ഒരു മാസം മുമ്പ് കടയില്‍ നിന്ന് സാരി മോഷ്ടിച്ചു; വീണ്ടും കടയിലെത്തിയ യുവതിയെ കടയുടമ പിടികൂടി

തൃശൂർ: കടയില്‍ നിന്ന് സാരി മോഷ്ടിച്ച യുവതി ഒരു മാസത്തിന് ശേഷം വീണ്ടും കടയിലെത്തിയപ്പോള്‍ സിസിടിടി ക്യാമറയിൽ പതിഞ്ഞ മുഖം ഓർത്തെടുത്ത കടയുടമ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഗുരുവായൂര്‍ കിഴക്കേ നടയിലുള്ള തുണിക്കടയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

തൃപ്രയാർ സ്വദേശിനിയാണ് ഭർത്താവിനൊപ്പം കടയില്‍ വെച്ച് അറസ്റ്റിലായത്. കഴിഞ്ഞ മാസവും ഇവർ ഭർത്താവിനോടൊപ്പം കടയിൽ വന്ന് മോഷണം നടത്തിയിരുന്നു. ഈ സമയം കടയിൽ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നതെന്ന് കടയുടമ പറഞ്ഞു.

ഇവര്‍ മടങ്ങി ഏറെനേരം കഴിഞ്ഞാണ് കടയുടമ ക്യാമറയിലെ ദൃശ്യങ്ങള്‍ ശ്രദ്ധിച്ചത്. അന്ന് പോലീസില്‍ വിവരം സൂചിപ്പിച്ചിരുന്നു. ദ്യശ്യം മൊബൈലില്‍ പകര്‍ത്തി പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി സ്ത്രീ വീണ്ടും കടയിലേക്ക് വന്നപ്പോള്‍ സംശയം തോന്നിയ കടയുടമ മൊബൈലില്‍ സൂക്ഷിച്ചിരുന്ന ദൃശ്യം ഒത്തുനോക്കി ഉറപ്പു വരുത്തുകയായിരുന്നു.

ക്ഷേത്രനടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ സ്ത്രീയെയും ഭര്‍ത്താവിനെയും കടയില്‍ തടഞ്ഞുവെച്ചു.

അബദ്ധം പറ്റിയതാണെന്ന് യുവതി കരഞ്ഞു പറഞ്ഞതോടെ കേസെടുക്കേണ്ട കാര്യമില്ലെന്നും മോഷ്ടിച്ച സാരിയുടെ പണം തിരികെ നൽകണമെന്നും കടയുടമ പോലീസിനോട് പറഞ്ഞു. പണം നൽകാമെന്ന ധാരണയിലാണ് യുവതിയെയും ഭർത്താവിനെയും വിട്ടയച്ചത്.

Print Friendly, PDF & Email

Leave a Comment

More News