ബെത്‌ലഹേമിലെ ആട്ടിടയര്‍ വഴി ലോകത്തിനു ലഭിച്ച സദ്‌വാര്‍ത്തയും സന്ദേശവും

അപ്പത്തിന്‍റെ ഭവനം എന്നര്‍ത്ഥം വരുന്ന ബെത്ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച ഉണ്ണിയേശുവിന്‍റെ ജനനത്തിന്‍റെ സദ്വാര്‍ത്ത ആദ്യം ലഭിക്കുന്നതു നിഷ്ക്കളങ്കരായ ആട്ടിടയന്മാര്‍ക്കായിരുന്നല്ലോ. ലോക വാര്‍ത്തകള്‍ തല്‍സമയം ജനങ്ങളിലെത്തിക്കാന്‍ പരസ്പരം മല്‍സരിക്കുന്ന വാര്‍ത്താ ചാനലുകളും, ആശയ വിനിമയത്തിനും, വിനോദത്തിനുമായി ഇന്നു പലരും ആശ്രയിക്കുന്ന റ്റ്വിറ്റര്‍, മെറ്റ, ഇന്‍സ്റ്റ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് തിരുപ്പിറവിയുടെ സുവിശേഷം ലോകത്തെ അറിയിക്കാനുള്ള മഹാദൗത്യം ലഭിക്കുന്നത് സാധാരണക്കാരായ പാവം ഇടയബാലന്മാര്‍ക്കായിരുന്നു.

അന്നന്നത്തെ ആഹാരത്തിനായി കാലികളെ മേയ്ക്കുന്നവര്‍ അന്നും ഇന്നും സമൂഹത്തിലെ താഴെ തട്ടില്‍ ജീവിക്കുന്നവരും, എല്ലാവരാലും അവഗണിക്കപ്പെട്ടവരുമാണ്. അവര്‍ക്ക് തൊഴില്‍ മാന്യതയോ, സമ്പത്തോ, പദവികളോ ഒന്നും ഇല്ല, എന്തിന്, അന്തിയുറങ്ങാന്‍ സ്വന്തം ഗോശാലമാത്രം കൈമുതലായി ഉള്ള ഇവര്‍ പക്ഷേ കാപട്യവും, ചതിയും എന്തെന്നറിയാത്ത നിഷ്ക്കളങ്ക ഹൃദയര്‍ ആണ്. എളിയ ഇടയ ബാലനായി ജീവിതം ആരംഭിച്ച് വലിയൊരു രാജവംശത്തിനുടമയായി ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന മഹാനായ ദാവീദു രാജാവും, പോര്‍ച്ചുഗലിലെ ഫാത്തിമായിലെ കുഞ്ഞു വിശുദ്ധര്‍ എന്നറിയപ്പെടുന്ന വി. ഫ്രാന്‍സെസ്കോയും, വി. ജസിന്തായും ഈ ഇടയന്മാരുടെ ഗണത്തില്‍പ്പെട്ടവര്‍തന്നെയായിരുന്നു.

ജോസ് മാളേയ്ക്കല്‍

എഴുത്തും വായനയും അറിയില്ലാത്ത, സ്ഥാനമാനങ്ങളില്ലാത്ത, വിനയവും, ലാളിത്യവും മാത്രം കൈമുതലായുള്ള ആട്ടിടയന്മാര്‍ ദൈവപുത്രന്‍റെ ജനനം പ്രഘോഷിച്ചാല്‍ അതു സമൂഹത്തിലെ ഉന്നതര്‍ ശ്രവിക്കുമെന്നോ, അനുസരിക്കുമെന്നോ ഉള്ള സന്ദേഹമൊന്നും ആട്ടിടയന്മാര്‍ക്കോ, ആ മഹാദൌത്യം അവരെ വിശ്വസിച്ചേല്‍പ്പിച്ച ദൈവത്തിനു മുന്‍പിലോ ഉണ്ടായിരുന്നില്ല. ദൈവകല്പന ശിരസാ വഹിച്ച് പട്ടണവാസികളെയും, സമൂഹത്തിലെ ഉന്നത ശ്രേണികളില്‍ വസിക്കുന്നവരെയും കൃപ നിറഞ്ഞ ആട്ടിടയര്‍ തിരുജനനം വായ്മൊഴിയായി അറിയിക്കുന്നു. അങ്ങനെ ഭൂമിയിലെ ആദ്യത്തെ ഇടയലേഖനം ആട്ടിടയരുടെ കൈയ്യൊപ്പോടു കൂടി പുറത്തിറങ്ങി.

