വയോധികയെ ആക്രമിച്ച് കവര്‍ന്നെടുത്ത സ്വര്‍ണ്ണ മാല വിറ്റ് ആഡംബര ജീവിതം നയിച്ച നാല്‍‌വര്‍ സംഘം പിടിയില്‍

കൊല്ലം: വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണ മാല കവര്‍ന്ന കേസില്‍ അറസ്റ്റിലായി റിമാന്‍‌ഡ് ചെയ്ത നാല്‍‌വര്‍ സംഘത്തെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. അയത്തില്‍ നേതാജി നഗർ-89, ചരുവിളവീട്ടിൽ അജിത്ത് (23), പെരിനാട് കാരിക്കൽ തെക്കേതില്‍ അതുൽ ജോയ് (22), മങ്ങാട് റോസ് നഗറിൽ മഞ്ജു ഭവനിൽ അഖിൽ വിനോദ് (18), നീരാവില്‍ ചേരിയില്‍ കരോട്ട് കിഴക്കേതില്‍ സഫാന (22) എന്നിവരെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുക്കും.

മങ്ങാട് പള്ളിയില്‍ കുര്‍ബാന കൂടാന്‍ പോയ വയോധികയുടെ കഴുത്തില്‍ക്കിടന്ന 11 പവന്റെ മാലയാണ് പ്രതികള്‍ പൊട്ടിച്ചെടുത്തത്. മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് സഫാനയും കേസില്‍ പ്രതിയായത്. മാല വിറ്റു കിട്ടിയ മൂന്നു ലക്ഷം രൂപ പ്രതികള്‍ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്നു പോലീസ് പറയുന്നു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ കൂടുതല്‍ മോഷണം നടന്നിട്ടുണ്ടോയെന്ന് അറിയാനാകൂ എന്നു പോലീസ് പറഞ്ഞു.

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ തിരിച്ചറിഞ്ഞത്. തൊടുപുഴയിലെ ബാർബർ ഷോപ്പിൽ ജോലി ചെയ്തിരുന്ന അതുൽ ജോയിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഴുവൻ പ്രതികളും കുടുങ്ങിയത്.

 

Print Friendly, PDF & Email

Leave a Comment

More News