വിഴിഞ്ഞം സമരം: നഷ്ടപരിഹാരം ലത്തീന്‍ രൂപത നല്‍കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് സർക്കാർ. സമരത്തിന് നേതൃത്വം നൽകിയ ലത്തീൻ അതിരൂപതയിൽ നിന്ന് പ്രതിഷേധത്തിനിടെ ഉണ്ടായ നഷ്ടം നികത്താനാണ് തീരുമാനം. തങ്ങൾക്കുണ്ടായ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന നിർമാണ കമ്പനിയായ വിസിലിന്റെ (വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്) ആവശ്യം സർക്കാർ അംഗീകരിച്ചു. നിലപാട് ഹൈക്കോടതിയെ അറിയിക്കും.

സമവായ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. സമരം മൂലമുള്ള ആകെ നഷ്ടം 200 കോടിയിലധികമാണ്. സമരം മൂലം നിര്‍മ്മാണം തടസ്സപ്പെട്ടതില്‍ പ്രതിദിനം രണ്ടു കോടി രൂപയുടെ നഷ്ടം വരുമെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്ക്.

അതിനിടെ സമരം കൂടുതൽ ശക്തമാക്കാനുള്ള പ്രത്യേക അറിയിപ്പ് ഇന്ന് എല്ലാ പള്ളികളിലും വായിക്കും. ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104-ാം ദിനമാണ്. ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ സബ് കലക്‌ടറുടെയും ഡിസിപിയുടെയും നേതൃത്വത്തിൽ അനുരഞ്ജന ചർച്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും പ്രാദേശിക ജനകീയ കൂട്ടായ്മ പ്രതിനിധികൾ എത്താത്തതിനാൽ ഈ ശ്രമവും പരാജയപ്പെട്ടു.

അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും. ഇടക്കാല ഉത്തരവ് നിലനില്‍ക്കേ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടഞ്ഞ സമരക്കാർക്കെതിരെ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നറിയാനും സർക്കാർ കാത്തിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News