സഭാധികാരികളില്‍ നിന്നും, ഭരണാധികാരികളില്‍നിന്നും, ഉന്നതസ്ഥാനങ്ങളില്‍ നിന്നും പുറപ്പെടുവിക്കപ്പെടുന്ന ഇടയലേഖനങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയോ, വിമര്‍ശിക്കപ്പെടുകയോ, തിരസ്കരിക്കപ്പെടുകയോ ചെയ്യുന്ന ഇക്കാലത്ത് ദൈവപുത്രന്‍ ഭൂമിയില്‍ പിറന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന തങ്ങളുടെ ഇടയലേഖനം ആരെങ്കിലും ചോദ്യം ചെയ്യുമെന്നോ, തിരസ്കരിക്കുമെന്നോ ഇടയക്കുട്ടികള്‍ക്ക് യാതൊരു സംശയവും അക്കാലത്തില്ലായിരുന്നു. കാരണം ബലഹീനരായ അവര്‍ ഒന്നുമല്ലെന്നും, തങ്ങള്‍ക്കുള്ളതെല്ലാം ദൈവദാനമാണെന്നും, ദൈവതിരുമുമ്പില്‍ അവര്‍ വെറും ഉപകരണങ്ങള്‍ മാത്രമാണെന്നുമുള്ള വലിയ തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നു.

ദൈവപുത്രന്‍റെ വളര്‍ത്തുപിതാവായ ജോസഫിനുപോലും ദൂതന്‍ വഴി സ്വപ്നത്തില്‍ ദൈവത്തിന്‍റെ അറിയിപ്പുകള്‍ ലഭിച്ചപ്പോള്‍ വെറും നിസാരരായ ഇടയബാലര്‍ക്ക് സ്വര്‍ഗത്തില്‍നിന്നും മാലാഖ നേരില്‍ പ്രത്യക്ഷപ്പെട്ടാണു ലോകരക്ഷകന്‍ പിറന്ന വാര്‍ത്ത അറിയിക്കുന്നത്. ഇന്നത്തെപ്പോലുള്ള വാര്‍ത്താവിതരണ പ്രോട്ടോക്കോളുകള്‍ ഒന്നും പാലിക്കപ്പെടാതെ നിസാരരായ ആട്ടിടയരെയാണു ദൈവം സ്വപുത്രന്‍റെ തിരുജനനവാര്‍ത്ത അറിയിക്കുവാന്‍ ഏല്‍പ്പിക്കുന്നത്. ആദ്യം അല്പം അമ്പരന്നുവെങ്കിലും, ദൈവത്തിന്‍റെ വിശേഷാല്‍ തെരഞ്ഞെടുപ്പു ലഭിച്ച ഇടയക്കുട്ടികള്‍ ഓടുകയാണു തങ്ങളുടെ ഗ്രാമത്തില്‍നിന്നും ഉന്നതര്‍ പാര്‍ക്കുന്ന പട്ടണങ്ങളിലേക്ക്. എന്തിനെന്നോ. ദൈവത്തിന്‍റെ പ്രത്യേക അനുഗ്രഹവും, അരൂളപ്പാടും ലഭിച്ച ഇടയക്കുട്ടികള്‍ ഉണ്ണിയേശുവിന്‍റെ ജനനം വിളംബരം ചെയ്യാന്‍.

