മൈത്രേയ ചിന്തകൾ മാനം മുട്ടുമ്പോൾ? (ലേഖനം)

പ്രായോഗിക ദാർശനികതയുടെ ചിന്താ സരണികളുമായി ‘മൈത്രേയൻ‘ എന്ന ചിന്തകന്റെ കണ്ടെത്തലുകൾ മലയാള സാംസ്കാരിക രംഗത്ത് തുടിച്ചു നിൽക്കുന്ന ഒരു കാലമാണിത്. നമ്മൾ അറിഞ്ഞുവച്ചു എന്ന് അവകാശപ്പെട്ടിരുന്ന പലതിനെയും വർത്തമാന ബോധത്തിന്റെ ചാണയിൽ ഉരച്ച് ആവശ്യമായ മാറ്റില്ലാതെ അദ്ദേഹം തള്ളിക്കളഞ്ഞു കഴിഞ്ഞു. ശാസ്ത്ര ബോധത്തിന്റെ അസാമാന്യതയിൽ നിന്ന് അദ്ദേഹം രൂപപ്പെടുത്തുന്ന സിദ്ധാന്തങ്ങൾ പലതും പുതിയതും, പ്രായോഗികവും ആണ് എന്നതിനാൽ പൊതു സമൂഹത്തിൽ അംഗീകാരം നേടുന്നുമുണ്ട്.

ഏതൊരു ശാസ്ത്ര ബോധവും രൂപപ്പെടുന്നത് വെറും സാമാന്യനായ മനുഷ്യൻ എന്ന പ്രതിഭാസത്തിൽ നിന്നായതിനാൽ അതിന് സാമാന്യത്തിന്റെ ചുറ്റുവട്ടങ്ങളിൽ നിന്ന് അസ്സാമാന്യത്തിന്റെ അതിവിശാലങ്ങളിലേക്ക് കടക്കാനാവുന്നില്ല എന്ന എന്റെ കണ്ടെത്തൽ മൂലം അദ്ദേഹത്തോട് പൂർണ്ണമായി യോജിക്കാൻ എനിക്ക് സാധിക്കുന്നില്ല. എങ്കിലും ഓരോ ജീവിയും തന്റെ ജീവിതം സ്വന്തം സന്തതിപരമ്പരകളിലൂടെ തുടരുകയാണ് എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം ഇതുവരെ ആരും കണ്ടെത്താത്ത യാഥാർത്ഥ്യ ബോധത്തിൽ അധിഷ്ഠിതമായ ആശയവിസ്‌ഫോടനമാണ് അടിസ്ഥാന ധാരണകളിൽ സൃഷ്ടിക്കുന്നത് എന്ന് വിനയപൂർവം സമ്മതിക്കേണ്ടി വരുന്നുണ്ട്.

ജീവിതം ജീവിച്ചു തീർക്കുവാനുള്ളതാണ് എന്ന ആധുനിക ബുദ്ധി ജീവികളുടെ കണ്ടെത്തൽ വലിയ ആനക്കാര്യം ഒന്നുമല്ല. നിങ്ങൾ എന്ത് തന്നെ ചെയ്താലും, അഥവാ ചെയ്തില്ലെങ്കിലും അതങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കും? നിങ്ങൾ കഴിക്കുന്ന ആഹാരം നിങ്ങൾക്ക് പറ്റിയതാണെന്ന് നിങ്ങളെക്കൊണ്ട് സമ്മതിപ്പിക്കുന്നത് പോലും നിങ്ങളുടെ ചിന്തകൾക്കും മുൻപുള്ള ചില സാഹചര്യ സംവിധാനങ്ങളാണ്. നിങ്ങളുടെ കണ്ണ് ആദ്യമായി ഒരു വസ്തു നിങ്ങളുടെ ആഹാരമാണോ എന്ന് നിങ്ങളോടു പറയുന്നു. പിന്നെ മൂക്കിന്റെ സെൻസറിംഗ് കൂടി കഴിഞ്ഞിട്ടാണ് കൈകൾ അതെടുക്കുന്നത്. പിന്നെ വായ തനിക്കാവശ്യമായ വലിപ്പത്തിൽ അതിനെ പരുവപ്പെടുത്തുന്നു. നാക്കു കൂടി രുചിച്ച് ഓക്കേ പറയുന്നതോടെ അത് നിങ്ങളുടെ ആഹാരമായി ശരീരത്തിൽ എത്തുന്നു.

