സ്മിത ഹരിദാസ് മന്ത്ര കൺവെൻഷൻ കൺവീനർ

ശ്രീമതി സ്മിതാ ഹരിദാസ് മന്ത്ര കൺവെൻഷൻ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. കലാപ്രവർത്തനങ്ങളിലൂടെ പ്രവാസികള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവതലമുറയെ ഹൈന്ദവ ആത്മീയ സാംസ്കാരിക തലങ്ങളിൽ അവരുടെ പൈതൃകവുമായി ബന്ധിപ്പിക്കാൻ, സ്മിത വർഷങ്ങളായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചു വരുന്നു. വിവിധ ഹൈന്ദവ കൺവെൻഷനുകളിൽ വർഷങ്ങളായി കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന ശ്രീമതി സ്മിത, 2023 ജൂലൈയിൽ ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്ര വിശ്വ ഹിന്ദു സമ്മേളനത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിൽ സന്തോഷം അറിയിച്ചു. കലാ സാംസ്കാരിക രംഗത്തുള്ള സ്മിതയുടെ അനുഭവജ്ഞാനം, മന്ത്ര കൺവെൻഷന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുമെന്നത് നിസ്തർക്കമാണെന്ന് പ്രസിഡന്റ് ഹരി ശിവരാമനും വൈസ് പ്രസിഡന്റ് ഷിബു ദിവാകരനും അഭിപ്രായപ്പെട്ടു.

വടക്കേ അമേരിക്കയിലെ ഭാരതീയ കലാ സാംസ്കാരിക രംഗത്ത് സുപരിചിതയായ സ്മിത ഹരിദാസ് നർത്തകി, മോഡൽ, അഭിനേതാവ്, സ്റ്റേജ് പെർഫോമർ തുടങ്ങിയ രംഗങ്ങളിൽ പ്രശോഭിക്കുന്നു. മിത്രാസ് എന്ന സ്ഥാപനത്തിലെ ഡാൻസ് ഡയറക്ടറായ അവർ കഴിഞ്ഞ 12 വർഷമായി വടക്കേ അമേരിക്കയിലുടനീളമുള്ള വിവിധ വേദികളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും അവതരിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമുകളിലും അന്താരാഷ്ട്ര ജ്വല്ലറി ശൃംഖലയുടെ പരസ്യങ്ങളിലും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടൊറന്റോയിൽ ഈയിടെ നടന്ന വാർഷിക എകെഎംജി കൺവെൻഷനിൽ (ഓൾ കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ്) കൾച്ചറൽ കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്നു. ഭാരതീയ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി തയാറാക്കുന്ന ഷോയുടെ പ്രവർത്തനങ്ങളിൽ അവർ ഇപ്പോൾ തന്റെ ടീമിനൊപ്പം വ്യാപൃതയാണ്.

മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും സ്മിത ഇന്ത്യയിലും യുഎഇയിലും യുഎസിലുമായി വിവിധ സ്റ്റേജുകളിലായി നൂറിലധികം പരിപാടികൾ അവതരിപ്പിച്ചു. കുട്ടിക്കാലത്ത് പ്രശസ്ത അദ്ധ്യാപിക കലാമണ്ഡലം സരസ്വതിയുടെ കീഴിൽ പരിശീലനം നേടിയ അവർക്ക്, കേരളത്തിലും യുഎഇയിലും വ്യക്തിഗത, ഗ്രൂപ്പ് നൃത്ത പ്രകടനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കോഴിക്കോട് ജനിച്ച് അബുദാബിയിൽ വളർന്ന സ്മിത 1998-ൽ ഭർത്താവ് ഡോ. ജയ്കുമാറിനൊപ്പം യുഎസിലേക്ക് താമസം മാറി. തൊഴിൽപരമായി എഞ്ചിനീയറായ സ്മിത ന്യൂയോർക്കിലെ ഡച്ചസ് കൗണ്ടിയിൽ അഫോർഡബിൾ ഹൗസിംഗ് പ്രോജക്ടിന്റെ നേതൃ സ്ഥാനം വഹിക്കുന്നു. മക്കൾ ഗായത്രി, കേശവ് .

Print Friendly, PDF & Email

Leave a Comment

More News