പത്തനം‌തിട്ട ജില്ലയിൽ തീർഥാടന-പൈതൃക ടൂറിസം പാക്കേജ് ഏർപ്പെടുത്തും: മന്ത്രി

പത്തനംതിട്ട: ജില്ലയിൽ തീർഥാടന-പൈതൃക ടൂറിസം പാക്കേജ് ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ തീർഥാടന കേന്ദ്രങ്ങൾ, പൈതൃക ഗ്രാമം, ഗവി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിനോദസഞ്ചാരികൾക്കായി പ്രത്യേക പാക്കേജ് സൃഷ്ടിക്കും. ജില്ലയിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം പാക്കേജ് രൂപീകരിക്കുകയും ജില്ലയിലെ എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ച് വിനോദസഞ്ചാരികൾക്കായി വാഹന സൗകര്യം ഒരുക്കുകയും ചെയ്യും. വിനോദ സഞ്ചാരികൾക്ക് ഗ്രാമജീവിതം അറിയാനും ആസ്വദിക്കാനും ആറന്മുള കേന്ദ്രമാക്കി പൈതൃക ടൂറിസം പദ്ധതിയും നടപ്പാക്കും.

കൊവിഡിന് ശേഷമുള്ള ആദ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജില്ലയിൽ ഇതുവരെ പൂർത്തിയാക്കിയ വിവിധ പദ്ധതികളും സ്ഥാപനങ്ങളും വർക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തിനായി സമർപ്പിക്കേണ്ട പുതിയ പദ്ധതികളും ചർച്ച ചെയ്തു.

കുളനട അമിനിറ്റി സെന്ററില്‍ ജില്ലയിലെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം ആരംഭിക്കണമെന്നും സെന്ററും പരിസരവും വൃത്തിയായി സൂക്ഷിച്ച് ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ട് മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നും യോഗം നിര്‍ദേശിച്ചു. പുനരുദ്ധാരണം കഴിഞ്ഞ അരുവിക്കുഴിയിലെ ടൂറിസം കേന്ദ്രത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍ നിര്‍ത്തി മുഴുവന്‍ സമയവും സെക്യൂരിറ്റിയെ ചുമതലപ്പെടുത്തണം. അരുവിക്കുഴിയില്‍ സാഹസിക ടൂറിസ്റ്റ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ആറന്മുള സത്രക്കടവില്‍ ഡെസ്റ്റിനേഷന്‍ ഡെവലപ്‌മെന്റ് പദ്ധതിയിലൂടെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രക്കടവ് വരെ നടത്താമെന്ന മന്ത്രിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു.

വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവല്ല സത്രം കോംപ്ലക്‌സിന്റെ വാടക വര്‍ധിപ്പിക്കാന്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നതിന് പാതയോരങ്ങളില്‍ പരസ്യ പ്രചാരണം നടത്തുന്നതിനെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ജനുവരിയില്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും തീരുമാനമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ഡിടിപിസി ചെയർപേഴ്സണും ജില്ലാ കലക്ടറുമായ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മനോജ് മാധവശേരിയില്‍, ടി.മുരുകേഷ്, ഡോ.മാത്യു കോശി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News