ഇവിടെ നിങ്ങളുടെ ചിന്ത ഒരു കാഴ്ചക്കാരനെപ്പോലെ ദൂരെ മാറി നിൽക്കുകയാണ്. അമ്മയുടെ മുല ഞെട്ടിൽ നിന്ന് ആദ്യമായി ആഹരിക്കുമ്പോളും നിങ്ങൾക്കു വേണ്ടി നിങ്ങളേക്കാൾ കൂടുതലായി ചിന്തിച്ചത് നിങ്ങളുടെ അമ്മയായിരുന്നു. അമ്മക്ക് വേണ്ടി അമ്മയുടെ അമ്മ. അങ്ങിനെ അമ്മമാരുടെ നിര പിന്നോട്ട്, പിന്നോട്ട് സഞ്ചരിച്ച് ആദ്യ അമ്മയായ പ്രപഞ്ചത്തിൽ എത്തിച്ചേരുന്നു. അപ്പോൾ പ്രപഞ്ചമാണ് നിങ്ങളുടെ യഥാർത്ഥ അമ്മ എന്ന് വരുന്നു. അല്ലെങ്കിൽ അമ്മയായ പ്രപഞ്ചത്തിൽ നിന്ന് അടർന്നു വീണ ഒരു കഷ്ണമായ പ്രപഞ്ചം തന്നെയാണ് നിങ്ങൾ എന്നതല്ലേ സത്യം?

നമ്മൾ കാണുന്നതോ, കാണാത്തതോ ആയി അറിയുന്ന എല്ലാറ്റിന്റെയും പിന്നിൽ ഒരു ചിന്തയോ, ആ ചിന്തയുടെ ഭാവമായ വസ്തുവോ ഉണ്ടായിരുന്നതായി മനസിലാക്കാം. എങ്കിൽ പ്രപഞ്ചം എന്ന ഭാവത്തിലും സത്യസ്വരൂപമായ ഒരു ചിന്ത ഉണ്ടായിരിക്കണമല്ലോ? മനുഷ്യ ചിന്തകളുടെ പൊതു വൃത്തങ്ങൾക്കുള്ളിൽ ഒതുങ്ങാത്ത ആ ചിന്ത പ്രപഞ്ചത്തിന് പുറത്തോ, അകത്തോ എന്നത് അന്വേഷകൻ അവന്റെ യുക്തിബോധം ഉപയോഗപ്പെടുത്തി കണ്ടെത്തേണ്ടതാണ് എന്നതാവും കൂടുതൽ ശരി. ജന്തു ശരീരം എന്ന പ്രപഞ്ച വസ്തുവിൽ സ്ഥിതി ചെയ്യുന്ന ചിന്ത എന്ന ബോധാവസ്ഥ അതിന് അകത്തോ, പുറത്തോ എന്നത് യുക്തി ബോധത്തിന് വിട്ടുകൊണ്ട് തന്നെ എവിടെ ആയിരുന്നാലും അത് ഉണ്ട് എന്നോ, ഉണ്ടായിരുന്നു എന്നോ ആർക്കും സമ്മതിക്കേണ്ടി വരുന്നുണ്ടല്ലോ?

