നോര്‍ത്ത് കരോലിനയില്‍ വൈദ്യുതി അട്ടിമറി: മൂര്‍ കൗണ്ടി തണുത്തുറയുന്നു; ആയിരക്കണക്കിന് പേര്‍ക്ക് ഇപ്പോഴും വൈദ്യുതിയില്ല

നോര്‍ത്ത് കരോലിന: നോർത്ത് കരോലിനയിലെ മൂർ കൗണ്ടി മരവിപ്പിക്കുന്ന താപനിലയിൽ വൈദ്യുതി ഇല്ലാതെ തുടരുകയാണ്. അട്ടിമറിയാണെന്ന് അധികൃതര്‍ വിശേഷിപ്പിക്കുന്ന വൈദ്യുതി തടസ്സം ഇപ്പോഴും തുടരുന്നു.

പതിനായിരക്കണക്കിന് വീടുകളെ ഇരുട്ടിലാക്കിയ രണ്ട് വൈദ്യുതി സബ്‌സ്റ്റേഷനുകളിൽ നടന്ന അട്ടിമറി നശീകരണത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടെ പ്രാദേശിക ഉദ്യോഗസ്ഥർ ഞായറാഴ്ച കർഫ്യൂ പ്രഖ്യാപിച്ചു.

ശനിയാഴ്ചയാണ് കൗണ്ടിയിലെ സബ്‌സ്റ്റേഷനുകളിൽ അക്രമികൾ വെടിയുതിർത്തത്. തുടർന്നാണ് വൈദ്യുതി മുടങ്ങിയത്. ഞായറാഴ്ച രാത്രി 09:00 മുതൽ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 05:00 വരെ കൗണ്ടിയില്‍ കർഫ്യൂ ഏര്‍പ്പെടുത്തി. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ദിവസങ്ങൾ വരെ എടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

“നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് മേലുള്ള ഇത്തരമൊരു ആക്രമണം ഗൗരവമേറിയതും ആസൂത്രിതവുമായ കുറ്റകൃത്യമാണ്. സംസ്ഥാന, ഫെഡറൽ അധികൃതര്‍ സമഗ്രമായി അന്വേഷിച്ച് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ പവർ സിസ്റ്റം പോലുള്ള നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നത് ഒരു പ്രധാന മുൻഗണനയായിരിക്കണം. ഇത്തരത്തിലുള്ള ആക്രമണം ഭീഷണിയുടെ ഒരു പുതിയ തലം ഉയർത്തുന്നു,” ഗവർണർ റോയ് കൂപ്പർ ട്വിറ്ററിൽ കുറിച്ചു.

തങ്ങളാണ് ഇത് ചെയ്തതെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാനൊ അംഗീകരിക്കാനോ ഒരു ഗ്രൂപ്പും ഇതുവരെ തയ്യാറായിട്ടില്ലെന്ന് മൂർ കൗണ്ടി ഷെരീഫ് റോണി ഫീൽഡ്സ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വരും ദിവസങ്ങളിൽ തണുത്ത താപനില പ്രവചിക്കപ്പെട്ടതിനാൽ, കാർത്തേജിലെ ഒരു സ്പോർട്സ് കോംപ്ലക്സിൽ ഷെൽട്ടര്‍ തുറന്നിട്ടുണ്ട്.

വൈദ്യുതി പുനഃസ്ഥാപിക്കാൻ കമ്പനിക്ക് വ്യാഴാഴ്‌ച വരെ സമയം വേണ്ടിവരുമെന്ന് ഡ്യൂക്ക് എനർജി വക്താവ് ജെഫ് ബ്രൂക്‌സ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News