ഫാമിലി ആന്റ് യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ സിറക്യൂസ്‌ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ സിറക്യൂസ്‌ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു.

കോൺഫറൻസിന്റെ പ്രചരണാർത്ഥം പ്രത്യേക കിക്ക് ഓഫ് മീറ്റിംഗ് ജനുവരി 15 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്നു. ഇടവക വികാരി ഫാ.ഗീവർഗീസ് മാത്യു സ്വാഗതം ആശംസിച്ചു. കോൺഫറൻസ് പ്രദാനം ചെയ്യുന്ന ആത്മീയ പോഷണത്തെക്കുറിച്ച് ഫാ. ഗീവർഗീസ് മാത്യു സംസാരിച്ചു.

ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം പുതുക്കാനും ഭദ്രാസനത്തിലെ മറ്റ് ഇടവകകളിൽ നിന്നുള്ള സഹോദരങ്ങളുമായുള്ള കൂട്ടായ്മ ആസ്വദിക്കാനും കോൺഫറൻസ് മികച്ച അവസരം ഒരുക്കുമെന്ന് അച്ചൻ ഓർമിപ്പിച്ചു.

ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സവിശേഷതകളെക്കുറിച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ
പെരുമാൾ സംസാരിച്ചു. 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) കോൺഫറൻസ് നടക്കും.

യൂറോപ്പ്/ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. വികാരി ഫാ. ഗീവർഗീസ് മാത്യു ഇടവകയുടെ സ്പോൺസർഷിപ്പ് ചെക്ക് കൈമാറി.

പ്ലാറ്റിനം സ്പോൺസർ ചെക്ക് പി.സി. പെരുമാളും കുടുംബവും കൈമാറി. വിജു മാത്യൂസ്, ജോസഫ് കാപ്പിൽ എന്നിവരും സ്‌പോൺസർഷിപ്പോടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

ഭദ്രാസനത്തിലെ ഏറ്റവും ചെറിയ ഇടവകകളിൽ ഒന്നാണ് സിറക്യൂസ്‌ ഇടവകയെങ്കിലും, ഭദ്രാസന സംരംഭങ്ങൾക്ക് സജീവമായ പങ്കാളിത്തവും മാതൃകാപരമായ പിന്തുണയും നൽകുന്നത് സ്മരണീയമാണ്‌.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. സണ്ണി ജോസഫ് 718 608 5583, ചെറിയാൻ പെരുമാൾ 516 439 9087.

Print Friendly, PDF & Email

Leave a Comment

More News