എന്റെ ബോധം ഇത് എഴുതുകയും, നിങ്ങളുടെ ബോധം ഇത് വായിക്കുകയും ചെയ്യുമ്പോൾ നമ്മളിൽ വെവ്വേറെ നിലനിൽക്കുന്ന സമാനമായ ഈ ബോധാവസ്ഥയുടെ പ്രവർത്തനമാണ് ഇത് സാധ്യമാക്കുന്നത് എന്ന് നമ്മൾ അറിയുന്നു. എങ്കിൽ പ്രപഞ്ചത്തിന്റെ സ്ഥൂലഭാവ ഭാഗങ്ങളായ നമ്മൾ എന്ന കഷണങ്ങളിൽ ഇവിടെ ഇപ്രകാരം ഉണ്ടെങ്കിൽ സമസ്ത കഷണങ്ങളുടെയും സമഷ്ടി സ്വരൂപമായ മഹാപ്രപഞ്ചത്തിലും ഒരു വലിയ ഭാവമായി നിറഞ്ഞു നിൽക്കുന്ന ഒരു വലിയ ബോധാവസ്ഥ ഉണ്ടായിരിക്കണമല്ലോ?

ഏതെങ്കിലും ഒരു പാവത്താൻ അവനറിയുന്ന ഏറ്റവും നല്ല വാക്കിൽ അതിനെ ദൈവം എന്ന് വിളിച്ചു പോയെങ്കിൽഅവനെ വെറുതേ വിടാവുന്നതല്ലേയുള്ളു ? അത് മൂലം അവനു ലഭ്യമാവുന്ന ആത്മ സംതൃപ്തിയുടെആയിരത്തിൽ ഒന്ന് സമ്മാനിക്കാൻ നിങ്ങളുടെ യാതൊരു കണ്ടെത്തലുകൾക്കും സാധിക്കുന്നില്ലാ എന്നയാഥാർഥ്യം നില നിൽക്കുമ്പോൾ പോലും, നിങ്ങളുടെ യുക്തി സഹമായ ശാസ്ത്ര ബോധം ഉപയോഗപ്പെടുത്തിനിങ്ങൾ കൽപ്പിക്കുന്ന ഏതൊരു ഇടപെടലിനെയും തടസപ്പെടുത്താൻ അവൻ വരുന്നില്ലല്ലോ എന്ന വർത്തമാനസാഹചര്യങ്ങളിൽ ?

പ്രപഞ്ചം ഉണ്ടാക്കിയതല്ല ഉണ്ടായതല്ല, ഉള്ളതാണ് എന്ന് കണ്ടെത്തിയതോടെ തന്റെ എല്ലാ ചോദ്യങ്ങൾക്കുംഉത്തരം കണ്ടെത്തിയതായി മൈത്രേയൻ പറയുന്നു. തന്റെ ശാസ്ത്ര ബോധത്തിന്റെ അടിസ്ഥാനത്തിൽമൈത്രേയൻ രൂപപ്പെടുത്തിയ ഈ സിദ്ധാന്തം പോലെ സ്വന്തം അനുഭവങ്ങളുടെ അഗ്നി മൂശകളിൽ ഉരുക്കിഒരാൾക്ക് അവന്റെ സിദ്ധാന്തവും രൂപപ്പെടുത്താവുന്നതാണല്ലോ എന്നിരിക്കെ തന്റേത് ശരിയും, അപരന്റേത് തെറ്റുംഎന്ന് പറയുവാൻ മൈത്രേയന് എന്തവകാശം?

ഒരു പ്രോട്ടോണിനേക്കാൾ ചെറുതായിരുന്ന പ്രപഞ്ച വിത്ത് തൊട്ടു മുമ്പുണ്ടായ അസാമാന്യമായ (ഒന്ന് ( 1 ) എഴുതിയ ശേഷം മുപ്പത്തിരണ്ട് ( 32 ) പൂജ്യം കൂടി ഇട്ടാൽ കിട്ടുന്ന തുകയുടെ അത്ര ഡിഗ്രി ) ചൂടിൽ അതുവരെചേർത്തു നിർത്തിയ നാല് അടിസ്ഥാന ആകർഷണ ബലങ്ങളുടെ പിടി ‌ വിടുവിക്കപ്പെടുകയും ‘ പ്ലാങ്ക് എപ്പോക് ‘ എന്ന് ശാസ്ത്രം അടയാളപ്പെടുത്തിയ ഒരു പ്രത്യേക അവസ്ഥയിൽ സംഭവിച്ച ന്യൂക്ലിയർ ഫ്യൂഷനിലൂടെ വളർന്ന്വികസിക്കുകയുമായിരുന്നു എന്നതാണല്ലോ നമ്മുടെ ബിഗ്ബാങ് തീയ്യറി ?

