വസായ് പോലീസ് ഞങ്ങളെ സഹായിച്ചിരുന്നെങ്കിൽ മകള്‍ ജീവിച്ചിരിക്കുമായിരുന്നു; ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രദ്ധയുടെ അച്ഛൻ

മുംബൈ: വസായ് പോലീസ് തങ്ങളെ ശരിയായ സമയത്ത് സഹായിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് ശ്രദ്ധ വാക്കറിന്റെ പിതാവ് വികാസ് വാക്കർ. തങ്ങളുടെ പരാതിയിൽ വസായ് പോലീസ് ഉടൻ നടപടിയെടുത്തിരുന്നെങ്കിൽ തന്റെ മകൾ ജീവിച്ചിരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. “വസായ് പോലീസ് കാരണം എനിക്ക് ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു, അവർ എന്നെ സഹായിച്ചിരുന്നെങ്കിൽ എന്റെ മകൾ ജീവിച്ചിരിക്കുമായിരുന്നു,” അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതനായ അഫ്താബ് പൂനാവാലയെക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു, “എന്റെ മകളെ കൊലപ്പെടുത്തിയതിന് സമാനമായ പാഠം അഫ്താബ് പൂനാവാലയ്ക്കും ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അഫ്താബിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കുമെതിരെ അന്വേഷണം നടത്തണം.” പൂനാവാലയെ തൂക്കിലേറ്റണമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തിന് നീതി ഉറപ്പു നൽകിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകൾക്ക് ശേഷം വികാസ് വാക്കർ വെള്ളിയാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. രാവിലെ ബിജെപി നേതാവ് കിരിത് സോമയ്യയും വാക്കറിനൊപ്പമുണ്ടായിരുന്നു. ഡൽഹി ഗവർണറും ഡൽഹി സൗത്ത് ഡിസിപിയും നീതി ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2020 നവംബറിൽ ശ്രദ്ധ വാക്കർ അവരുടെ സഹായം അഭ്യർത്ഥിച്ച് തുലിഞ്ച് പോലീസിന് രേഖാമൂലം പരാതി നൽകിയിരുന്നു. “പൂനാവാല അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു, ഇന്ന് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു, എന്നെ കൊന്ന് കഷണങ്ങളാക്കി എറിഞ്ഞുകളയുമെന്ന് ഭയപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്തു. ആറ് മാസമായി. എന്നെ മർദ്ദിക്കുന്നു,” പരാതിയില്‍ പറഞ്ഞു.

ശ്രദ്ധ എഴുതിയ പരാതി ഇപ്പോൾ വൈറലായിരിക്കുകയാണ്. ശ്രദ്ധയുടെ പരാതിയിൽ അന്വേഷണം വൈകിയതിന് വസായ്, നലസോപാര പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും (പാൽഘർ ജില്ലയിൽ) തുലിഞ്ച് പൊലീസിനെതിരെയും അന്വേഷണം വേണമെന്ന് ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു.

27 കാരിയായ ശ്രദ്ധയെ ദക്ഷിണ ഡൽഹിയിൽ ലിവ്-ഇൻ പങ്കാളിയായ അഫ്താബ് പൂനാവാല കൊലപ്പെടുത്തിയെന്നാണ് ആരോപണം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പിന്നീട് ശരീരം 35 കഷ്ണങ്ങളാക്കി മുറിച്ച്, പുതുതായി വാങ്ങിയ 300 ലിറ്റർ ഫ്രിഡ്ജിൽ മൂന്നാഴ്ചയോളം സൂക്ഷിച്ചു, തുടർന്ന് ഈ വർഷം മെയ് മാസത്തിൽ മെഹ്‌റൗളി വനത്തിൽ ഘട്ടം ഘട്ടമായി സംസ്‌കരിച്ചു.

അതേസമയം, കേസിൽ ഡൽഹി പോലീസ് അന്വേഷണം ഊർജിതമാക്കി. അഫ്താബ് പൂനാവാല തിഹാർ ജയിലിലാണ് കഴിയുന്നത്. പൂനാവാലയുടെ ജുഡീഷ്യൽ കസ്റ്റഡി സാകേത് കോടതി വെള്ളിയാഴ്ച 14 ദിവസത്തേക്ക് കൂടി നീട്ടി.

 

Print Friendly, PDF & Email

Leave a Comment

More News