വിജ്ഞാന ഗ്രാമ ക്ലാസ് കണക്ക് പഠനം എളുപ്പമാക്കി; റാന്നി എം.എൽ.എയുടെ പ്രൊജക്റ്റ് സൂപ്പർ ഹിറ്റ്

പത്തനംതിട്ട: ഇനി ഗണിതത്തെ പേടിക്കേണ്ട, പ്രത്യേകിച്ച് കോളേജ് ബ്രോസും ചേച്ചിമാരും എളുപ്പവഴിയിൽ ക്ലാസെടുക്കുമ്പോൾ. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി അഡ്വ പ്രമോദ് നാരായൺ എം.എൽ.എ.യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കണക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും ഗണിത ഭയം അകറ്റാനും വിവിധ സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും ആരംഭിച്ച ജ്വാല എന്ന പഠന പരിപാടി സൂപ്പർ ഹിറ്റായി.

ഇൻസൈറ്റുമായി സഹകരിച്ച് റാന്നി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ 8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കോളേജ് വിദ്യാർത്ഥികൾ ഓൺലൈനായി ഗണിതം പഠിപ്പിക്കുന്നു. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ റാന്നി എംഎസ് ഹയർസെക്കൻഡറി സ്കൂളിലെയും വെങ്കുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെയും 200 വിദ്യാർഥികൾക്കാണ് ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കാൻ തുടങ്ങിയത്.

ഗണിതത്തെ ഇഷ്ടവിഷയമാക്കുന്നതിനൊപ്പം കുട്ടികൾക്ക് വ്യക്തിത്വ വികസന ക്ലാസുകളും നൽകും. 16 ദിവസമാണ് ക്ലാസ്. ആഴ്ചയിൽ അഞ്ച് ദിവസവും വൈകുന്നേരം ഒരു മണിക്കൂർ വീതമാണ് ക്ലാസ്. വിവിധ ജില്ലകളിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ, ഇൻസൈറ്റിൽ നിന്ന് പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർ, ഇൻഫോസിസ് ഉൾപ്പെടെയുള്ള കമ്പനികളിലെ ജീവനക്കാർ എന്നിവർ ചേർന്നാണ് ക്ലാസ് നടത്തുന്നത്. രക്ഷിതാക്കളുടെ മൊബൈൽ ഫോൺ വഴിയാണ് ക്ലാസ്. റാന്നിയിലെ മറ്റ് സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അഡ്വ പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News