ഖത്തറിൽ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം; ലോകം മുഴുവന്‍ ‘അല്‍‌രിഹ്‌ല’യ്ക്ക് പിന്നാലെ

ദോഹ: 12 കിലോമീറ്റർ മാത്രം ദൂരത്തിൽ വിവിധ സ്ഥലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളായി ലോകം ചുരുങ്ങുന്നു. 29 ദിവസങ്ങൾ, ലോകത്തിന്റെ എല്ലാ കോണിലും ഒരേയൊരു മന്ത്രം, ഫുട്ബോൾ! അറേബ്യൻ മണ്ണിൽ ആദ്യമായി എത്തുന്ന ലോകകപ്പ് കളി കാണാന്‍ കാത്തിരിക്കുന്നത് മലയാളികളടക്കം ഖത്തറിലെ ലക്ഷക്കണക്കിന് ആരാധകരാണ്.

കിക്കോഫ് മത്സരത്തിൽ ആതിഥേയരായ ഖത്തർ സൗത്ത് അമേരിക്കയിൽ നിന്നുള്ള പരിചയ സമ്പന്നരായ ഇക്വഡോറിനെ നേരിടും. ഞായറാഴ്ച ഖത്തര്‍ സമയം വൈകീട്ട് 7:00നാണ് (ഇന്ത്യൻ സമയം 9.30) മത്സരം. അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

ചെറിയ രാജ്യമാണെങ്കിലും ലോകത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ് ഖത്തര്‍. എട്ടു സ്റ്റേഡിയങ്ങളിലായി 29 ദിവസത്തിലായി നടക്കുന്ന ലോക മാമാങ്കത്തിനായി എത്തിച്ചേര്‍ന്നിരിക്കുന്നത് 32 ടീമുകളാണ്. 64 മത്സരങ്ങള്‍ക്ക് ഒടുവില്‍ ലോകകിരീടം ഉയര്‍ത്തുന്നത് ആരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനി.

12 ലക്ഷം കാണികളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയങ്ങളിലേക്ക് ടെലിവിഷൻ ക്യാമറകൾ കണ്ണു തുറക്കുമ്പോൾ ലോകം ‘അൽരിഹ്‌ല’ എന്ന പന്തിനോടൊപ്പം ലോകം പായും. ഡിസംബർ 18ന് രാത്രി ലുസൈൽ ഐക്കണിക്ക് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.

Print Friendly, PDF & Email

Leave a Comment

More News