അഞ്ജുവിനെ ഭർത്താവ് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിനെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഭർത്താവ് കണ്ണൂർ സ്വദേശി സാജു അഞ്ജുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്.

അതേസമയം കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഭർത്താവ് സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ വിടും. സാജുവിനെതിരെ മൂന്ന് കൊലപാതക കുറ്റങ്ങൾ ചുമത്തുമെന്നും പോലീസ് അഞ്ജുവിന്റെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

ദ്വിഭാഷിയുടെ സഹായത്തോടെയാണ് ബ്രിട്ടീഷ് പോലീസ് അഞ്ജുവിന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു (40), മക്കളായ ജാന്‍വി (4), ജീവ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലേവാലന്‍ സാജു (52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നോർത്താംപ്‌ടൺഷയറിലെ കെറ്ററിംഗിൽ വ്യാഴാഴ്‌ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതോടെ സംശയം തോന്നി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്.

വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരം അറിയിച്ചു. വീട് തുറന്നു നോക്കിയപ്പോൾ അഞ്ജു മരിച്ച നിലയിലായിരുന്നു. തൊട്ടടുത്ത് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടികൾ. കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ജോലിയില്ലാത്ത വിഷമത്തിലായിരുന്ന സാജു ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണെന്നും കഴിഞ്ഞ ദിവസം അഞ്ജുവിൻറെ പിതാവ് അശോകൻ പറഞ്ഞിരുന്നു. മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണമയച്ചിരുന്നില്ല. മകൾ ഏറെ നാളായി വിഷാദത്തിലായിരുന്നു. എന്നാൽ, ഇവർക്കിടയിൽ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് അശോകൻ പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്.

യുകെയിൽ സർക്കാർ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലിൽ ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയാണ്. ഒരു വർഷം മുമ്പാണ് ഇവർ യുകെയിൽ എത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സാജുവിനെ പൊലീസ് പിടികൂടുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News