“ലോക്ക്ഡ് ഇൻ”-ന് പ്രവാസി അവാർഡ്

കൊച്ചി: അമേരിക്കയിലെ സിനിമാ പ്രേമികളുടെ ഇടയിൽ വളെരെയധികം അംഗീകാരവും പ്രശസ്തിയും നേടിയതും ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ചതുമായ മലയാള ചലച്ചിത്രം “ലോക്ക്ഡ് ഇൻ” പ്രവാസി കോൺക്ലേവ് പുരസ്‌കാരത്തിന് അർഹമായി. ജനുവരി 7-ന് കൊച്ചി സാജ് എർത്ത് റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെട്ട വർണ്ണാഭമായ ചടങ്ങിൽ “ലോക്ക്ഡ് ഇൻ” നായകൻ ആൽബിൻ ആന്റോ പ്രവാസി കോൺക്ലേവ് ട്രസ്ററ് ചെയർമാൻ അലക്സ് വിളനിലത്തിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾ ഒത്തുകൂടിയ “പ്രവാസി മീറ്റ്” ചടങ്ങിലാണ് പുരസ്കാരം നൽകിയത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഗൾഫ്, ആസ്‌ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു.

മലയാള ചലച്ചിത്ര രംഗത്ത് വിവിധ രാജ്യങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ വിശദമായി വിശകലനം ചെയ്തതിനു ശേഷമാണ് അവതരണം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും കലാമൂല്യം കൊണ്ടും ഛായാഗ്രഹണം കൊണ്ടും ഉന്നത നിലവാരം പുലർത്തിയിരിക്കുന്ന സിനിമ ആയി “ലോക്ക്ഡ് ഇൻ”-നെ തെരഞ്ഞെടുത്തത്. മുഴുനീളം ആവേശജനകമായ മുഹൂർത്തങ്ങൾ സമ്മാനിച്ച ഒന്നര മണിക്കൂർ നീളുന്ന റൊമാന്റിക് ത്രില്ലെർ ആയ ഈ സിനിമ കേരളത്തിൽ അടുത്തകാലത്ത് ഇറങ്ങിയ മറ്റു മുൻനിര സിനിമകളേക്കാൾ നിലവാരം പുലർത്തുന്നു എന്ന് പ്രവാസി മലയാളി ഫോറം സാരഥി സുനു അബ്രഹാം പറഞ്ഞു.

ന്യൂയോർക്കിലുള്ള യുവ കലാകാരനും അനുഗ്രഹീത ഗായകനുമായ ശബരീനാഥ്‌ നായർ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം കൂടാതെ സംഗീത സംവിധാനവും കൂടി നിർവ്വഹിച്ച് ചിട്ടപ്പെടുത്തിയ “ലോക്ക്ഡ് ഇൻ” സിനിമ ന്യൂയോർക്കിലും പരിസരപ്രദേശങ്ങളിലും തീയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയതാണ്. സിനിമാ കണ്ടിറങ്ങിയ ആബാലവൃദ്ധം ജനങ്ങളും ഒന്നടങ്കം “സൂപ്പർ, സൂപ്പർ” എന്ന് പ്രകീർത്തിച്ചത് ഈ സിനിമക്കുള്ള അംഗീകാരമാണ് എന്ന് പ്രവാസി കോൺക്ലേവിന്റെ അവലോകന കമ്മറ്റി അഭിപ്രായപ്പെട്ടു. തിരക്കഥാകൃത്തും സംവിധായകനുമായ ശബരിനാഥ്‌ കമ്മറ്റിയുടെ മുക്തകണ്‌ഠ പ്രശംസക്ക് അർഹനായി. അതിമനോഹരവും ഉദ്വേകജനകവുമായ മുഹൂർത്തനങ്ങൾ അഭ്രപാളികളിൽ പകർത്തിയ ഛായാഗ്രഹകൻ ജോൺ മാർട്ടിൻറെ ചിത്രീകരണവും കമ്മറ്റിയുടെ പ്രത്യേക പ്രശംസക്ക് പാത്രമായി. ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമായി സമ്പൂർണ്ണ ചിത്രീകരണം നടത്തിയ ലോക്ക്ഡ് ഇന്നിലെ പ്രവാസി നടീനടന്മാർ അഭിനയത്തിൽ ഉന്നത നിലവാരം പുലർത്തിയെന്നു കമ്മറ്റി അംഗങ്ങൾ എല്ലാവരും സാക്ഷ്യപ്പെടുത്തി.

മാതൃരാജ്യത്തു നിന്നും ആയിരം കാതം അകലെ ഏഴാംകടലിനക്കരെ ആണെങ്കിലും ഇതുപോലുള്ള കലാകാരന്മാർ ഒത്തു ചേർന്നാൽ മലയാള ചലച്ചിത്രത്തിന് ഇനിയും അത്ഭുതകരമായ സൃഷ്ടികൾ സംഭാവന ചെയ്യാൻ സാധിക്കും എന്ന് അമേരിക്കയിൽ നിന്നും ചടങ്ങിൽ പങ്കെടുത്ത ഫൊക്കാന മുൻ ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്ര പാടിയ മനോഹര ഗാനവും സിനിമയുടെ കലാ മൂല്യം വർധിപ്പിക്കുവാൻ ഇടയായി.

വളരെ പരിമിതമായ സാഹചര്യത്തിൽ പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് ആദ്യമായി ഏറ്റെടുത്ത സംരംഭമായ “ലോക്ക്ഡ് ഇൻ” സിനിമക്ക് ഇത്രയും അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹരിലാൽ നായർ ന്യൂയോർക്കിൽ പറഞ്ഞു. ന്യൂയോർക്ക്, ന്യൂജേഴ്‌സി പ്രദേശത്തുള്ള ഷാജി എഡ്‌വേഡ്‌, ആൽബിൻ ആന്റോ, ഹന്നാ അരീച്ചിറ, സവിത റാവു, സണ്ണി കല്ലൂപ്പാറ, ഷാജി എണ്ണശ്ശേരിൽ, അജിത് കൊച്ചൂസ്, ഹരിലാൽ, എൽദോ തുടങ്ങിയ അഭിനേതാക്കളോടൊപ്പം ഹോളിവുഡ് നടനായ ജോയൽ റാറ്റ്നറും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ അജിത് കൊച്ചൂസാണ്.

പ്രവാസ ലോകത്തു നിന്നും ഉത്ഭവിക്കുന്ന ഇത്തരം കലാമൂല്യം ഉള്ള പ്രവർത്തനങ്ങളെയും സൃഷ്ടികളെയും പ്രവാസികളായ എല്ലാവരും പ്രോത്സാഹിപ്പിക്കുമെന്നും അതിനു വേണ്ട കൈത്താങ്ങൽ നൽകുമെന്നും ചടങ്ങിൽ സംസാരിച്ച കുരിയൻ ചെറിയാൻ (തിരുവല്ല പ്രവാസി അസ്സോസിയേഷൻ), ഹരി നമ്പൂതിരി (വേൾഡ് മലയാളീ കൌൺസിൽ, ഹ്യൂസ്റ്റൺ), എബ്രഹാം ജോൺ (യൂണിയൻ ഓഫ് ജർമ്മൻ മലയാളീ അസ്സോസിയേഷൻ), വർഗ്ഗീസ് മൂലം (ഗ്ലോബൽ മലയാളി കൌൺസിൽ), ഗീത ജോർജ് (വനിത, യു. എസ്. എ) തുടങ്ങിയവർ പ്രസ്താവിച്ചു.

Print Friendly, PDF & Email

Leave a Comment

More News