വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് നാളെ മലപ്പുറത്ത് തുടക്കം

മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡിസം 27 ന് (നാളെ) രാവിലെ 10 മണിക്ക് മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സമ്മേളനം ജനറൽ കൺവീനർ റസാഖ് പാലേരി വാർത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടന പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. നാലുവർഷത്തെ സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ നയരേഖയും അവതിരിപ്പിച്ച് ചർച്ച ചെയ്യും. ഡിസംബർ 27, 28, 29 തീയതികളിലായി പ്രതിനിധി സമ്മേളനം, മലപ്പുറം ജില്ലയിലെ പ്രവർത്തകർ അണിനിരക്കുന്ന ബഹുജന റാലി, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. ഡിസംബർ 29- ന് വൈകു. 3 മണിക്ക് നടക്കുന്ന പ്രകടനത്തിലും 5 മണിക്ക് വലിയങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും മലപ്പുറം ജില്ലയിലെ ഒരു ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടിയെ ദേശീയ പ്രസിഡണ്ട് ഡോ. എസ്. ക്യൂ.ആർ ഇല്യാസ് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും.

വിടുതലൈചിറൈ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി, സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട്, വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, അംബേദ്കറുടെ കുടുംബാംഗവും പ്രമുഖ ദലിത് ആക്ടിവിസ്റ്റുമായ രാജരത്നം അംബേദ്കർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ നായികയുമായ അഫ്രീൻ ഫാത്തിമ, ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയംകുന്നൻ, റൈഹാനത്ത് സിദ്ദീഖ് കാപ്പൻ, വെൽഫെയർ പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് കെ. എസ് അബ്ദുറഹ്മാൻ തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

സംഘ്പരിവാറിന്റെ വംശീയ ഫാഷിസത്തെ പരാജയപ്പെടുത്താൻ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ യോജിച്ച ബഹുജന മുന്നേറ്റം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യപ്രമേയമാണെന്ന് റസാഖ് പാലേരി പറഞ്ഞു. വരാനിരിക്കുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ ഫാസിസ്റ്റുകൾക്കെതിരെ ശക്തമായ മുന്നണി രൂപപ്പെടണം. സംഘ്പരിവാർ നിർമ്മിച്ച ഇസ്‌ലാം ഭീതിയിൽ നിന്ന് മുക്തമാവാൻ പരമ്പരാഗത രാഷ്ട്രീയപാർട്ടികൾ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെടും. ഫാസിസ്റ്റുകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയാകുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുടെ യോജിച്ച പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. കേരളത്തിലെ ഇടത് സർക്കാർ ഭരണമുപയോഗിച്ച് നടത്തുന്ന സ്വജനപക്ഷപാതവും ബന്ധു – പാർട്ടി നിയമനങ്ങളും സിപിഎമ്മിന്റെ ആർഎസ്എസ് വിധേയത്വവും സമ്മേളനം ചർച്ച ചെയ്യും. കെ – റെയിൽ ഉൾപ്പെടെയുള്ള വ്യത്യസ്ത ജനകീയ സമരങ്ങളിൽ കഴിഞ്ഞ 11 വർഷം വെൽഫെയർ പാർട്ടി നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. വംശഹത്യ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും മൗലികാവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന, സവർണ്ണ സംവരണം പോലെയുള്ള ഭരണഘടന വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനാധിപത്യ വിരുദ്ധതക്കെതിരെയുള്ള ശക്തമായ താക്കീതായി സംസ്ഥാന സമ്മേളനം മാറുമെന്ന് അദ്ദേഹം പറഞ്ഞു.

അഭിവാദ്യങ്ങളോടെ,
ആദിൽ അബ്ദുൽ റഹിം
മീഡിയ കൺവീനർ

കൂടുതൽ വിവരങ്ങൾക്ക് : ആരിഫ് ചുണ്ടയിൽ +91 9744 954 787

സ്ഥലം : മലപ്പുറം
തിയതി : 26-12-2022.

Print Friendly, PDF & Email

Leave a Comment

More News