ബിഗ്‌ബാംഗിന് മുൻപ് പ്രപഞ്ചമില്ല, അതിന് മുമ്പ് എല്ലാം 00 ആണ് എന്ന് തലയറഞ്ഞു പറയുന്ന ശാസ്ത്രംതന്നെയാണ് ഈ മുൻ സാഹചര്യങ്ങളെ പ്രത്യേകം പ്രത്യേകമായി അടയാളപ്പെടുത്തുന്നത് എന്നതിനാൽത്തന്നെഅതിനു മുൻപും ബിഗ്‌ബാംഗിന് സഹായകമായ ചില സാഹചര്യ സംവിധാനങ്ങൾ ഉണ്ടായിരുന്നു എന്നതല്ലേനമ്മൾ മനസ്സിലാക്കേണ്ടത് ?

മാത്രമല്ലാ, 1380 കോടി കൊല്ലങ്ങൾക്ക് മുൻപ് ബിഗ്ബാങ് വേദികയിൽ നിന്ന് പുറപ്പെട്ട പ്രകാശം ഇപ്പോൾ ആണ് ഇവിടെ എത്തിയിട്ടുള്ളത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ കാല ഗണന എന്നതിനാൽ അതിനുംഎത്രയോ മുൻപും ഏതെങ്കിലും പ്രകാശം എവിടെ നിന്നെങ്കിലും പുറപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഇതുവരെയും ഇവിടെഎത്തിയിട്ടുണ്ടാവില്ല എന്നതല്ലേ യഥാർത്ഥ സത്യം ? അപ്പോൾ ബിഗ്ബാങ് പോലും ആയിരിക്കില്ല യഥാർത്ഥമായആദ്യ കാരണം എന്ന് സമ്മതിക്കേണ്ടി വരും. പ്രപഞ്ചോല്പത്തിയുടെയോ, അതുമല്ലെങ്കിൽ ഉള്ളതായപ്രപഞ്ചത്തിന്റെയോ അകത്തോ, പുറത്തോ ഉണ്ടായിരുന്നതും, പന്ത്രണ്ട് ഖനയടി മാത്രം വരുന്ന മനുഷ്യൻ എന്നപ്രപഞ്ചത്തിൽ ഒതുങ്ങാത്തതുമായ പ്രപഞ്ച ഹേതുവായ ഒരു മഹാ ചിന്ത മഹാ പ്രപഞ്ചത്തിന്റെ ആദ്യ കാരണംഎന്ന നിലയിൽ എന്നോ എവിടെയോ സ്വാഭാവികമായും ഉണ്ടായിരിക്കണമല്ലോ?

ഉള്ളതാണ് പ്രപഞ്ചം എന്ന കണ്ടെത്തലോടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തി എന്നവകാശപ്പെടുന്നബഹുമാന്യനായ മൈത്രേയനും ബിഗ്‌ബാംഗിന് മുൻപ് 00 ആണെന്ന് വാദിക്കുന്ന ശാസ്ത്രത്തെപ്പോലെപിന്നോട്ടുള്ള യാത്രയിൽ കേവലമായ പാതിവഴിയിൽ എത്തി നിന്ന് സ്വയം ആശ്വസിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളുഎന്നതാണ് എന്റെ വിനീതമായ ചോദ്യം.

