സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കും

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 18ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ന്യൂനപക്ഷ അവകാശാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും, ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

1992 ഡിസംബര്‍ 18നാണ് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ദിനാചരണത്തെക്കുറിച്ചുമുള്ള ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വിവിധ ന്യൂനപക്ഷജനവിഭാഗങ്ങളെ ഭരണഘടന വിഭാവനം ചെയ്യുന്ന തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള സെമിനാറുകളും ബോധവല്‍ക്കരണ ക്ലാസുകളുമാണ് അന്നേദിവസം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യയില്‍ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡിസംബര്‍ 18ന് ലെയ്റ്റി കൗണ്‍സില്‍ നിവേദനം നല്‍കുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനത്തിനെതിരെയും ഇന്ത്യയില്‍ ക്രൈസ്തവരുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ക്കും നിയമനിര്‍മ്മാണങ്ങള്‍ക്കുമെതിരെയും വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സംയുക്തമായ നീക്കം അടിയന്തരമാണ്. രാജ്യത്തെ ന്യൂനപക്ഷ പദവിയുള്ള എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളും ന്യൂനപക്ഷ അവകാശദിനാചരണത്തില്‍ പങ്കുചേരണമെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും അവ നേടിയെടുക്കുന്നതിലെ പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ചചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും വി,സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News