നിരാശയിൽ അകപ്പെടാതെ ദൈവാശ്രയത്തിൽ നിലനിൽപ്പാനുള്ള ഇച്ഛാശക്തി വളർത്തിയെടുക്കുവാൻ പുതുവർഷം ഏവർക്കും സാധ്യമാകണം: ബിഷപ് ഡോ. മാർ ഫിലക്സിനോസ്

ന്യൂയോർക്ക്: പുതുവർഷത്തിലേക്ക് പ്രവേശിക്കുന്ന ഏവരും നിരാശയിൽ അകപ്പെടാതെ ദൈവാശ്രയത്തിൽ നിലനിൽപ്പാനുള്ള ഇച്ഛാശക്തി വളർത്തിയെടുക്കുവാൻ സാധ്യമാകണം. ദൈവ കൃപയാലും മനുഷ്യ സ്നേഹത്താലുമാണ് ഇത് സാധ്യമായിത്തീരേണ്ടത്.

2023 വർഷത്തെ വരവേൽക്കുന്ന ഏവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപനും, എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ രക്ഷാധികാരിയുമായ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ്.

ജീവിതം അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം സമാധാനം കാംക്ഷിക്കുന്നുവെങ്കിലും കാറ്റും കോളും നിറഞ്ഞതായ നീറുന്ന ജീവിതാനുഭവങ്ങള്‍ മനുഷ്യനെ അലട്ടുന്ന ഒന്നാണ്. നവവത്സരം ഏപ്രകാരം എന്ന് ചിന്തിക്കുമ്പോള്‍ ദൈവത്തിന്റെ ലോകം ദൈവത്തിന്റെ പരിപാലനയിൽ അയിരിക്കുന്നു എന്നുള്ള നമ്മുടെ വിശ്വാസവും ഈ ലോകത്തെ പുതിയ ഒരു രൂപാന്തര അനുഭവത്തിലേക്ക് നയിപ്പാനുള്ളതായ മനുഷ്യന്റെ പ്രയത്‌നവും വളരെ പ്രാധാന്യമുള്ളതാണ്.

തിന്മയ്ക്ക് പകരം തിന്മ ചെയ്യാതെ ആവോളം നന്മ ചെയ്യുവാനും സ്‌നേഹത്തില്‍ സത്യം സംസാരിപ്പാനും ദൈവവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യനായി തീരുന്നത് ഈ നന്മ പ്രവര്‍ത്തിക്കുന്നതിലൂടെയും സ്‌നേഹത്തില്‍ ജീവിക്കുന്നതിലൂടെയുമാണ്. ഇന്ന് മതത്തിന്റെയും, വര്‍ണ്ണത്തിന്റെയും, വര്‍ഗ്ഗത്തിന്റെയും പേരിൽ ഉളവാകുന്നതായ ഭിന്നതകളും വിദ്വേഷങ്ങളും മനുഷ്യരുടെ ജീവിതക്രമത്തെ തന്നെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ഒന്നായി മാറുന്നു.

ആഗോള കാലാവസ്ഥ വ്യതിയാനത്തില്‍ ഉളവാകുന്ന വിഷമതകള്‍ മനുഷ്യന്‍ ഇന്ന് ഏറെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തെ കാത്തുസൂക്ഷിപ്പാനും സര്‍വ്വ സദാചരങ്ങളിലുമുള്ള ജീവന്‍ നിലനിര്‍ത്തുവാനും മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നതായ ഉത്തരവാദിത്വം ഒരു ദൈവനിയോഗമായി ഏറ്റെടുത്ത് നിര്‍വ്വഹിക്കുമ്പോള്‍ ഈ ലോകം സമാധാനവും ശാന്തിയുമുള്ള ഇടമായി മാറും.

ഐക്യത്തിന്റെ കരുത്ത് തെളിയിച്ച ലോക ഫുട്‌ബോള്‍ കളിക്കാരായ മൊറോക്കോയും, നിശ്ചയദാര്‍ഢ്യത്തിലൂടെ ശത്രുവിനെ തളച്ചു നിര്‍ത്തുന്ന യുക്രെയിനിലെ സൈനീക വ്യൂഹവും ഏവരുടേയും കണ്ണ് തുറപ്പിക്കുന്നതാണ്. സാധ്യതകള്‍ ഉള്ളതായ ഈ ലോകത്തില്‍ ഒന്നായി അര്‍പ്പണബോധത്തോടെ നമ്മുടെ നന്മയെ കണ്ടെത്തി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമ്പോള്‍ ഈ ലോകം സ്വര്‍ഗ്ഗതുല്യമായി മാറും. പുതുവത്സരം ഏവര്‍ക്കും ഈ അനുഭവം പകരട്ടെ എന്ന് ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ് ആശംസിച്ചു.

Print Friendly, PDF & Email

Leave a Comment

More News