നാഗ്പൂരില്‍ വെച്ച് ഫാത്തിമ നിദ മരണപ്പെട്ടത് ചികിത്സാപ്പിഴവു മൂലമാണെന്ന് ആരോപണം

അമ്പലപ്പുഴ ∙ ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരള ടീമിൽ അംഗമായിരുന്ന പത്തു വയസുകാരി ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടത് ചികിത്സാപ്പിഴവു മുലമാണെന്ന് ആരോപണം. അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീനാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഏഴരപ്പീടിക പുറക്കാടൻ സുഹ്‌റ മൻസിലിൽ ഷിഹാബുദ്ദീന്റെയും അൻസിലയുടെയും മകളാണ് ഫാത്തിമ നിദ.

താമസ സ്ഥലത്തു നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള ശ്രീകൃഷ്ണ ഹോസ്പിറ്റലിലേക്ക് പരിശീലകൻ ജിതിനും ടീമിലെ മുതിർന്ന വനിതാ അംഗത്തിനും ഒപ്പം നടന്ന് ആശുപത്രിയിലെത്തിയ കുട്ടി കുത്തിവയ്പ്പിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം നാഗ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. ചികിത്സാ പിഴവുണ്ടായെന്ന് പരിശീലകൻ ജിതിൻ ആരോപിച്ചു.

ബുധനാഴ്‌ച രാത്രി പലതവണ ഛർദിച്ച കുട്ടിക്ക് ടീമിലുണ്ടായിരുന്ന നഴ്സുമാർ മരുന്ന് നൽകിയിരുന്നു. ഇന്നലെ രാവിലെ ഗ്രൗണ്ടിൽ പോകുന്നതിനു മുൻപാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കുത്തിവയ്പെടുത്തപ്പോൾ അലർജിയുണ്ടായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

മകൾ ആശുപത്രിയിലാണെന്നറിഞ്ഞു നാഗ്പുരിലേക്കു പുറപ്പെട്ട പിതാവ് ഷിഹാബുദ്ദീൻ വിമാനത്താവളത്തിൽ വച്ച് ടിവി വാർത്തയിലാണ് മകളുടെ മരണവിവരം അറിയുന്നത്. നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂൾ വിദ്യാർഥിയാണ് നിദ. ഇതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് നബീൻ സഹോദരനാണ്.

തിരുവനന്തപുരവും കൊച്ചിയും കേന്ദ്രീകരിച്ചുള്ള കേരളത്തിലെ രണ്ട് സൈക്കിൾ പോളോ അസോസിയേഷനുകളിൽ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചാണ് നിദ നാഗ്പുരിലെത്തിയത്. കോടതിവിധി നേടി നാഗ്പുരിൽ എത്തിയ ഈ അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാൽ താമസവും ഭക്ഷണവും ഒരുക്കിയിരുന്നില്ല.

ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) ഓഫീസിലാണ് ഇവർ താമസിച്ചിരുന്നത്. സംഘത്തിലെ 29 പേരും പുറത്ത് നിന്ന് കൊണ്ടുവന്ന ഭക്ഷണം തന്നെയാണ് കഴിച്ചതെന്നും നിദ ഒഴികെ ആർക്കും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കോച്ച് പറഞ്ഞു. ചികിത്സാ പിഴവ് സംശയിക്കുന്നതിനുള്ള കാരണവും ഇതാണ്.

Print Friendly, PDF & Email

Leave a Comment

More News