ഇന്ത്യൻ-അമേരിക്കൻ ജൂലി മാത്യു അമേരിക്കയില്‍ രണ്ടാം തവണയും ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യൻ-അമേരിക്കൻ ഡെമോക്രാറ്റ് ജൂലി എ മാത്യു തുടർച്ചയായി രണ്ടാം തവണയും ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

തിരുവല്ല സ്വദേശിനിയായ ജൂലി മാത്യു നീലേശ്വരം ഭീമനടിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഫോർട്ട് ബെൻഡ് കൗണ്ടി കോടതിയിലെ മൂന്നാം നമ്പർ ജഡ്‌ജായി നാല് വർഷത്തേക്ക് അവർ തുടരും.

ഈ യാത്രയിൽ തന്നെ പിന്തുണച്ചവർക്കും പ്രവര്‍ത്തകര്‍ക്കും വോട്ടർമാർക്കും താന്‍ നന്ദിയുള്ളവളായിരിക്കുമെന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ജൂലി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നീലേശ്വരം ഭീമനടി സ്വദേശിയായ ജിമ്മി മാത്യുവാണ് ഭർത്താവ്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച ജൂലി മാത്യു 123,116 വോടുകൾക്കാണ് റിപബ്ലിക്കന്‍ സ്ഥാനാർഥിയായ ആൻഡ്രൂ ഡോൺബർഗിനെ പരാജയപ്പെടുത്തിയത്. ഫോര്‍ട്ട് ബെന്‍ഡ് കോടതി ബെഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇൻഡ്യൻ-അമേരിക്കന്‍ൻ വംശജയായി കഴിഞ്ഞ തവണ ജൂലി ചരിത്രം കുറിച്ചിരുന്നു.

തനിക്ക് മികച്ച വർഷമായി മാറുകയാണെന്ന് ജൂലി പറയുന്നു. പദവിയിലെത്താനായത് പ്രത്യേകിച്ച് ഇൻഡ്യക്കാരിലും ഏഷ്യൻ വംശജരിലും ഇത്തരം പദവികളിൽ എത്താമെന്ന ആത്മവിശ്വാസം പകരുമെന്നും അവർ കൂട്ടിച്ചേർത്തു.

ക്രിമിനൽ, സിവിൽ വിഷയങ്ങളിൽ 15 വർഷം അഭിഭാഷകയായി പ്രവർത്തിച്ചിരുന്നതിന്റെ അനുഭവുമായാണ് ഉത്തരവാദപ്പെട്ട പദവിയിലെത്തിയത്. ജുവനൈൽ ഇന്റർവെൻഷൻ ആൻഡ് മെന്റൽ ഹെൽത്ത് കോടതിയുടെ തലപ്പത്തെത്തിയ ആദ്യ വ്യക്തി കൂടിയാണ് ഇവർ.

തിരുവല്ല വെണ്ണിക്കുളം സ്വദേശി തോമസ് ഡാനിയൽ – സൂസമ്മ ദമ്പതികളുടെ മകളായ ജൂലി 1980ലാണ് സഹോദരൻ ജോൺസണൊപ്പം അമേരിക്കയിലെത്തുന്നത്. ഫിലഡൽഫിയയിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പെൻസ്റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് അണ്ടർ ഗ്രാജുവേറ്റ് ബിരുദം നേടി. പെൻ സ്റ്റേറ്റ് സർവ്വകലാശാല, ഡെലവേര്‍ ലോ സ്‌കൂൾ, നെതര്‍‌ലന്‍ഡ്സിലെ ലൈഡന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി. തുടർന്ന് 15 വർഷം അറ്റോർണിയായി പ്രവർത്തിച്ചു.

2018 ലാണ് ജൂലി ആദ്യമായി ജഡ്ജിയാകുന്നത്. അറ്റോർണിയായി പ്രവർത്തിച്ച കാലയളവിലെ മികവും മത്സരപരീക്ഷകളിലെ സ്‌കോറുമാണ് ജൂലിയെ ഈ സ്ഥാനത്തെത്തിച്ചത്.

കോടതികൾ സാധാരണക്കാർക്കു വേണ്ടിയാവട്ടെ എന്നതാണ് ജൂലിയുടെ മുദ്രാവാക്യം. കഴിഞ്ഞ കാലങ്ങളിലെ ജൂലിയുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നുവെന്നതും ഇത്തവണ അനുകൂല ഘടകമായി. കോവിഡ് കാലത്ത് പ്രതിശ്രുത വധു വിസയിലെത്തി വിവാഹം നടത്താൻ കഴിയാതെ തിരിച്ചുപോകേണ്ടിവരുമായിരുന്ന മലയാളി യുവാവിനു വേണ്ട നിർദ്ദേശങ്ങൾ നല്‍കുകയും, ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി ഓഫിസ് അടഞ്ഞു കിടന്നതിനാൽ തൊട്ടടുത്ത വാർട്ടൻ കൗണ്ടിയിലെ കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വേണ്ട നടപടികൾക്കു ജൂലി മുൻകൈയെടുത്തത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

2021 ജനുവരിയിൽ, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള യുവാക്കളെ സഹായിക്കുന്നതിനായി അവർ ജുവനൈൽ ഇന്റർവെൻഷൻ ആൻഡ് മെന്റൽ ഹെൽത്ത് കോടതി സ്ഥാപിച്ചു.

ഫോർട്ട് ബെൻഡിൽ മലയാളികൾ ഉൾപ്പെടെയുള്ള വലിയൊരു ജനസംഖ്യയുണ്ട്. ഫോർട്ട് ബെൻഡ് കൗണ്ടിയിലെ 28.6 ശതമാനം വിദേശികളും അതിൽ 51 ശതമാനം ഏഷ്യൻ-അമേരിക്കൻ വംശജരുമാണെന്ന് ജൂലി പറയുന്നു.

2022 നവംബർ 8ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ജുഡീഷ്യൽ സ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതൽ ഇന്ത്യൻ-അമേരിക്കക്കാർ മത്സരിച്ചത് ടെക്‌സസ് സംസ്ഥാനത്തിലാണ്.

ജൂലിയെ കൂടാതെ, മറ്റ് രണ്ട് ഡെമോക്രാറ്റുകൾ — ജഡ്ജി കെ.പി. ജോർജ്ജ്, സോണിയ റാഷ് — ഫോർട്ട് ബെൻഡ് കൗണ്ടിയിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

Print Friendly, PDF & Email

Leave a Comment

More News