പണമായോ മറ്റുസമ്പാദ്യങ്ങളായോ ഒന്നുമില്ലാത്ത അവര്‍ ശങ്കിച്ചുനില്ക്കാതെ കാടുകളും, മേടുകളും താണ്ടി തിരുപ്പിറവിയുടെ സുവിശേഷം ലോകത്തെ അറിയിക്കുന്നു. ദൈവരാജ്യം ആദ്യം പ്രഘോഷിച്ചത് ആട്ടിടയന്മാരായിരുന്നു. അവരോടു പറയപ്പെട്ടതും, അവര്‍ നേരില്‍ കണ്ടതുമായ കാര്യങ്ങളെല്ലാം അവര്‍ പട്ടണത്തിലെത്തി എല്ലാവരെയും അറിയിക്കുന്നു. ന്യൂസ് മീഡിയാ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ആ സദ്വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി ആട്ടിടയര്‍ ലോകത്തിനു നല്‍കി.
ദൈവമാതാവായി എളിയ ജീവിതം നയിച്ചിരുന്ന പരിശുദ്ധ കന്യാമറിയത്തെ ദൂതന്‍ വഴി ദൈവം തെരഞ്ഞെടുത്തപ്പോളും, അബ്രാഹം സാറ, സക്കറിയ ഏലീശ്വാ ദമ്പതിമാര്‍ക്ക് തങ്ങളുടെ വര്‍ദ്ധക്യത്തിന്‍റെ മൂര്‍ദ്ധന്യാവസ്തയില്‍ ശിശു ജനിച്ചപ്പോളും, ബലഹീനനായ മോശയെ ഇസ്രായേല്‍ ജനതയെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുമ്പോളൂം, സഭയുടെ താക്കോല്‍ മുക്കുവ സ്രേഷ്ടനായ പത്രോസിന്‍റെ കൈയ്യില്‍ ഭദ്രമാക്കുമ്പോളും ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്നുള്ള സന്ദേശം നിരന്തരം വിളംബരം ചെയ്യപ്പെടുകയായിരുന്നു.

ശാന്തരാത്രിയില്‍ യൂദയായില്‍ ദാവീദിന്‍റെ പട്ടണമായ ബെത്ലഹേമില്‍ നടന്ന മഹാത്ഭുത വാര്‍ത്ത ആദ്യം ശ്രവിച്ച ആട്ടിടയര്‍ക്കു തന്നെയാണു പൊന്നുണ്ണിയെ ആദ്യമായി കണ്ടു വണങ്ങുന്നതിനുള്ള വിശേഷാല്‍ ദൈവകൃപ ലഭിക്കുന്നതും. ഉന്നതകുലജാതരും, വിദ്യാസമ്പന്നരും, ധനികരുമായ പല ജനവിഭാഗങ്ങളും ബെത്ലഹമിലും, യൂദയായിലും, നസ്രത്തിലും ഉണ്ടായിരുന്നിട്ടും ദിവ്യ ഉണ്ണിയുടെ ജനനം ആഘോഷിക്കുന്നതിനും, അതു ലോകത്തോടു പ്രഘോഷിക്കുന്നതിനും, ഉണ്ണിയെ കുമ്പിട്ടാരാധിക്കുന്നതിനും ദൈവകൃപ ലഭിച്ച ബെത്ലഹേമിലെ ആട്ടിടയര്‍ എത്രയോ ഭാഗ്യവാന്മാര്‍.

രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ബെത്ലഹേം എന്ന കൊച്ചു പട്ടണത്തില്‍ സംഭവിച്ച മഹാത്ഭുതം ഇന്നും ലോകത്തിലെ എല്ലാ അള്‍ത്താരകളിലും ക്രിസ്മസ് രാത്രികളില്‍ പൂജ്യമായി സ്മരിക്കപ്പെടുകയും, ആരാധിക്കപ്പെടുകയും ചെയ്യുന്നു. പ്രപഞ്ചസൃഷ്ടാവും, സകലത്തിന്‍റെയും നിയന്താവുമായ ദൈവം സ്വയം ശൂന്യവല്‍ക്കരിച്ച നിമിഷം.