ദൃശ്യ പ്രപഞ്ച കഷ്ണം മാത്രം എന്ന് ശാസ്ത്ര ബോധം വിവക്ഷിക്കുന്ന വർത്തമാന ശരീരാവസ്ഥയിൽ ഇപ്പോളുള്ളനമ്മളിൽ തന്നെ അദൃശ്യാവസ്ഥയിൽ യജമാനനെപ്പോലെ സ്ഥിതി ചെയ്തു കൊണ്ട് മനസ്സ് എന്നോ, ആത്മാവ്എന്നോ ബോധം എന്നോ ഒക്കെ അടയാളപ്പെടുത്താവുന്ന ഒന്ന് അനുഭവേദ്യമായി നിലവിൽ ഉണ്ടല്ലോ ? നമ്മുടെഅളവ് കോലുകൾ കൊണ്ട് അളക്കാനാവുന്ന മറ്റു ജീവി വർഗ്ഗങ്ങളിലും സ്വാഭാവികമായും ഇത് ഉണ്ട് എന്ന് നമുക്ക്സമ്മതിക്കേണ്ടി വരും.

എങ്കിൽ ഈ അവസ്ഥ തന്നെയല്ലേ ഭ്രൂണ – ബീജാവസ്ഥയിൽ ഒരിക്കൽ ആയിരുന്ന നമ്മളെ ഇന്ന് കാണുന്നപന്ത്രണ്ട് ഖനയടിയിൽ ഇപ്രകാരം രൂപപ്പെടുത്തിയത് എന്ന സത്യം നേരറിവായി അനുഭവിക്കേണ്ടി വരുന്നനമ്മൾക്ക് നമ്മുടെ വലിയ സ്വരൂപമായ പ്രപഞ്ചത്തിലും ഇപ്രകാരം ഒരു വലിയ ബോധാവസ്ഥ ഉണ്ടായിരിക്കണംഎന്നുള്ളതല്ല യഥാർത്ഥമായ നേരറിവ് ?

എന്നാൽ നമ്മുടെ അളവ് കോലുകൾക്ക് വഴങ്ങാത്ത എത്രയോ ഇടങ്ങളിൽ നമുക്ക് മനസ്സിലാവാത്ത എത്രയോസജീവ ഭാവങ്ങളായി ഇത് ഉണ്ടായിരിക്കാം എന്നതല്ലേ യുക്തി ? നമ്മുടെ ചിന്തകളുടെ കൊച്ചുകൊച്ചുഫ്രെയിമുകളിൽ ഒതുങ്ങുന്നത് മാത്രമാണ് സത്യം എന്ന് വാദിക്കുന്നു എന്നത് കൊണ്ട് മാത്രം ശാസ്ത്രസിദ്ധാന്തങ്ങളുടെ വിശ്വാസ്യത കുറയുന്നുണ്ട് എന്നതിന് തെളിവായി എത്രയോ തിരുത്തലുകൾ ഇതിനകം വന്നുകഴിഞ്ഞിരിക്കുന്നു ! നിർജ്ജീവ വസ്തുക്കളായി നമ്മൾ വിലയിരുത്തുന്ന മണ്ണിനും, കല്ലിനും, കടലിനും, കാറ്റിനുംനമുക്കജ്ഞാതമായ ഭാവങ്ങളോടെ മഹാ മനസ്സുകൾ നിലവിലുണ്ടാവാം.

ചുരുക്കത്തിൽ എന്താണ് സത്യം? നമുക്കൊന്നും അറിയില്ല എന്ന നഗ്ന സത്യം ! അറിവുണ്ടെന്ന അറിവാണ്നമ്മുടെ അജ്ഞത. അനന്ത വിസ്തൃതവും, അഗമ്യ നിസ്തുലവുമായ പ്രപഞ്ച വാരിധിയിൽ നിന്ന് തന്റെ ശാസ്ത്രജ്ഞാനത്തിന്റെ കൊച്ചു കക്കകളിൽ നിറച്ചെടുക്കുന്ന ജലത്തുള്ളികൾ മാത്രമാണ് നമ്മുടെ അറിവുകൾ. ഈതുള്ളികൾ കടലാണ് എന്ന് വാദിക്കുന്ന കുട്ടിയോട് നമുക്ക് യോജിക്കുകയോ, വിയോജിക്കുകയോ ചെയ്യാം. രണ്ട്വാദങ്ങൾക്കും അതിന്റേതായ ന്യായീകരണങ്ങൾ നിരത്താൻ ഉണ്ടാവാം.

