ലോക കപ്പ്: ഇംഗ്ലണ്ടും അമേരിക്കയും സമനിലയില്‍; ഗ്രൂപ്പ് ബിയിൽ നാല് ടീമുകളും സജീവം

ദോഹ: ലോകകപ്പ് ടൂർണമെന്റിൽ അമേരിക്കയെ തോൽപ്പിക്കാനാകാത്ത റെക്കോർഡ് തിരുത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് ബിയിൽ യു.എസ്.എ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ചു. ജയിച്ചാൽ പ്രീക്വാർട്ടർ ഉറപ്പിക്കാമായിരുന്ന മത്സരത്തിൽ അമേരിക്കൻ സമ്മർദ്ദത്തിൽ ഇംഗ്ലണ്ടിന് ലക്ഷ്യം നേടാനായില്ല. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെ ഗ്രൂപ്പ് ബിയിലെ എല്ലാ ടീമുകൾക്കും രണ്ടാം റൗണ്ട് പ്രതീക്ഷകൾ ഇപ്പോഴും സജീവമാണ്.

ഇറാനെതിരെ ഗോള്‍ അടിച്ചു കൂട്ടിയ ഇംഗ്ലണ്ടിനെ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ അമേരിക്കയ്‌ക്കെതിരെ കണ്ടില്ല. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചംങഅകിലും ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഹാരി കെയ്‌നും സംഘത്തിനുമായില്ല. എന്നാല്‍ പരിക്കു ഭീതിയിലായിരുന്ന കെയ്‌നും മെഗ്വെയറും പൂര്‍ണക്ഷമതയോടെ ഫോമിലേക്ക് എത്തിയത് പരിശീലകന്‍ ഗാരത് സൗത്ത്‌ഗേറ്റിന് ആശ്വാസമാണ്. വെയ്ല്‍സിനെതിരെ മികച്ച കളി പുറത്തെടുത്ത അമേരിക്ക, ഇംഗ്ലണ്ടിനെതിരെയും അതേ മികവിലാണ് ഇറങ്ങിയത്. എതിരാളികളേക്കാള്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും അവര്‍ക്കായി.

ഒരു ജയത്തിലും ഒരു സമനിലയിലുമായി നാലു പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതാണ്. വെയ്ൽസിനെ തോൽപ്പിച്ച് മൂന്ന് പോയിന്റുമായി ഇറാൻ രണ്ടാമതാണ്. രണ്ട് മത്സരങ്ങളും സമനിലയായപ്പോൾ യു.എസ്.എയ്ക്ക് രണ്ട് പോയിന്റാണുള്ളത്. ഒരു പോയിന്റുമായി വെയ്ൽ പട്ടികയുടെ ഏറ്റവും താഴെയാണ്. ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന റൗണ്ടിൽ ഇംഗ്ലണ്ട്-വെയ്ൽസും യുഎസ്എയും ഇറാനെ നേരിടും.

Print Friendly, PDF & Email

Leave a Comment

More News