പ്രവാസി ഭാരതി കേരള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

ദോഹ: ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതി കേരള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ് ക്‌ളബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ആണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.

ഖത്തറില്‍ നിന്നും പി.എന്‍.ബാബുരാജന്‍, ഡോ.ശുക്കൂര്‍ കിനാലൂര്‍, ഡോ. ഷീല ഫിലിപ്പോസ്, ഡോ. മുഹമ്മദുണ്ണി ഒളകര, ജി.ബിനുകുമാര്‍, നാസര്‍ കറുകപ്പാടത്ത് ,അമാനുല്ല വടക്കാങ്ങര എന്നിവര്‍ക്ക് പുരസ്‌കാരം .

ഖത്തറിലെ കൈരളി പ്രതിനിധി, സംസ്‌കൃതി ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് , ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് പി.എന്‍. ബാബുരാജനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങളും മാനുഷിക സേവന മനോഭാവവും കൈമുതലാക്കിയ അദ്ദേഹം ഖത്തറിലെ പൊതുരംഗത്തെ നിറ സാന്നിധ്യമാണ്.

സംരംഭകത്വത്തിന്റെ പുതിയ മാതൃക സമ്മാനിച്ച ദിശാബോധമുള്ള വ്യവസായി എന്ന നിലക്കാണ് അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ.പി.എ.ശുക്കൂര്‍ കിനാലൂരിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഖത്തറില്‍ നിരവധി സംരംഭകരെ തന്നോടൊപ്പം ചേര്‍ത്ത് വളരാന്‍ അവസരം നല്‍കിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യവസായിയാണ് ഡോ.പി.എ.ശുക്കൂര്‍ കിനാലൂര്‍.

ഖത്തര്‍ ആസ്ഥാനമായ അക്കോണ്‍ ഗ്രൂപ്പ് ഹോള്ഡിംഗ്സ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂര്‍ മൂന്ന് പതിറ്റാണ്ടായി പ്രവാസ ലോകത്തെ സംരംഭകനാണ്. ഖത്തറിലും യു.എ.ഇയിലുമുള്ള വിവിധ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ ഇന്ത്യയിലും പല സംരംഭങ്ങളുടേയും അമരക്കാരനായ അദ്ദേഹം സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യവസായിയാണ് .സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലുമുള്ള വേറിട്ട പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ സവിശേഷനാക്കുന്നു.

ഖത്തറില്‍ സൗന്ദര്യ സംരംക്ഷണ രംഗത്തെ ശ്രദ്ധേയ നാമമായ ദോഹ ബ്യൂട്ടി സെന്റര്‍ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് അറിയപ്പെടുന്ന സംരംഭകയും സാമൂഹ്യ പ്രവര്‍ത്തകയുമാണ് . മികച്ച വനിത സംരംഭകയെന്ന നിലക്കും മാതൃകാപരമായ സാമൂഹ്യ സാംസ്‌കാരിക ജനസേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുമാണ് അവരെ പുരസ്‌കാരത്തിന് പരിഗണിച്ചത്.

പുകവലിക്കെതിരെ സന്ധിയില്ലാസമരം നയിക്കുന്ന ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ എന്ന നിലക്കും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വേറിട്ട സേവനങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് ഡോ. മുഹമ്മദുണ്ണി ഒളകരയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. നാലു പതിറ്റാണ്ടിലേറെക്കാലമായി പ്രവാസ ലോകത്തെ കല കായിക സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ഡോ. മുഹമ്മദുണ്ണി ഒളകര ഒരു സംരംഭകന്‍ എന്ന നിലക്കും പൊതു പ്രവര്‍ത്തകന്‍ എന്ന നിലക്കും ശ്രദ്ധേയനാണ്. ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാനായ അദ്ദേഹത്തിന് കീഴില്‍ സാമൂഹ്യ പ്രധാനമായ നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് പ്രവാസ ലോകത്തും ഇന്ത്യയിലും നടന്നത്.

ഖത്തറിലെ ഹില്‍സ് എഞ്ചിനീയറിംഗ് , മീഡിയ പെന്‍ എന്നീ സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറായ ബിനുകുമാര്‍. ജി ഒരു നല്ല സംരംഭകനും സാമൂഹ്യ സാംസ്‌കാരിക കലാപ്രവര്‍ത്തകനുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഖത്തറില്‍ നടക്കാറുള്ള ഇന്റര്‍സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലായ കലാജ്ഞലി ഏറെ പ്രശസ്തമാണ്.

ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ ശ്രദ്ധേയമായ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് ഗള്‍ഫ് മേഖലയിലെ മുതിര്‍ന്ന ട്രാവല്‍ പ്രൊഫഷണലും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് . ഖത്തര്‍, യു.എ.ഇ, സൗദി, ബഹറൈന്‍ എന്നിവിടങ്ങളിലൊക്കെ പ്രവര്‍ത്തിപരിചയമുള്ള അദ്ദേഹത്തെ ടൂറിസം രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് സ്പോക്കണ്‍ അറബിക് പരിശീലന പരിപാടികളിലൂടെ ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങര സ്പോക്കണ്‍ അറബികുമായി ബന്ധപ്പെട്ട ഒരു ഡസനിലധികം കൃതികളുടെ കര്‍ത്താവാണ് . ആയിരക്കണക്കിന് പ്രവാസികളെ അറബി സംസാരിക്കുവാന്‍ പരിശീലിപ്പിച്ച അദ്ദേഹം മലയാളം, അറബി, ഇംഗ്ളീഷ് ഭാഷകളിലായി 82 പുസ്തകങ്ങളുടെ കര്‍ത്താവാണ് . പ്രവാസികളുടെ തൊഴില്‍പരമായ വളര്‍ച്ചക്കനുഗുണമായി അദ്ദേഹം നടത്തിയ സ്പോക്കണ്‍ അറബിക് പരിശീലന പരിപാടികളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ജനുവരി 11 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

സംഘാടകസമിതി ഭാരവാഹികളായ വില്ലറ്റ് കൊറയ, ശശി ആര്‍.നായര്‍, എച്ച്. നൂറു ദീന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News