മെയിൻപുരി ഉപതെരഞ്ഞെടുപ്പ്: ചരിത്രപരമായ വിജയത്തിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്

മെയിൻപുരി: എസ്പി സ്ഥാപകനും പിതാവുമായ മുലായം സിംഗ് യാദവിനുള്ള യഥാർത്ഥ ആദരവാണ് മെയിൻപുരി ഉപതെരഞ്ഞെടുപ്പിലെ തന്റെ പാർട്ടിയുടെ ചരിത്ര വിജയമെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് വിശേഷിപ്പിച്ചു.

ഫലം പ്രഖ്യാപിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംവദിച്ച എസ്പി അദ്ധ്യക്ഷൻ, “ബഹുമാനപ്പെട്ട അമ്മാവൻ ശിവ്പാൽ സിംഗ് യാദവും അദ്ദേഹത്തിന്റെ പാർട്ടിയും (പിഎസ്പിഎൽ) എസ്പിയുമായി ലയിച്ചെന്നും, ഇപ്പോൾ എല്ലാവരും ഒരു കൊടിക്കീഴിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും” പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു.

അനന്തരവൻ അഖിലേഷ് യാദവുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് സ്വന്തം പാർട്ടി രൂപീകരിച്ച ശിവപാൽ യാദവ്, ഡിംപിൾ യാദവിന് അനുകൂലമായി ഉപതെരഞ്ഞെടുപ്പിൽ ശക്തമായി പ്രചാരണം നടത്തിയിരുന്നു. ശിവ്‌പാൽ യാദവിന്റെ നിയമസഭാ സീറ്റായ ജസ്വന്ത്‌നഗർ മെയിൻപുരി ലോക്‌സഭാ സീറ്റിന്റെ ഭാഗമാണ്.

അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ തന്റെ എതിരാളിയായ ബി.ജെ.പി സ്ഥാനാർത്ഥി രഘുരാജ് സിംഗ് ഷാക്യയെ 2,88,461 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. അവര്‍ എല്ലാ പാർട്ടി പ്രവർത്തകർക്കും നന്ദി പറയുകയും വിജയം ‘നേതാജി’ക്ക് സമർപ്പിക്കുകയും ചെയ്തു. മുലായം സിംഗ് യാദവിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വിജയം ഒരു പുതിയ പാത തുറക്കുകയും സമാജ്‌വാദി പാർട്ടിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഊർജം നൽകുകയും ചെയ്തു.

“ഈ ഫലത്തിലൂടെ 2024 ലേക്കുള്ള വിജയത്തിന് ജനങ്ങൾ ഉറപ്പുനൽകുകയും പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിപ്പിക്കുകയും ചെയ്യുന്നവർക്ക് മറുപടി നൽകുകയും ചെയ്തു. ബിജെപി സർക്കാർ ദരിദ്രർക്കെതിരെ തുടർച്ചയായി ഗൂഢാലോചന നടത്തുകയും ഇരകളെ വലിയ തോതിൽ ചൂഷണം ചെയ്യുകയും ചെയ്യുന്നു,” അഖിലേഷ് യാദവ് പറഞ്ഞു.

പണപ്പെരുപ്പം, അഴിമതി, തൊഴിലില്ലായ്മ, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിലാണ് പാർട്ടിയുടെ ഭാവി തന്ത്രമെന്ന് എസ്പി മേധാവി പറഞ്ഞു.

തന്റെ പാർട്ടിയുടെ വിജയത്തെ രാഷ്ട്രീയ അടുപ്പത്തിന്റെ വിജയമെന്ന് വിശേഷിപ്പിച്ച അഖ്‌ലേഷ് യാദവ്, നിഷേധാത്മക രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള മറുപടി കൂടിയാണിതെന്നും പറഞ്ഞു.

ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെയും ഡോ. ​​രാം മനോഹർ ലോഹ്യയുടെയും സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചവരാണ് മെയിൻപുരിയിലെ ജനങ്ങൾ, പ്രത്യയശാസ്‌ത്രങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ വിജയം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും ഭരണകൂടം ഉപദ്രവിച്ചെന്ന് അഖിലേഷ് പറഞ്ഞു, “ജസ്വന്ത്‌നഗർ ബ്ലോക്ക് മേധാവിയുടെ വസതിയിൽ പോലീസ് റെയ്ഡ് നടത്തി. അവിടെയെത്തിയ ജസ്വന്ത്‌നഗർ എം.എൽ.എ ശിവപാൽ സിംഗ് യാദവിന് ഞാന്‍ നന്ദി അറിയിക്കും.” ഈ ഉപതിരഞ്ഞെടുപ്പിൽ എസ്പിക്ക് അനുകൂലമായി വോട്ട് ചെയ്ത് ജസ്വന്ത്നഗർ സ്വന്തം റെക്കോർഡ് തകർത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖത്തൗലി നിയമസഭാ സെഗ്‌മെന്റ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിന് എസ്പിയുടെ സഖ്യകക്ഷിയായ ആർഎൽഡിയുടെ മദൻ ഭയ്യയെ യാദവ് അഭിനന്ദിച്ചു.

എന്നാൽ, രാംപൂർ സദർ അസംബ്ലി സെഗ്‌മെന്റിലെ ആളുകളെ വോട്ടു ചെയ്യാൻ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
രാംപൂരിൽ നീതിയുക്തമായ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ അത് സമാജ്‌വാദി പാർട്ടിയുടെ ഏറ്റവും വലിയ വിജയമായേനെ, യാദവ് അവകാശപ്പെട്ടു.

രാംപൂർ സദർ അസംബ്ലി സീറ്റിൽ ബിജെപി ആദ്യമായി വിജയിച്ചത്, അതിന്റെ സ്ഥാനാർത്ഥി ആകാശ് സക്‌സേന തന്റെ സമീപത്തെ സമാജ്‌വാദി പാർട്ടി എതിരാളിയായ അസിം രാജയെ 33,702 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ്.

‘രാംപൂരിലെ ഭരണകൂടം ആദ്യം വോട്ട് ചെയ്യാൻ അനുവദിച്ചില്ല, പിന്നീട് അനീതി കാണിക്കുകയായിരുന്നു. അതിന് ശേഷവും ജനങ്ങൾ വോട്ട് രേഖപ്പെടുത്തി. ആദ്യ ദിവസം തന്നെ അസം ഖാനൊപ്പം ഉറച്ചു നിൽക്കാൻ ആളുകൾ തീരുമാനിക്കുകയും ജനങ്ങൾ അത് ചെയ്യുകയും ചെയ്തു.

“രാംപൂരിൽ ന്യായമായ തിരഞ്ഞെടുപ്പ് നടക്കുകയും ഭരണകൂടം ബലപ്രയോഗം നടത്തിയില്ലെങ്കിൽ, ഇതുവരെയുള്ള ഏറ്റവും വലിയ വിജയമാകുമായിരുന്നു,” അദ്ദേഹം അവകാശപ്പെട്ടു.

“ഭരണകൂടം സർക്കാരിന്റെ സിഗ്നലിൽ പ്രവർത്തിച്ചെങ്കിലും, ഇവിടുത്തെ ജനങ്ങൾ അത് ചെവിക്കൊള്ളാതെ എസ്പിക്ക് വോട്ട് ചെയ്തു. ഈ ചരിത്ര വിജയത്തിന് പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു, മെയിൻപുരിയിൽ അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News