ലോകരക്ഷകന്‍ എവിടെയാണു പിറക്കുന്നത് എന്നുള്ള കുഞ്ഞാടുകളുടെ സ്ഥിരം ചോദ്യത്തിനു അതുവരെ മുകളിലേക്കു കൈചൂണ്ടി ‘ദേ അങ്ങാകാശത്തിലാണു’ എന്നു മറുപടി കൊടുത്തുകൊണ്ടിരുന്ന ഇടയ മാതാവിനു അന്നു, ആ ക്രിസ്മസ് രാവില്‍ മുകളിലേക്കല്ല, ഇങ്ങു താഴെ ഭൂമിയിലേക്കു കൈചൂണ്ടി പറയാന്‍ സാധിച്ചു, ഇതാ ഇവിടെ ഈ ഭൂമിയില്‍ തന്നെ, വേറെങ്ങും രക്ഷകനെ തേടി നാം അലഞ്ഞു തിരിഞ്ഞു നടക്കേണ്ടതില്ല. അവന്‍ നമ്മോടുകൂടി തന്നെ. അതെ ദൈവം ഇമ്മാനുവേലായി അന്നുമുതല്‍ ഈ ഭൂമിയില്‍ നമ്മോടൊപ്പം ജീവിക്കുന്നു. നാം അതു തിരിച്ചറിയണമെന്നു മാത്രം.
കിഴക്കു നിന്നെത്തിയ ഞ്ജാനികള്‍ക്ക് നക്ഷത്രം വഴികാട്ടിയായപ്പോള്‍ ഇടയക്കുട്ടികള്‍ക്ക് മാലാഖതന്നെ ദര്‍ശനവും, നിര്‍ദേശങ്ങളും നല്‍കുന്നു. നിഷ്കളങ്കരായ ഇടയ സമൂഹത്തെ അവിശ്വസിക്കേണ്ടതില്ലല്ലോ. ‘പിള്ളക്കച്ചയില്‍ പൊതിഞ്ഞ ഒരു ശിശുവിനെ നിങ്ങള്‍ കാണും, അവനെ വണങ്ങി നമിക്കുക’ എന്ന അറിയിപ്പു ദൈവത്തിന്‍റെ ഏറ്റവും അടുത്ത ദൂതനില്‍നിന്നു തന്നെ ലഭിച്ചപ്പോള്‍ പരിഭ്രാന്തരായ ഇടയന്മാര്‍ ആദ്യം ഒന്നു പകച്ചു എങ്കിലും ഉടന്‍ ദൂതന്‍ പറഞ്ഞ പ്രകാരം കാലിത്തൊഴുത്തു കണ്ടെത്തി ദിവ്യ ഉണ്ണിയ വണങ്ങുന്നു.

ഉണ്ണിക്കു കാഴ്ച്ചവക്കാനായി അവരുടെ കൈവശം അചഞ്ചലമായ ദൈവവിശ്വാസമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. കാഴ്ച്ചകള്‍ അര്‍പ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത് കിഴക്കു നിന്നെത്തിയ രാജാക്കന്മാര്‍ക്കാണു. പക്ഷേ അവര്‍ക്ക് തല കുമ്പിട്ടു വേണമായിരുന്നു ചെറിയ ഗുഹയില്‍ പുല്‍ക്കുടിലില്‍ ശയിച്ചിരുന്ന ഉണ്ണിയെ ആരാധിക്കാനും, കാഴ്ച്ചകള്‍ സമര്‍പ്പിക്കാനും. സമൂഹത്തിന്‍റെ ഉന്നതെ ശ്രേണിയില്‍നില്‍ക്കുന്ന രാജാക്കന്മാര്‍ക്കു പോലും രാജാധിരാജനായ ആ ശിശുവിന്‍റെ മുന്‍പില്‍ മുട്ടു മടക്കേണ്ടി വന്നു.