ഒരിക്കലും ഒന്ന് ചേരാത്ത സമാന്തര രേഖകളേപ്പോലെ വ്യത്യസ്ത സിദ്ധാന്തങ്ങൾ എന്നുമെന്നും സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഒരുവന് ആത്മ സുഖം സമ്മാനിക്കുന്ന അവന്റെ ചിന്തകൾ അപരന്റെ അവകാശങ്ങളെപ്രത്യക്ഷമായോ, പരോക്ഷമായോ ആക്രമിക്കാതിരിക്കുന്ന കാലത്തോളം അവനെ അവന്റെ വഴിക്ക് വിടുക. ഒരുസിദ്ധാന്തവും ഒന്നിന്റെയും അവസാന വാക്കല്ല എന്ന സത്യം നില നിൽക്കുമ്പോൾ മനുഷ്യാവസ്ഥയെഗുണപരമായി പരിണമിപ്പിക്കാൻ ഉതകുന്ന എന്തിനെയും – അത് ചിന്തയാവാം, പ്രവർത്തിയാവാം – നമുക്ക്സ്വാഗതം ചെയ്യാം.

കേവലമായ ഒരുന്നൂറ്‌ വർഷങ്ങളുടെ ചുറ്റു വട്ടത്തിനുള്ളിൽ എല്ലാ പരാക്രമങ്ങളും അവസാനിപ്പിച്ച് പടം മടക്കേണ്ടനമ്മൾ പരിസ്സരങ്ങൾക്ക് വെളിച്ചം പകരുന്ന മെഴുകുതിരികളായി ‌ ഉരുകിയുരുകി അവസാനിക്കുക എന്നതല്ലേഎക്കാലത്തേയും പ്രസക്തമായ മനുഷ്യ ധർമ്മം ? ( എങ്കിൽ ലോക ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന്തിന്നാനുള്ള ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന യുക്രൈൻ വയലേലകളിൽ മണ്ണിനും മനുഷ്യനും നേരെ തീയുംഗന്ധകവും വലിച്ചെറിയുന്ന അന്താരാഷ്‌ട്ര കോർപ്പറെറ്റുകൾക്ക് എന്ത് നീതി ? എന്ത് ധർമ്മം ? )

പ്രകാശ വർഷങ്ങൾക്കും പ്രദീപ്ത നയങ്ങൾക്കും അപ്പുറെ ചിന്തകളുടെയും അനുഭവങ്ങളുടെയും ചിറകുകളിൽ അറിയപ്പെടുന്ന പ്രപഞ്ച വിസ്മയങ്ങൾ, ശാസ്ത്ര പുരോഗതി പ്രകാശത്തെ ഇന്ധനമാക്കി പറക്കുന്ന ഒരു കാലം വന്നാൽ പോലും നിത്യ സത്യമായ യുക്തി ബോധമായി, നമുക്ക് അപ്രാപ്യമായ ആകര്ഷണീയത മാത്രമായി നമ്മുടെ ചിന്തകളിൽ മാത്രം എന്നെന്നും അകലെ നിൽക്കും ! സത്യ സന്ധമായി അത് തിരിച്ചറിയാൻ കഴിഞ്ഞത്കൊണ്ടാവണം, ഇരുട്ടിൽ ഇല്ലാത്ത പൂച്ചയെ തപ്പുന്ന യുക്തിവാദികൾക്കും, സ്വർഗ്ഗത്തിന്റെ താക്കോലുകൾ വിറ്റ്സമ്പാദിക്കുന്ന മതങ്ങൾക്കും, അണികളെ അടിമകളാക്കുന്ന പ്രത്യയ ശാസ്ത്രങ്ങൾക്കും എതിരെ പ്രായോഗികചിന്താ ധാരയുടെ തിരിവെട്ടങ്ങളുമായി ബഹുമാന്യനായ മൈത്രേയനെപ്പോലുള്ളവർ ആശയവിസ്പോടനങ്ങളുമായി രംഗത്തു വരുന്നത് എന്ന് കരുതുവാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളു ?

Print Friendly, PDF & Email

Leave a Comment

More News