അഫ്ഗാനിസ്ഥാനിലെ സ്കൂളിൽ ബോംബാക്രമണത്തിൽ കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു

കാബൂള്‍: വടക്കൻ അഫ്ഗാനിസ്ഥാനിലെ സമംഗൻ പ്രവിശ്യയുടെ തലസ്ഥാനമായ അയ്ബാക്കിലെ ഒരു മദ്രസയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളാണ്. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ കാബൂളിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ (130 മൈൽ) വടക്ക് അയ്ബക്കിലെ അൽ-ജഹാദ് സ്‌കൂളിലാണ് സ്‌ഫോടനം നടന്നതെന്ന് ഒരു പ്രവിശ്യാ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. എന്നാൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകൾ നൽകിയിട്ടില്ല.

നഗരമധ്യത്തിലുള്ള ജഹാദ് മദ്രസയ്ക്കുള്ളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 12:45ഓടെയാണ് സ്ഫോടനം നടന്നത്. ധാരാളം ആൺകുട്ടികൾ ഈ മദ്രസയിൽ പഠിക്കുന്നുണ്ട്,” പ്രവിശ്യാ വക്താവ് എംദാദുള്ള മുഹാജിർ പറഞ്ഞു.

10 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും “നിരവധി പേർക്ക്” പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ പറയുന്നു. ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥർ സംഭവത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് അന്വേഷിക്കുകയാണെന്നും കുറ്റവാളികളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നഫയ് താക്കൂർ ട്വീറ്റിൽ കുറിച്ചു.

“ക്ഷമിക്കാനാവാത്ത ഈ കുറ്റകൃത്യത്തിന്റെ കുറ്റവാളികളെ തിരിച്ചറിയാനും അവരുടെ പ്രവർത്തനങ്ങൾക്ക് അവരെ ശിക്ഷിക്കാനും ഞങ്ങളുടെ ഡിറ്റക്ടീവും സുരക്ഷാ സേനയും വേഗത്തിൽ പ്രവർത്തിക്കുന്നു,” അദ്ദേഹം പറഞ്ഞു.

2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, മാരകമായ സ്‌ഫോടനങ്ങൾ വർധിക്കുകയും സാധാരണക്കാരെ ലക്ഷ്യം വയ്ക്കുകയും ചെയ്തു. ഭൂരിഭാഗം ഭീകരപ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം ദാഇഷ് തക്ഫിരി എന്ന ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News