മദ്യലഹരിയില്‍ ഓടിച്ച വാഹനം സ്‌കൂള്‍ ബസിലിടിച്ച് 16 പേര്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം

വാഴ്‌സോ (ഇന്ത്യാന): ചിക്കാഗോ സെന്റ് ഇഗ്‌നേഷ്യസ് കോളജില്‍ നിന്നും ഹോക്കി കളിക്കാരുമായി പുറപ്പെട്ട ബസ് ചിക്കാഗോ സൗത്ത് ഈസ്റ്റില്‍ നിന്നും 120 മൈല്‍ ദൂരെയുള്ള വാഴ്‌സോയില്‍ മദ്യ ലഹരിയില്‍ ഡ്രൈവര്‍ ഓടിച്ച സെമി ട്രക്ക് ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 16 ജൂണിയര്‍ വാഴ്‌സിറ്റി ഹോക്കി കളിക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.

ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. റോഡില്‍ അലക്ഷ്യമായി നീങ്ങിയ ട്രക്കിനെ പോലീസ് പിന്തുടര്‍ന്ന് നിര്‍ത്താന്‍ ശ്രമിക്കുന്നതിനു മുമ്പ് വാഹനം ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

റെഡ് ലൈറ്റില്‍ നിര്‍ത്താതെയായിരുന്നു സെമി ട്രക്ക് പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് ബസ് വശംതിരിഞ്ഞ് മറിയുകയായിരുന്നു.

സംഭവത്തിനുശേഷം പിടിയിലായ ന്യൂയോര്‍ക്കില്‍ നിന്നുള്ള 58 വയസ് പ്രായമുള്ള ഡ്രൈവര്‍ മദ്യത്തിനു അടിമയായിരുന്നുവെന്നും, കെമിക്കല്‍ ടെസ്റ്റിനു ഡ്രൈവര്‍ വിസമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റിഡിയിലെടുത്തു.

വാടകയ്‌ക്കെടുത്ത സ്‌കൂള്‍ ബസില്‍ 23 വിദ്യാര്‍ഥികളും രണ്ട് കോച്ചുമാരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. 14 മുതല്‍ 17 വരെ പ്രായമുള്ളവരായിരുന്നു വിദ്യാര്‍ത്ഥികള്‍. ഡ്രൈവര്‍ക്കെതിരേ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനു കേസെടുത്തു.

Print Friendly, PDF & Email

Leave a Comment

More News