്കുന്നത്. വിഷ്ണുവും വൈഷ്ണവും ചേർന്ന് മുറിക്കുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫോൺ വന്നതിനെ തുടർന്ന് വിഷ്ണു സംസാരിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി. ഈ സമയത്താണ് കുട്ടിയുടെ കൈ തട്ടി അബദ്ധത്തിൽ വാതിലടഞ്ഞ് ലോക്ക് ആയത്.

സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ സുധി ജോലിക്ക് പോയതായിരുന്നു. എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കാനാകാത്തതിനാൽ സഹായമഭ്യർത്ഥിച്ച് സമീപത്തെ പന്തളം പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. എസ്ഐ ഉണ്ണികൃഷ്‌ണൻറെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം പൂട്ട് പൊളിച്ച് അകത്തുകടന്ന് കുട്ടിയെ രക്ഷപ്പെടുത്തി. എസ്‌ഐ ഉണ്ണികൃഷ്‌ണനൊപ്പം, സിപിഓമാരായ അൻവർഷ, സുശീൽ കുമാർ, കൃഷ്‌ണദാസ്, ജയപ്രകാശ്, രാജേഷ് എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Print Friendly, PDF & Email

Leave a Comment

More News