രാഷ്ട്രപതിക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്താൻ ആർക്കും അവകാശമില്ല: നിതീഷ് കുമാർ

പട്‌ന: പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ രൂപത്തെക്കുറിച്ച് പശ്ചിമ ബംഗാൾ മന്ത്രി നടത്തിയ അപകീർത്തികരമായ പരാമർശത്തെ അപലപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാഷ്ട്രപതിക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്താൻ ആർക്കും അവകാശമില്ലെന്നും, ഇത്തരം പരാമർശങ്ങൾ നിർഭാഗ്യകരവും അപലപനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യൻ പ്രസിഡന്റിനെ കുറിച്ച് ആർക്കാണ് ഇത്തരം പരാമർശങ്ങൾ നടത്താൻ കഴിയുക? ഇത് നിർഭാഗ്യകരവും അപലപനീയവുമാണ്,” മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ ആരെയും അവരുടെ രൂപഭാവം വച്ച് വിലയിരുത്തുന്നില്ല, രാഷ്ട്രപതിയുടെ ഓഫീസിനെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ നമ്മുടെ രാഷ്ട്രപതിയെ എങ്ങനെയാണ് നാം കാണേണ്ടത്?,” പശ്ചിമ ബംഗാൾ കറക്‌ഷനൽ ഹോംസ് മന്ത്രി അഖിൽ ഗിരി വ്യാഴാഴ്ച പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ പരാമർശം വ്യാപകമായ വിമർശനത്തിന് ഇടയാക്കിയതോടെ പരാമർശത്തിൽ മന്ത്രി മാപ്പ് പറഞ്ഞു.

“ബഹുമാനപ്പെട്ട രാഷ്ട്രപതിയെ അനാദരിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. വാക്കാൽ ആക്രമിക്കുന്നതിനിടെ ബിജെപി നേതാക്കൾ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ഞാൻ. എല്ലാ ദിവസവും, എന്റെ രൂപത്തിന്റെ പേരിൽ ഞാൻ വാക്കാൽ ആക്രമിക്കപ്പെടുന്നു. ഞാൻ രാഷ്ട്രപതിയോട് അനാദരവ് കാണിച്ചെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. അത്തരമൊരു പരാമർശം നടത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റിനോട് എനിക്ക് അതിയായ ബഹുമാനമുണ്ട്,” മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News