വിദ്വേഷ പ്രസംഗ കേസ്: അസം ഖാന് ജാമ്യം അനുവദിച്ചു

ബറേലി: 2019ലെ വിദ്വേഷ പ്രസംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ സെഷൻസ് കോടതിയിൽ ചോദ്യം ചെയ്ത മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് അസംഖാന് പ്രത്യേക കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഖാനെ ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് ഒക്‌ടോബർ 27ന് നേതാവിനു പ്രത്യേക കോടതി ജഡ്ജി അലോക് ദുബെ മൂന്നു വർഷത്തെ തടവുശിക്ഷ വിധിച്ചതായി ഖാന്റെ അഭിഭാഷകൻ സുബൈർ അഹമ്മദ് പറഞ്ഞു.

ആ സമയത്ത് ഇടക്കാല ജാമ്യം ലഭിക്കുകയും പതിവ് ജാമ്യത്തിനായി കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തുവെന്ന് അഭിഭാഷകൻ പറഞ്ഞു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഖാന് ജാമ്യം അനുവദിച്ചത്.

നിയമസഭയിൽ രാംപൂർ സദറിനെ പ്രതിനിധീകരിച്ച ഖാൻ സെഷൻസ് കോടതിയുടെ ഹർജി തീർപ്പാക്കുന്നതുവരെ ജാമ്യത്തിലായിരിക്കും. ഡിസംബർ അഞ്ചിനാണ് രാംപൂർ സദർ മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ്.

Print Friendly, PDF & Email

Leave a Comment

More News