മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

എറണാകുളം: നോർത്ത് പറവൂർ നന്ത്യാട്ടുകുന്നത്ത് സുഹൃത്തിനെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രനാണ് (37) മരിച്ചത്. നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തർക്കം മൂത്ത് മുരളീധരൻ ബാലചന്ദ്രനെ കത്തിയെടുത്ത് കുത്തുകയായിരുന്നു എന്ന് സുഹൃത്ത് സിറാജ് പോലീസിനോട് പറഞ്ഞു. കുത്തേറ്റ ഉടൻ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലചന്ദ്രന്‍റെ സുഹ‍ൃത്താണ് സിറാജ്.

ഇലക്‌ട്രിക്കൽ വര്‍ക്കുകള്‍ ചെയ്തിരുന്ന മൂവരും കുടുംബത്തിൽ നിന്ന് അകന്നാണ് താമസിക്കുന്നത്. മുരളീധരന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർ മദ്യപിക്കുകയും വഴക്കിടുകയും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുരളീധരൻ ബാലചന്ദ്രനെതിരെ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ട്. അന്ന് പോലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രൻ പിന്നീട് പരാതി പിൻവലിച്ചു. ബാലചന്ദ്രന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Print Friendly, PDF & Email

Leave a Comment

More News