നിഷ്ക്കളങ്കരായ ആട്ടിടയരെപ്പോലെ നമുക്കും നമ്മുടെ മനസിലെ മാലിന്യങ്ങള്‍ വെടിഞ്ഞ് നിര്‍മ്മല മാനസരാകാം. ആവശ്യം കഴിഞ്ഞാല്‍ മറ്റുള്ളവരെ ഒഴിവാക്കുന്ന, സ്നേഹിക്കുന്നവരേക്കാള്‍ സ്നേഹം നടിക്കുന്നവരേറെയുള്ള ഇക്കാലത്ത് മറ്റുള്ളവരുടെ മനസ് വായിക്കാനറിയാത്ത മൃതപ്രായരായ കുറെ ബന്ധങ്ങള്‍ ഉണ്ടായിട്ടു കാര്യമില്ല. തിരിച്ചു പ്രതീക്ഷിക്കാത്ത സ്നേഹം നല്‍കിയും, മറ്റുള്ളവരെ സങ്കടപ്പെടുത്താതെ നമ്മുടെ സങ്കടങ്ങള്‍ സ്വയം കരഞ്ഞു തീര്‍ത്തും, മറ്റുള്ളവരുടെ വീഴ്ച്ചയില്‍ സന്തോഷിക്കാതെ സ്വന്തം സന്തോഷത്തില്‍ ആനന്ദിച്ചും ഹൃസ്വജീവിതം മുന്‍പോട്ടു നയിക്കുക. അകലാന്‍ വളരെ എളുപ്പവും, തമ്മിലടുക്കാന്‍ പ്രയാസവും ആണെന്നിരിക്കെ ആത്മാര്‍ത്ഥ ബന്ധുവിന്‍റെ മൗനം ശത്രുവിന്‍റെ പരുക്കന്‍ വാക്കുകളേക്കാള്‍ വേദനാജനകമാണ്. പ്രകടിപ്പിക്കാത്ത സ്നേഹം, ചെലവാക്കാത്ത പണം, കഴിക്കാത്ത ഭക്ഷണം ഇവയെല്ലാം ഉപയോഗശൂന്യമാണ്. അധികമുള്ളത് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്ന സന്മനസുകള്‍ക്കുടമയാകുക. തിരുത്താന്‍ കഴിയാതെ ജീവിക്കുന്ന പേനയുടെ അവസ്ഥ പോലെയാകാതെ സ്വയം തിരുത്തി ജീവിക്കുന്ന പെന്‍സിലിനു തുല്യമാവുക, രൂപത്തിലോ, ഭാവത്തിലോ, സൗന്ദര്യത്തിലോ അല്ല ഒരാള്‍ വലിയവനാകുന്നത്, മറിച്ച് നന്മയുള്ള മനസിനുടമയാകുമ്പോളാണ്. അറിവിനു ശേഷം അഹം ജനിച്ചാല്‍ ആ അറിവ് വിഷമാവും, അറിവിനുശേഷം വിനയം ആര്‍ജിക്കാന്‍ ശ്രമിക്കുക.
അങ്ങനെ ലോകരക്ഷകനായ ഉണ്ണിയേശു നല്‍കുന്ന സ്നേഹവും, സമാധാനവും, ശാന്തിയും എന്നും നമ്മുടെ ഹൃദയങ്ങളില്‍ നിറയട്ടെ. ക്രിസ്മസ്രാവില്‍ കിഴക്കുദിച്ച നക്ഷത്രം പൂജ്യരാജാക്കന്മാര്‍ക്കു വഴികാട്ടിയായതുപോലെ നമുക്കും നക്ഷത്രവിളക്കുകളായി മറ്റുള്ളവര്‍ക്കു മാര്‍ഗദര്‍ശികളാകാം. ഹൃദയകവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടാനും, ഈ ഹൃസ്വജീവിതം പങ്കുവക്കലിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും വിളനിലമാക്കാനും, ലോകത്തിന്‍റെ അന്ധകാരമകറ്റാനും, കാരുണ്യത്തിന്‍റെ കൈത്തിരിനാളം അണയാതെ ഉള്ളില്‍ സൂക്ഷിക്കാനും നമുക്കെന്നും കഴിയട്ടെ. മനുഷ്യബന്ധങ്ങളില്‍ വിദ്വേഷത്തിന്‍റെ മതില്‍തീര്‍ക്കുന്നതിനുപകരം സ്നേഹത്തിന്‍റെ പാലം പണിയുന്നവരായി നമുക്കു മാറാം.

എല്ലാവര്‍ക്കും ക്രിസ്മസിന്‍റെ മംഗളങ്ങള്‍ ഹൃദയപൂര്‍വം നേരുന്നു.

Print Friendly, PDF & Email

Leave a Comment

More News