ലഹരി സംഘമായ എസ്എഫ്ഐക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക് കോളേജിലെ സംഘർഷത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിയമസഭയിൽ വാക്പോര്. മേപ്പാടി കാമ്പസിൽ മയക്കുമരുന്ന് സംഘം പിടിമുറുക്കിയെന്നും മയക്കുമരുന്ന് ഉപയോഗിച്ചതിന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പ്രിൻസിപ്പൽ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ആരോപിച്ചു.

കൊച്ചിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടി ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘത്തിന് പാർട്ടിയുടെ രാഷ്ട്രീയ സ്പോൺസർഷിപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയതോടെ ഇന്നത്തെ സഭാനടപടികൾ റദ്ദാക്കുന്നതായി സ്പീക്കർ അറിയിച്ചു.

മേപ്പാടി പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ മാസങ്ങള്‍ക്ക് മുമ്പ് എംഎസ്എഫിന്റെ കൊടിമരം നശിപ്പിച്ച കേസിലും പ്രതികളാണ്. ഇവിടെ ലഹരിസംഘത്തിന്റെ പ്രവര്‍ത്തനം ശക്തമാണ്. ലഹരി ഉപയോഗിച്ചതിന് എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ കുറ്റങ്ങളെല്ലാം കെഎസ്‌യുവിന് മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മയക്കുമരുന്ന് സംഘത്തിന് പാർട്ടിയിൽ നിന്ന് രാഷ്ട്രീയ സ്പോൺസർഷിപ്പുണ്ടെന്ന ഗുരുതരമായ ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ഒന്നാം സമ്മാനം സ്‌പോൺസർ ചെയ്‌ത സി.ഐ.ടി.യു നേതാവ് മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്നുണ്ടെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ഭരണപക്ഷം സഭയിൽ ബഹളം തുടങ്ങി. ബഹളം നിയന്ത്രണാതീതമായതോടെ ഇന്നത്തെ നിയമസഭാ നടപടികൾ റദ്ദാക്കാൻ സ്പീക്കർ എ എൻ ഷംസീർ തീരുമാനിച്ചു.

Print Friendly, PDF & Email

Leave a Comment

More News