ഗ്രാമങ്ങളിൽ കോൺഗ്രസ്സിന്റെ വേരുകൾ വോട്ടാകണം : ലീലാ മാരേട്ട്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതിന്റെ 138 വർഷങ്ങൾ പിന്നിട്ടുമ്പോൾ വളരെ പ്രതീക്ഷകളിൽ കൂടിയാണ് കടന്നുപോകുന്നത്. കോൺഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി ബി.ജെ.പി മുറവിളി കൂട്ടുമ്പോൾ കന്യാകുമാരി മുതൽ കാശീമീർ വരെ നടന്ന് കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കുവാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും ഭാരത് ജോഡോ യാത്ര കൊണ്ട് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. കോൺഗ്രസിന് ഇന്ത്യയുടെ ഗ്രാമങ്ങളിൽ ഇപ്പോഴും വേരുകൾ ഉണ്ട് എന്ന് തെളിയിച്ച സഞ്ചാരം കൂടിയായി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ബി.ജെ.പി ഉന്നയിക്കുന്ന വിഷയങ്ങളെ ചുറ്റിപ്പറ്റി മുന്നോട്ട് പോകാതെ കോൺഗ്രസിന് സ്വയം ചില വ്യവഹാരങ്ങൾ ഉണ്ടാക്കുവാനും ദേശീയ രാഷ്ട്രീയത്തെ കോൺഗ്രസിന് നിയന്ത്രിക്കുവാൻ കഴിയുന്ന തരത്തിൽ പ്രവർത്തിക്കുവാനും സാധിക്കണം. ഗ്രാമങ്ങൾ നൽകുന്ന പിന്തുണ ഫല പ്രദമായി വിനിയോഗിക്കുവാൻ നമുക്ക് സാധിക്കണം. കോൺഗ്രസ് രാജ്യത്തിന്റെ അനിവാര്യതയാണന്ന് തിരിച്ചറിയാൻ ഓരോ മലയാളികൾക്കും സാധിക്കണം. അതിപ്പോൾ അമേരിക്കയിൽ ഇരുന്നായാലും പ്രവർത്തിക്കാൻ കഴിയുന്നുവെങ്കിൽ സജീവമായി നിൽക്കാൻ നമുക്കെല്ലാം കഴിയണം. കോൺഗ്രസ് പാർട്ടി ഈ രാജ്യത്ത് ഒരു അനിവാര്യതയാണെന്ന് ബോധ്യം പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കും മനസിലാക്കണം. ഇന്ത്യ കടന്നുപോകുന്ന അനിതരസാധാരണമായ പ്രതിസന്ധികളെ മറികടക്കാൻ കോൺഗ്രസിന്റെ ആശയങ്ങൾക്കും മൂല്യങ്ങൾക്കും ചരിത്രത്തിനും കഴിയും. പക്ഷെ കോൺഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എത്രയും വേഗം പരിഹരിക്കുവാനുള്ള ശ്രമം ഉണ്ടാവണം.

കോൺഗ്രസിന്റെ പ്രസക്തിയും പ്രതിസന്ധിയും കോൺഗ്രസിന്റെ എതിരാളികൾ സംഘപരിവാർ ആണെന്നുള്ളതാണ്. ഓരോ ഘട്ടത്തിലും കോൺഗ്രസിനെ ദുർബലപ്പെടുത്താനും തകർക്കനുമുള്ള വഴികളാണ് ഇവിടെ ബി.ജെ.പി. നടപ്പിലാക്കുന്നത്. കോൺഗ്രസ് അധികാരത്തിലേറിയ ഇടങ്ങളിൽ ഇഡിയും സി.ബി.ഐ യുമൊക്കെ ഇറങ്ങി ജനഹിതത്തെ അട്ടിമറിച്ചു. ഇവിടെയെല്ലാം കോൺഗ്രസിനെ അപഹസിക്കാനാണ് ഇവർ ശ്രമിച്ചത്.

കോൺഗ്രസിന്റെ ഓരോ നിലപാടുകളും സംഘ പരിവാർ പദ്ധതികളെ ശക്തമായി എതിർക്കുന്നതാണെന്ന് വ്യക്തമാക്കുവാൻ പാർട്ടിക്ക് കഴിയണം. ബാബറി അടക്കമുള്ള വിഷയങ്ങളിൽ വന്നു പോയ വീഴ്ച്ചകൾ പതിറ്റാണ്ടുകൾക്കിപ്പുറവും കോൺഗ്രസിന് ഉണ്ടാക്കിയ നഷ്ടം പാർട്ടിക്ക് അളക്കുവാനും മനസിലാക്കുവാനും കഴിയണം. തീവ്ര ഹിന്ദുത്വം പറയുന്ന സംല പരിവാറിനെ അതെ രാഷ്ട്രീയത്തിൽ എതിർക്കാൻ മൃദു ഹിന്ദുത്വം പറയുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ല. ഇവിടെ കോൺഗ്രസ് ചെയ്യേണ്ടത് ബഹുസ്വരമായ ഒരു രാഷ്ട്രീയത്തെ ഉയർത്തിക്കാണിക്കുകയാണ്. തീവ്ര മത വർഗീയത സമൂഹത്തിൽ ഉണ്ടാക്കുന്ന നഷ്ടങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. ബിജെപിയുടെ രാഷ്ട്രീയത്തെ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് നിരന്തര നീരീക്ഷണങ്ങളും സംവാദങ്ങളും പാർട്ടിക്കകത്ത് ഉണ്ടാവണം. ബി.ജെ.പി. ഇട്ടുതരുന്ന വിഷയങ്ങളിൽ ചുറ്റിപ്പറ്റി രാഷ്ട്രീയം മുന്നോട്ടു പോകാതെ കോൺഗ്രസിന് സ്വയം വില വ്യവഹാരങ്ങൾ നിർമ്മിക്കാനും രാഷ്ട്രീയത്തെ അതിന്റെ വഴിക്ക് നയിക്കാനും കഴിയണം. ഇക്കാര്യത്തിൽ പലപ്പോഴും രാഹുൽ ഗാന്ധിയുടെ നിലപാടുകൾക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും അത് ഏറ്റെടുക്കാൻ നേതാക്കൾക്കോ പാർട്ടി ഘടകങ്ങൾക്കോ കഴിയാറില്ല. ഗ്രാമങ്ങളിൽ ഇപ്പോഴും കോൺഗ്രസിന് വേരുകൾ ഉണ്ട്. ഒരു തലമുറ ഇപ്പോഴും കോൺഗ്രസിനെ നെഞ്ചേറ്റി നടക്കുന്നുണ്ട്. അവ തിരിച്ചറിയാൻ കോൺഗ്രസ് പ്രവർത്തകർക്ക് കഴിയണം. താഴേ തട്ടിൽ നിന്ന് കോൺഗ്രസ് ഉണരണം. അതിന് നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഒരേ മനസ്സോടെ പ്രവർത്തിക്കാം. കോൺഗ്രസിന്റെ ഭാവി നമ്മുടെയെല്ലാം കൈകളിൽ സുരക്ഷിതമാണ്. ആത്മാർത്ഥമായി പ്രവർത്തിക്കണമെന്ന് മാത്രം.

നൂറ്റി മുപ്പത്തിയെട്ട് വർഷം പിന്നിടുന്ന കോൺഗ്രസിന് ഇനിയും ഭാരതത്തെ നയിക്കാനുള്ള ശേഷിയുണ്ട്. അതിന് ഗ്രാമങ്ങൾ സജീവമാകണം. അതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

 

Print Friendly, PDF & Email

Leave a Comment

More News